വേണ്ടത് വെറും 19 റണ്‍സ്; ധോണിയെ മറികടന്ന് സിംഹാസനം സ്വന്തമാക്കാന്‍ കിങ് കോഹ്‌ലി
Sports News
വേണ്ടത് വെറും 19 റണ്‍സ്; ധോണിയെ മറികടന്ന് സിംഹാസനം സ്വന്തമാക്കാന്‍ കിങ് കോഹ്‌ലി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 22nd October 2025, 12:21 pm

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ഏകദിനത്തിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ആരാധകര്‍. നാളെ (ഒക്ടോബര്‍ 23) അഡ്ലെയ്ഡിലെ ഓവല്‍ സ്റ്റേഡിയത്തിലാണ് ഈ മത്സരം അരങ്ങേറുക. പരമ്പരയില്‍ ഓസ്ട്രേലിയക്ക് ഒപ്പമെത്താന്‍ ഈ മത്സരത്തില്‍ ഇന്ത്യന്‍ ടീമിന് വിജയം അനിവാര്യമാണ്.

ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്. ഓവലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമാകാനുള്ള സുവര്‍ണാവസരമാണ് താരത്തിന് മുമ്പിലുള്ളത്.

ഇതിനായി കോഹ്‌ലിക്ക് വെറും 19 റണ്‍സ് അടിച്ചാല്‍ മാത്രം മതി. നാളത്തെ മത്സരത്തില്‍ ഇത്രയും റണ്‍സ് നേടിയാല്‍ താരത്തിന് മുന്‍ നായകന്‍ എം.എസ് ധോണിയെ പിന്തള്ളാന്‍ സാധിക്കും.

ധോണിക്ക് ഈ സ്റ്റേഡിയത്തില്‍ ആറ് ഇന്നിങ്‌സില്‍ നിന്ന് 262 റണ്‍സാണ് ഉള്ളത്. മൂന്ന് അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് താരം ഇത്രയും റണ്‍സ് സ്‌കോര്‍ ചെയ്തത്. ഇവിടെ 131 ശരാശരിയും മുന്‍ നായകനുണ്ട്.

അതേസമയം, കോഹ്‌ലി ഈ വേദിയില്‍ 244 റണ്‍സ് എടുത്തിട്ടുണ്ട്. നാല് ഇന്നിങ്‌സില്‍ 61 ശരാശരിയില്‍ ബാറ്റ് ചെയ്താണ് താരം ഇത്രയും റണ്‍സ് സ്‌കോര്‍ ചെയ്തത്. കൂടാതെ, വലം കൈയ്യന്‍ താരത്തിന് ഓവലില്‍ രണ്ട് സെഞ്ച്വറികളുമുണ്ട്.

നേരത്തെ, ആദ്യ മത്സരത്തില്‍ ഗില്ലും സംഘവും തോറ്റിരുന്നു. മഴ മൂലം ഓവറുകള്‍ വെട്ടിക്കുറച്ച ഈ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യന്‍ സംഘം വഴങ്ങിയത്.

ഏറെ കാലങ്ങള്‍ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയുമുള്‍പ്പെടെ ടോപ് ഓര്‍ഡര്‍ നിരാശപ്പെടുത്തിയതാണ് ഇന്ത്യന്‍ സംഘത്തിന് വിനയായത്. അതിനാല്‍ തന്നെ അടുത്ത മത്സരത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പം തന്നെ ഈ താരങ്ങളും മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: Ind vs Aus: Virat Kohli needs 19 runs to surpass MS Dhoni in most runs by an Indian at Oval