ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ മൂന്നാം മത്സരത്തിനൊരുങ്ങുകയാണ് ഇന്ത്യയും ആതിഥേയരായ ഇംഗ്ലണ്ടും. പരമ്പരിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇരുവരും 1-1ന് ഒപ്പത്തിനൊപ്പമാണ്. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്സാണ് പരമ്പരയിലെ മൂന്നാം മത്സരത്തിന് വേദിയാകുന്നത്.
ആധുനിക ക്രിക്കറ്റിന്റെ പിതാവായ വില്യം ഗില്‍ബെര്‍ട്ട് ഗ്രേസിന്റെ പേരിലുള്ള ഗേറ്റ് കടന്ന് ലോര്‍ഡ്‌സിന്റെ വിശാലയതയിലേക്ക് കാലെടുത്ത് വെക്കുന്ന ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്ലിനെ സംബന്ധിച്ച് ഈ മത്സരം ഏറെ നിര്‍ണായകമാണ്. പരമ്പരയില്‍ ലീഡ് നേടാനുള്ള ഇന്ത്യന്‍ നായകന്റെ ആദ്യ അവസരമാണിത്.
ഇന്ത്യ ഒരിക്കലും വിജയിക്കാത്ത എഡ്ജ്ബാസ്റ്റണ്‍ എന്ന കടമ്പ വിജയകരമായി കടന്ന് ഇംഗ്ലണ്ടിന്റെ അഭിമാനസ്തംഭങ്ങളിലൊന്നായ ലോര്‍ഡ്‌സും കീഴടക്കാന്‍ തന്നെയാകും ശുഭ്മന്‍ ഗില്‍ ഒരുങ്ങുന്നത്.
ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെ മൂന്ന് ക്യാപ്റ്റന്‍മാര്‍ക്ക് മാത്രമാണ് ലോര്‍ഡ്‌സില്‍ വിജയം കണ്ടെത്താന്‍ സാധിച്ചിട്ടുള്ളത്. 1986ല്‍ സാക്ഷാല്‍ കപില്‍ ദേവും 2014ല്‍ എം.എസ്. ധോണിയും 2021ല്‍ വിരാട് കോഹ്‌ലിയും ലോര്‍ഡ്‌സ് കീഴടക്കി. ഈ എലീറ്റ് ലിസ്റ്റിലേക്കാണ് ഗില്‍ കണ്ണുവെക്കുന്നത്.
അതേസമയം, മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് തങ്ങളുടെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളെ കളത്തിലിറക്കാന്‍ ഒരുങ്ങുകയാണ്. നാല് വര്‍ഷവും നാല് മാസവും 14 ദിവസവും നീണ്ട ഇടവേളയ്‌ക്കൊടുവില്‍ സ്റ്റാര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചര്‍ ഇംഗ്ലണ്ടിനായി ചുവന്ന പന്ത് കയ്യിലെടുക്കുകയാണ്.
2021ലാണ് ആര്‍ച്ചര്‍ അവസാനമായി ടെസ്റ്റ് കളിച്ചത്, ഇന്ത്യയില്‍ ഇന്ത്യയ്‌ക്കെതിരെ. അന്ന് അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ അഞ്ച് ഓവര്‍ പന്തെറിഞ്ഞ് ഒരു വിക്കറ്റും താരം നേടി. ആ വിക്കറ്റാകട്ടെ നിലവിലെ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്ലിന്റേതും. 51 പന്തില്‍ 11 റണ്‍സുമായി നില്‍ക്കവെ സാക്ക് ക്രോളിയുടെ കയ്യിലൊതുങ്ങിയാണ് ഗില്‍ പുറത്തായത്.
ടെസ്റ്റ് ഫോര്‍മാറ്റില്‍ മൂന്ന് ഇന്നിങ്‌സുകളിലാണ് ഇരുവരും നേര്‍ക്കുനേര്‍ വന്നത്. മൂന്നില്‍ രണ്ട് തവണയും ആര്‍ച്ചര്‍ ഗില്ലിനെ മടക്കി. ഇംഗ്ലണ്ട് പേസര്‍ക്കെതിരെ ഗില്ലിന് നേടാന്‍ സാധിച്ചതാകട്ടെ 18 റണ്‍സും.
തന്റെ കംബാക്ക് ഗെയ്മില്‍ ഗില്ലിനെ പിടിച്ചുകെട്ടാന്‍ ആര്‍ച്ചറിന് സാധിച്ചാല്‍ അത് ആതിഥേയരെ സംബന്ധിച്ച് ഏറെ ഗുണം ചെയ്യും. ഗില്ലിനെതിരെ ആര്‍ച്ചര്‍ പുറത്തെടുക്കാന്‍ പോകുന്ന തന്ത്രം എന്തുതന്നെയായാലും ഫോമിന്റെ പാരമ്യത്തില്‍ നില്‍ക്കുന്ന ഇന്ത്യന്‍ നായകനെ സമ്മര്‍ദത്തിലേക്ക് തള്ളിയിടാന്‍ പോന്നതായിരിക്കില്ല. ലോര്‍ഡ്‌സിലെ ഇന്ത്യ – ഇംഗ്ലണ്ട് മത്സരം, ഗില്‍ – ആര്‍ച്ചര്‍ പോരാട്ടമാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Content Highlight: IND vs ENG: 3rd Test: Jofra Archer returns to England