ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ ലോര്‍ഡ്‌സ് ടെസ്റ്റില്‍ പിടിമുറുക്കി ആതിഥേയരായ ഇംഗ്ലണ്ട്. 193 എന്ന താരതമ്യേന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യന്‍ ബാറ്റര്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ മടക്കിയാണ് ഇംഗ്ലണ്ട് ബൗളര്‍മാര്‍ കരുത്ത് കാട്ടിയത്.
വാഷിങ്ടണ്‍ സുന്ദറിന്റെ കരുത്തില്‍ നാലാം ദിനം ഇന്ത്യയുടെ തേരോട്ടമാണ് ലോര്‍ഡ്‌സില്‍ കണ്ടത്. ജോ റൂട്ടും ബെന്‍ സ്‌റ്റോക്‌സും അടക്കമുള്ള നാല് താരങ്ങളെ മടക്കിയ സുന്ദര്‍ ഇംഗ്ലണ്ടിനെ 192ല്‍ തളച്ചിട്ടു. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ബുംറയും സിറാജും തങ്ങളുടെ സ്വാഭാവിക പ്രകടനം പുറത്തെടുത്തു.
രണ്ടാം വിക്കറ്റില്‍ കരുണ്‍ നായരിനെ ഒപ്പം കൂട്ടി കെ.എല്‍. രാഹുല്‍ ഇന്നിങ്‌സ് കെട്ടിപ്പടുത്താനുള്ള ശ്രമം നടത്തി. എന്നാല്‍ ആ കൂട്ടുകെട്ടിനും ആതിഥേയര്‍ ആയുസ് നല്‍കിയില്ല. ടീം സ്‌കോര്‍ 41ല്‍ നില്‍ക്കവെ കരുണ്‍ നായരിനെ മടക്കി ബ്രൈഡന്‍ കാര്‍സ് കൂട്ടുകെട്ട് പൊളിച്ചു. 33 പന്ത് നേരിട്ട് 14 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ (ഒമ്പത് പന്തില്‍ ആറ്) ബ്രൈഡന്‍ കാര്‍സും നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ആകാശ് ദീപിനെ (11 പന്തില്‍ ഒന്ന്) ബെന്‍ സ്റ്റോക്‌സും പുറത്താക്കിയതോടെ ഇന്ത്യ 58/4 എന്ന നിലയില്‍ നാലാം ദിവസം അവസാനിപ്പിച്ചു.
അഞ്ചാം ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടിയേറ്റു. റിഷബ് പന്തിനെ ക്ലീന്‍ ബൗള്‍ഡാക്കി ജോഫ്രാ ആര്‍ച്ചര്‍ ഇന്ത്യയുടെ ആത്മവിശ്വാസം തകര്‍ത്തു. 12 പന്തില്‍ ഒമ്പത് റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.
പിന്നാലെ കെ.എല്‍. രാഹുലിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കി ബെന്‍ സ്റ്റോക്‌സ് ഇന്ത്യയെ കൂടുതല്‍ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടു. 39 റണ്‍സിനാണ് രാഹുല്‍ പുറത്തായത്.
പിന്നാലെ വാഷിങ്ടണ്‍ സുന്ദറിനെ ഒരു കിടിലന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കി ജോഫ്രാ ആര്‍ച്ചര്‍ നാല് വര്‍ഷത്തിന് ശേഷം ടെസ്റ്റിലേക്കുള്ള തന്റെ തിരിച്ചുവരവ് ഗംഭീരമാക്കി.
അതേസമയം, ഇന്ത്യ നൂറ് റണ്‍സ് മാര്‍ക് പിന്നിട്ടിരിക്കുകയാണ്. 34 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 101 എന്ന നിലയിലാണ് ഇന്ത്യ. 36 പന്തില്‍ ആറ് റണ്‍സുമായി നിതീഷ് കുമാര്‍ റെഡ്ഡിയും 36 പന്തില്‍ 14 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. 74 ഓവറില്‍ നിന്നും 92 റണ്‍സാണ് മൂന്ന് വിക്കറ്റ് ശേഷിക്കെ ഇന്ത്യയ്ക്ക് വിജയിക്കാന്‍ ആവശ്യമുള്ളത്.
Content Highlight: IND vs ENG: 3rd Test: India collapse from 41/1 to 87/7