ഇന്ത്യ എറിഞ്ഞിട്ടു; ഓവലില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച
Cricket
ഇന്ത്യ എറിഞ്ഞിട്ടു; ഓവലില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 7th September 2018, 11:54 pm

ഓവല്‍: ഇന്ത്യ- ഇംഗ്ലണ്ട് അവസാന ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനം ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. മികച്ച തുടക്കത്തിന് പിന്നാലെ കുക്കും(71), അലിയും(50) അര്‍ദ്ധ സെഞ്ചുറി നേടിയെങ്കിലും ഇശാന്ത് വില്ലനായതോടെ ഇംഗ്ലണ്ടിന് കാലിടറുകയായിരുന്നു. തുടക്കത്തില്‍ റണ്‍ വിട്ടുകൊടുക്കുന്നതില്‍ പിശുകാട്ടിയ ഇന്ത്യന്‍ പേസര്‍മാര്‍ മൂന്നാം സെക്ഷനില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ടിനെ പിഴുതെറിഞ്ഞു.

ഇതോടെ ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റിന് 198 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. ഇന്ത്യക്കായി ഇശാന്ത് മൂന്നും ബൂംറയും ജഡേജയും രണ്ടുവീതം വിക്കറ്റും വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടത് സ്‌കോര്‍ ബോര്‍ഡില്‍ 60 റണ്‍സെത്തിയ ശേഷമാണ്. 23 റണ്‍സെടുത്ത ഓപ്പണര്‍ ജെന്നിങ്‌സിനെ രവീന്ദ്ര ജഡേജ പുറത്താക്കുകയായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കുക്കും മോയിന്‍ അലിയും ഇംഗ്ലണ്ടിനെ മുന്നോട്ടുനയിച്ചു. ഇരുവരും 73 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. ഇംഗ്ലീഷ് ജഴ്സിയില്‍ അവസാന മത്സരത്തിനിറങ്ങിയ കുക്ക് ് ഭേദപ്പെട്ട തുടക്കമാണ് ഇംഗ്ലീഷ് പടയ്ക്ക് നല്‍കിയത്.

പിന്നീട് ക്രീസിലെത്തിയ ജോ റൂട്ട് അതേ ഓവറില്‍ തന്നെ പുറത്തായി. അക്കൗണ്ട് തുറക്കും ഇംഗ്ലീഷ് ക്യാപ്റ്രനെ ബുംറ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ ബെയര്‍സ്റ്റോയും പുറത്തായി. നാല് പന്ത് നേരിട്ട് ഒരൊറ്റ റണ്‍ പോലും കണ്ടെത്താതിരുന്ന ബെയര്‍സ്റ്റോയെ ഇഷാന്ത് ശര്‍മ്മ, റിഷഭ് പന്തിന്റെ കൈയിലെത്തിക്കുകയായിരുന്നു.

എന്നാല്‍ മൊയിന്‍ അലി അര്‍ദ്ധ സെഞ്ചുറി നേടിയത് ഇംഗ്ലണ്ടിന് ആശ്വാസമായി. സാം കുരാനും അക്കൌണ്ട് തുറക്കാതെ ഇശാന്തിന് മുന്നില്‍ വീണു. അവസാന ഓവറുകളില്‍ ഇംഗ്ലണ്ടിന് ഒന്നും ചെയ്യാനായില്ല. നിലവില്‍ ബട്ട്‌ലര്‍ 11 റണ്‍സുമായും റഷീദ് നാല് റണ്‍സെടുത്തും ക്രീസിലുണ്ട്