23,000 ബോളും 7,000 റണ്‍സും! ഡബിള്‍ റെക്കോഡില്‍ ജോ റൂട്ട്
Sports News
23,000 ബോളും 7,000 റണ്‍സും! ഡബിള്‍ റെക്കോഡില്‍ ജോ റൂട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 11th July 2025, 6:56 am

 

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ മൂന്നാം മത്സരം ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 1-1ന് ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. ലോര്‍ഡ്‌സ് ടെസ്റ്റില്‍ വിജയിച്ച് എതിരാളികള്‍ക്ക് മേല്‍ ആധിപത്യം നേടാനുറച്ചാണ് ഇരു ടീമുകളും കളത്തിലിറങ്ങിയിരിക്കുന്നത്.

മത്സരത്തിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 251 എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിങ് തുടരുന്നത്. സാക്ക് ക്രോളി (43 പന്തില്‍ 18), ബെന്‍ ഡക്കറ്റ് (40 പന്തില്‍ 23), ഒലി പോപ്പ് (104 പന്തില്‍ 44), ഹാരി ബ്രൂക് (20 പന്തില്‍ 11) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ദിവസം ഇംഗ്ലണ്ടിന് നഷ്ടമായത്. 191 പന്തില്‍ 99 റണ്‍സുമായി ജോ റൂട്ടും 102 പന്തില്‍ 39 റണ്‍സുമായി ബെന്‍ സ്റ്റോക്‌സുമാണ് നിലവില്‍ ആതിഥേയര്‍ക്കായി ക്രീസില്‍.

കരിയറിലെ മറ്റൊരു സെഞ്ച്വറിക്ക് വെറും ഒറ്റ റണ്‍സകലെയാണ് ഇംഗ്ലണ്ടിന്റെ ഗോള്‍ഡന്‍ ചൈല്‍ഡ് ബാറ്റിങ് തുടരുന്നത്. നിരവധി റെക്കോഡുകളും ഈ ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞിരുന്നു.

സ്വന്തം തട്ടകത്തില്‍ 7,000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയിലും റൂട്ട് ഇടം നേടി. 99ാം റണ്‍സ് നേടിയതിന് പിന്നാലെയാണ് റൂട്ട് ഈ റെക്കോഡില്‍ ഇടം നേടിയത്. ഇംഗ്ലണ്ട് കണ്ണില്‍ കളിച്ച 143 ഇന്നിങ്‌സില്‍ നിന്നും 55+ ശരാശരിയിലാണ് റൂട്ട് 7000 റണ്‍സ് എന്ന മാജിക്കല്‍ നമ്പറിലെത്തിയത്.

സ്വന്തം തട്ടകത്തില്‍ ഏറ്റവുമധികം ടെസ്റ്റ് റണ്‍സ്

(താരം – ടീം – റണ്‍സ്)

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 7578

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 7216

മഹേല ജയവര്‍ധനെ – ശ്രീലങ്ക – 7167

ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക – 1035

ജോ റൂട്ട് – ഇംഗ്ലണ്ട് – 7000*

റണ്‍സ് നേടിയല്ല, അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിടുന്ന താരങ്ങളുടെ പട്ടികയിലും റൂട്ട് ഇടം നേടി. കരിയറില്‍ 23,000 ഡെലിവെറികള്‍ നേരിട്ട താരം, ഈ റെക്കോഡില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ്.

22,816 പന്തുകളാണ് ലോര്‍ഡ്‌സ് ടെസ്റ്റിന് മുമ്പ് റൂട്ട് നേരിട്ടത്. ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ താരങ്ങളെറിഞ്ഞ 184ാം പന്ത് നേരിട്ടതോടെ 23,000 പന്തുകള്‍ എന്ന നേട്ടത്തിലേക്കും റൂട്ട് എത്തി.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം പന്തുകള്‍ നേരിട്ട താരം

(താരം – ടീം – പന്തുകള്‍)

രാഹുല്‍ ദ്രാവിഡ് – ഇന്ത്യ – 31,258

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 29,437

ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക – 28,903

ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ – വെസ്റ്റ് ഇന്‍ഡീസ് – 27,395

അലന്‍ ബോര്‍ഡര്‍ – ഓസ്‌ട്രേലിയ – 27,002

അലസ്റ്റര്‍ കുക്ക് – ഇംഗ്ലണ്ട് – 26,502

ജോ റൂട്ട് – ഇന്ത്യ – 23,007*

ഈ മത്സരത്തില്‍ ഇനിയുമേറെ റെക്കോഡുകള്‍ റൂട്ടിനെ കാത്തിരിക്കുന്നുണ്ട്. ആ റെക്കോഡുകളിലെത്താന്‍ ഇംഗ്ലണ്ടിന്റെ ഗോള്‍ഡന്‍ ചൈല്‍ഡിന് സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, ബ്രൈഡന്‍ കാര്‍സ്, ജോഫ്രാ ആര്‍ച്ചര്‍, ഷോയ്ബ് ബഷീര്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, കരുണ്‍ നായര്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

 

Content Highlight: IND vs ENG: 3rd Test: Joe Root completed 7,000 Test runs at home