ലക്ഷ്യം ജയമില്ലാത്ത മണ്ണിലെ ജയം? ചരിത്രമാവര്‍ത്തിക്കാന്‍ ഗില്ലിന്റെ ഇന്ത്യ
Sports News
ലക്ഷ്യം ജയമില്ലാത്ത മണ്ണിലെ ജയം? ചരിത്രമാവര്‍ത്തിക്കാന്‍ ഗില്ലിന്റെ ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 19th July 2025, 7:18 am

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ നാലാം ടെസ്റ്റ് മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ജൂലൈ 23 മുതല്‍ 27 വരെ നടക്കുന്ന മത്സരത്തിന് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദിയാകുന്നത്.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ ആതിഥേയരാണ് ലീഡെടുത്തിരിക്കുന്നത്. ലീഡ്‌സില്‍ നടന്ന ആദ്യ മത്സരത്തിലും ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം മത്സരത്തിലുമാണ് ഇംഗ്ലണ്ട് വിജയിച്ചുകയറിയത്. അതേസമയം, ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയും വിജയിച്ചു.

 

ചരിത്രത്തിലാദ്യമായാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണില്‍ വിജയിക്കുന്നത്. ആദ്യ വിജയം തന്നെ ഇതിഹാസ തുല്യമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. ആദ്യ ഇന്നിങ്‌സില്‍ ഇരട്ട സഞ്ച്വറിയും രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറിയും നേടിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ കരുത്തില്‍ 336 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്.

എഡ്ജ്ബാസ്റ്റണിലേതെന്ന പോലെ ഇന്ത്യയ്ക്ക് ഇതുവരെ വിജയിക്കാന്‍ സാധിക്കാത്ത വേദിയാണ് മാഞ്ചസ്റ്റര്‍. ഈ വേദിയില്‍ ഇന്ത്യ ആകെ ഒമ്പത് മത്സരം കളിച്ചപ്പോള്‍ നാല് പരാജയവും അഞ്ച് സമനിലയുമാണ് സന്ദര്‍ശകര്‍ക്ക് നേരിടേണ്ടി വന്നത്.

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ പ്രകടനം

(വര്‍ഷം – റിസള്‍ട്ട് – മാര്‍ജിന്‍ എന്നീ ക്രമത്തില്‍)

1936 – സമനില

1947 സമനില

1952 തോല്‍വി – ഇന്നിങ്സിനും 207 റണ്‍സിനും

1959 – തോല്‍വി – 171 റണ്‍സ്

1971 – സമനില

1974 തോല്‍വി – 113 റണ്‍സ്

1982 – സമനില

1990 സമനില

2014 തോല്‍വി – ഇന്നിങ്സിനും 54 റണ്‍സിനും

ഓള്‍ഡ് ട്രാഫോര്‍ഡ്

 

2014ല്‍, ഇന്ത്യ ഒടുവില്‍ മാഞ്ചസ്റ്ററില്‍ കളത്തിലിറങ്ങിയപ്പോള്‍ ബൗളര്‍മാരുടെ കരുത്തിലാണ് ഇംഗ്ലണ്ട് വിജയിച്ചത്. ആദ്യ ഇന്നിങ്സില്‍ ത്രീ ലയണ്‍സ് ഇന്ത്യയെ വെറും 152 റണ്‍സിന് പുറത്താക്കി. സ്റ്റുവര്‍ട്ട് ബ്രോഡ് ആറ് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ മൂന്ന് വിക്കറ്റും നേടി. ക്രിസ് ജോര്‍ദനാണ് ശേഷിച്ച വിക്കറ്റെടുത്തത്.

ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ജോ റൂട്ട്, ജോസ് ബട്‌ലര്‍, ഇയാന്‍ ബെല്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ കരുത്തില്‍ 367/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു.

ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്സിലും അടിതെറ്റി. 161 റണ്‍സിന് ടീം പുറത്തായി. 56 പന്തില്‍ 46 റണ്‍സ് നേടിയ ആര്‍. അശ്വിനാണ് ടോപ് സ്‌കോറര്‍.

ഇംഗ്ലണ്ടിനായി മോയിന്‍ അലി നാല് വിക്കറ്റെടുത്തപ്പോള്‍ ആന്‍ഡേഴ്സണും ജോര്‍ദനും രണ്ട് വിക്കറ്റ് വീതം നേടി. ഭുവനേശ്വര്‍ കുമാര്‍ റണ്‍ ഔട്ടായപ്പോള്‍ ക്രിസ് വോക്സ് ശേഷിച്ച വിക്കറ്റും സ്വന്തമാക്കി.

ഒരിക്കല്‍ പോലും ജയിക്കാന്‍ സാധിക്കാത്ത മാഞ്ചസ്റ്ററിലേക്കിറങ്ങുമ്പോള്‍ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ് സമ്മാനിച്ച ആത്മവിശ്വാസം തന്നെയാകും ഇന്ത്യയുടെ മനസിലുണ്ടാവുക. ഇതുവരെ വിജയിക്കാന്‍ സാധിക്കാതെ പോയ എഡ്ജ്ബാസ്റ്റണില്‍ ചരിത്ര വിജയം നേടിയ ഇന്ത്യ ഓള്‍ഡ് ട്രാഫോര്‍ഡിലും ആ നേട്ടം ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

Content Highlight: IND vs ENG: 4th Test: India never won a Test at Manchester