ചെയ്സ് മാസ്റ്റര്‍ വിരാട് ഇതിഹാസത്തിന് ചെക്ക് വെച്ച് തലപ്പത്ത്
Cricket
ചെയ്സ് മാസ്റ്റര്‍ വിരാട് ഇതിഹാസത്തിന് ചെക്ക് വെച്ച് തലപ്പത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 26th October 2025, 6:59 am

ഓസ്ട്രേലിയക്കെതിരെയുള്ള മൂന്നാം ഏകദിനത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. അവസാനയങ്കത്തില്‍ ഒമ്പത് വിക്കറ്റുകള്‍ക്കാണ് ഗില്ലും സംഘവും ജയിച്ചത്. സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിയുടെയും രോഹിത് ശര്‍മയുടെയും കരുത്തിലാണ് ടീമിന്റെ ആശ്വാസ ജയം

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കങ്കാരുപ്പട 236 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 69 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.

ഓസീസിനെതിരെ അര്‍ധ സെഞ്ച്വറി നേടിയാണ് കോഹ്ലി കരുത്ത് തെളിയിച്ചത്. താരം 81 പന്തില്‍ പുറത്താവാതെ 74 റണ്‍സ് എടുത്തു. ഏഴ് ഫോറുകള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഈ പ്രകടനത്തോടെ ഒരു സൂപ്പര്‍ നേട്ടവും താരം കൈപ്പിടിയിലൊതുക്കി.

ഏകദിനത്തില്‍ റണ്‍ ചെയ്സില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന താരമെന്ന നേട്ടമാണ് കോഹ്ലി സ്വന്തം പേരില്‍ ചേര്‍ത്തിരിക്കുന്നത്. 70 തവണ 50+ സ്‌കോര്‍ സ്വന്തമാക്കിയാണ് താരം മുന്നിലെത്തിയത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടന്നാണ് ഈ നേട്ടം.

ഏകദിന ചെയ്സില്‍ ഏറ്റവും കൂടുതല്‍ 50 + സ്‌കോര്‍ നേടുന്ന താരങ്ങള്‍, ടീം, എണ്ണം

വിരാട് കോഹ്ലി – ഇന്ത്യ – 70

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 69

രോഹിത് ശര്‍മ – ഇന്ത്യ – 55

ജാക്ക് കാലിസ് – സൗത്ത് ആഫ്രിക്ക – 50

വിരാടിന് പുറമെ, രോഹിത്തും മൂന്നാം മത്സരത്തില്‍ സെഞ്ച്വറിയുമായി തിളങ്ങി. താരം 125 പന്തില്‍ പുറത്താവാതെ 121 റണ്‍സ് സ്‌കോര്‍ ചെയ്തു. മൂന്ന് സിക്സും 13 ഫോറുമാണ് താരത്തിന്റെ ഇന്നിങ്സില്‍ പിറന്നത്. ഇവര്‍ക്കൊപ്പം, ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 26 പന്തില്‍ 24 റണ്‍സും സ്വന്തമാക്കി.

നേരത്തെ, ടോസ് നേടിയ ഓസ്‌ട്രേലിയക്കായി മാത്യു റെന്‍ഷോ അര്‍ധ സെഞ്ച്വറിയുമായി മികവ് പുലര്‍ത്തി. താരം 58 പന്തില്‍ രണ്ട് ഫോറടക്കം 56 റണ്‍സാണ് അടിച്ചെടുത്തത്. കൂടാതെ, മിച്ചല്‍ മാര്‍ഷ് (50 പന്തില്‍ 41), മാറ്റ് ഷോട്ട് (41 പന്തില്‍ 30), ട്രാവിസ് ഹെഡ് (29 പന്തില്‍ 25) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

ഇന്ത്യയ്ക്കായി ബൗളിങ്ങില്‍ ഹര്‍ഷിത് റാണ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. താരം നാല് വിക്കറ്റ് നേടിയാണ് ഓസീസിനെ തകര്‍ത്തത്. കൂടാതെ, വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ അക്സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: Virat Kohli surpasses Sachin Tendulkar to become the batter with the most 50+ scores in ODI run chases