ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ നാലാം മത്സരത്തില്‍ ടോസ് വിജയിച്ച് ഇംഗ്ലണ്ട്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നേടിയ ആതിഥേയര്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകള്‍ അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 2-1ന് മുമ്പിലാണ്.
ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം മത്സരത്തില്‍ നിന്നും നിരവധി മാറ്റങ്ങളുമായാണ് ഇന്ത്യ മാഞ്ചസ്റ്റര്‍ ടെസ്റ്റിനിറങ്ങിയിരിക്കുന്നത്. കരുണ്‍ നായരിന് പകരം സായ് സുദര്‍ശന്‍ ടീമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ സന്ദര്‍ശകര്‍ അന്‍ഷുല്‍ കാംബോജിന് അരങ്ങേറ്റവും നല്‍കി. ടെസ്റ്റില്‍ ഇന്ത്യയ്ക്കായി കളത്തിലിറങ്ങുന്ന 318ാം താരമാണ് അന്‍ഷുല്‍ കാംബോജ്.
Test Cap number 3⃣1⃣8⃣ 🙌
Congratulations to Anshul Kamboj, who is all set to make his international Debut! 👏👏
സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഷര്‍ദുല്‍ താക്കൂറും മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ ഭാഗമാണ്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരത്തിലും ഇന്ത്യ താക്കൂറിന് അവസരം നല്‍കിയിരുന്നില്ല. നിര്‍ണായക ഘട്ടങ്ങളില്‍ തിളങ്ങുന്ന ലോര്‍ഡ് താക്കൂറിന്റെ പ്രകടനം ഇത്തവണയും ഇന്ത്യയ്ക്ക് തുണയാകുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
ജസ്പ്രീത് ബുംറ ടീമിന്റെ ഭാഗമാണ് എന്നതാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് ഒരേസമയം ആവേശവും ആശ്വാസവും നല്‍കുന്നത്. പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ മാത്രമേ കളിക്കൂ എന്ന് നേരത്തെ അറിയിച്ച ബുംറ നിര്‍ണായകമായ നാലാം മത്സരത്തില്‍ ടീമിനൊപ്പമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കിയത്.
മാഞ്ചസ്റ്ററില്‍ നേടുന്നത് സമനിലയാണെങ്കില്‍ പോലും പരമ്പര നേടാനുള്ള ഇന്ത്യയുടെ മോഹം അവസാനിക്കും. ഇക്കാരണത്താല്‍ തന്നെ വിജയം മാത്രമാണ് ഗില്ലും സംഘവും ലക്ഷ്യമിടുന്നത്.
എട്ട് വര്‍ഷത്തിന് ശേഷം അന്താരാഷ്ട്ര ടെസ്റ്റിലേക്ക് തിരിച്ചെത്തിയ ലിയാം ഡോവ്‌സണാണ് ഇംഗ്ലണ്ട് നിരയിലെ പ്രധാന മാറ്റം. സൂപ്പര്‍ സ്പിന്നര്‍ ഷോയ്ബ് ബഷീറിന് പകരക്കാരനായാണ് ഡോവ്‌സണ്‍ ടീമിന്റെ ഭാഗമായിരിക്കുന്നത്.