ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം മത്സരത്തില്‍ ടോസ് വിജയിച്ച് ഇന്ത്യ. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ആദ്യം ഫീല്‍ഡ് ചെയ്യും.
പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും വിജയം സ്വന്തമാക്കിയ ഇന്ത്യ സൗരാഷ്ട്രയിലും വിജയം സ്വന്തമാക്കി പരമ്പര നേടാനുള്ള ഒരുക്കത്തിലാണ്.
🚨 Toss Update from Rajkot 🚨#TeamIndia have elected to bowl against England in the 3⃣rd #INDvENG T20I.
അതേസമയം, നിലവില്‍ 2-0ന് പിന്നില്‍ നില്‍ക്കുന്ന ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഈ മത്സരം ഏറെ നിര്‍ണായകമാണ്. പരമ്പര സജീവമാക്കി നിര്‍ത്താന്‍ ജോസ് ബട്‌ലറിനും സംഘത്തിനും ഈ മത്സരം വിജയിച്ചേ മതിയാകൂ.
ചെപ്പോക്കില്‍ നിന്നും ഒരു പ്രധാന മാറ്റവുമായാണ് ഇന്ത്യ മൂന്നാം മത്സരത്തിനിറങ്ങിയിരിക്കുന്നത്. അര്‍ഷ്ദീപ് സിങ്ങിന് പകരം സൂപ്പര്‍ താരം മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമില്‍ ഇടം നേടി. 2023 ലോകകപ്പ് ഫൈനലിന് ശേഷം ഷമി ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കുന്ന ആദ്യ മത്സരം കൂടിയാണിത്.
ആദ്യ രണ്ട് മത്സരത്തിലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ പോയ സൂപ്പര്‍ താരം സഞ്ജു സാംസണും ടീമിന്റെ ഭാഗമാണ്. തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ രാജ്‌കോട്ടില്‍ സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ.
ഈ മത്സരത്തില്‍ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെ മറികടക്കാനുള്ള അവസരവും സഞ്ജുവിന് മുമ്പിലുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ഏറ്റവുമധികം ടി-20 റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയിലാണ് സഞ്ജുവിന് ഗംഭീറിനെ പിന്തള്ളാനുള്ള അവസരം ഒരുങ്ങുന്നത്.
നിലവില്‍ 35 ഇന്നിങ്സില്‍ നിന്നും 27.12 ശരാശരിയില്‍ 841 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. 36 ഇന്നിങ്സില്‍ നിന്നും 932 റണ്‍സാണ് ഗംഭീര്‍ സ്വന്തമാക്കിയത്. 92 റണ്‍സ് കൂടി സ്വന്തമാക്കാന്‍ സാധിച്ചാല്‍ സഞ്ജുവിന് ഗംഭീറിനെ മറികടക്കാന്‍ സാധിക്കും.