പന്തിനെ വെട്ടി സാക്ഷാല്‍ റിഷബ് പന്ത്; ചരിത്രനേട്ടത്തില്‍ വൈസ് ക്യാപ്റ്റന്‍
Sports News
പന്തിനെ വെട്ടി സാക്ഷാല്‍ റിഷബ് പന്ത്; ചരിത്രനേട്ടത്തില്‍ വൈസ് ക്യാപ്റ്റന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 12th July 2025, 7:38 am
2018ല്‍ തന്റെ പേരില്‍ തന്നെ കുറിക്കപ്പെട്ട റെക്കോഡ് തകര്‍ത്താണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ഇപ്പോള്‍ പുതിയ ചരിത്രമെഴുതിയിരിക്കുന്നത്.

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ മൂന്നാം മത്സരം ലോര്‍ഡ്‌സില്‍ തുടരുകയാണ്. മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്.

സ്‌കോര്‍ (രണ്ടാം ദിവസം അവസാനിക്കുമ്പോള്‍)

ഇംഗ്ലണ്ട്: 387

ഇന്ത്യ: 145/3 (43)

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഓവറില്‍ തന്നെ യശസ്വി ജെയ്‌സ്വാളിനെ നഷ്ടമായിരുന്നു. എട്ട് പന്തില്‍ 13 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. നാല് വര്‍ഷത്തിന് ശേഷം ടെസ്റ്റിലേക്ക് മടങ്ങിയെത്തിയ ജോഫ്രാ ആര്‍ച്ചറാണ് ഇന്ത്യയുടെ ആദ്യ രക്തം ചിന്തിയത്.

വണ്‍ ഡൗണായെത്തിയ കരുണ്‍ നായര്‍ 62 പന്ത് നേരിട്ട് 40 റണ്‍സും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 44 പന്തില്‍ 16 റണ്‍സുമായി പുറത്തായി. 113 പന്ത് നേരിട്ട് 53 റണ്‍സുമായി കെ.എല്‍. രാഹുലും 33 പന്തില്‍ 19 റണ്‍സുമായി റിഷബ് പന്തുമാണ് ക്രീസില്‍.

രണ്ടാം ദിവസം ഒരു മികച്ച റെക്കോഡും റിഷബ് പന്ത് സ്വന്തമാക്കി. സേന രാജ്യങ്ങള്‍ക്കെതിരായ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് പന്ത് സ്വന്തമാക്കിയത്. ഈ പരമ്പരയില്‍ ഇനിയും മത്സരങ്ങള്‍ ബാക്കിയുണ്ടെന്നിരിക്കവെയാണ് പന്തിന്റെ തേരോട്ടം.

2018ല്‍ തന്റെ പേരില്‍ തന്നെ കുറിക്കപ്പെട്ട റെക്കോഡ് തകര്‍ത്താണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ഇപ്പോള്‍ പുതിയ ചരിത്രമെഴുതിയിരിക്കുന്നത്.

സേന ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഏഷ്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍

(താരം – എതിരാളികള്‍ – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)

റിഷബ് പന്ത് – ഇംഗ്ലണ്ട് – 352* – 2025*

റിഷബ് പന്ത് – ഓസ്‌ട്രേലിയ – 350 – 2018

എം.എസ്. ധോണി – ഇംഗ്ലണ്ട് – 349 – 2014

റിഷബ് പന്ത് – ഇംഗ്ലണ്ട് – 349 – 2021

ഫാറൂഖ് എന്‍ജിനീയര്‍ – ന്യൂസിലാന്‍ഡ് – 321 – 1968

മത്സരത്തില്‍ സെഞ്ച്വറി നേടിയ ഇംഗ്ലണ്ട് ലെജന്‍ഡ് ജോ റൂട്ടിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 199 പന്ത് നേരിട്ട താരം 104 റണ്‍സ് നേടി. ടെസ്റ്റ് ഫോര്‍മാറ്റില്‍ റൂട്ടിന്റെ 67ാം 50+ സ്‌കോറും 37ാം സെഞ്ച്വറിയുമാണിത്.

അര്‍ധ സെഞ്ച്വറി നേടിയ ബ്രൈഡന്‍ കാര്‍സിന്റെയും ജെയ്മി സ്മിത്തിന്റെയും ഇന്നിങ്‌സുകളും ആതിഥേയര്‍ക്ക് തുണയായി. കാര്‍സ് 83 പന്തില്‍ 56 റണ്‍സ് നേടിയപ്പോള്‍ സ്മിത് 56 പന്തില്‍ 51 റണ്‍സും നേടി. 44 റണ്‍സ് വീതം നേടിയ ബെന്‍ സ്റ്റോക്‌സിന്റെയും ഒലി പോപ്പിന്റെയും പ്രകടനവും ഒന്നാം ഇന്നിങ്‌സ് ടോട്ടലില്‍ നിര്‍ണായകമായി.

251ന് നാല് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിനെ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തില്‍ എറിഞ്ഞിടുകയായിരുന്നു. 74 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് താരം വീഴ്ത്തിയത്. മത്സരത്തിന്റെ ആദ്യ ദിവസം ഹാരി ബ്രൂക്കിനെ മടക്കിയ സൂപ്പര്‍ പേസര്‍ രണ്ടാം ദിവസം ജോ റൂട്ട്, ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സ്, ക്രിസ് വോക്‌സ്, ജോഫ്രാ ആര്‍ച്ചര്‍ എന്നിവരെയും പുറത്താക്കി.

കരിയറിലെ 15ാം അഞ്ച് വിക്കറ്റ് നേട്ടമാണ് ബുംറ ഇംഗ്ലണ്ടിനെതിരെ കുറിച്ചത്. ഇതിനൊപ്പം വിശ്വപ്രസിദ്ധമായ ലോര്‍ഡ്‌സില്‍ ഫൈഫര്‍ നേടിയ താരങ്ങളുടെ എലീറ്റ് ലിസ്റ്റിലും ബുംറ ഇടം കണ്ടെത്തി.

ബുംറയ്ക്ക് പുറമെ മുഹമ്മദ് സിറാജും നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. രവീന്ദ്ര ജഡേജയാണ് ശേഷിച്ച വിക്കറ്റെടുത്തത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്സ്വാള്‍, കെ.എല്‍. രാഹുല്‍, കരുണ്‍ നായര്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്സ്, ബ്രൈഡന്‍ കാര്‍സ്, ജോഫ്രാ ആര്‍ച്ചര്‍, ഷോയ്ബ് ബഷീര്‍.

 

Content highlight: IND vs ENG: 3rd Test: Rishabh Pant shattered his own record