'സംപൂജ്യൻ', സമ്പൂർണ നിരാശ ; ഇങ്ങനെയൊന്ന് കരിയറിൽ രണ്ടാമത് മാത്രം!
DSport
'സംപൂജ്യൻ', സമ്പൂർണ നിരാശ ; ഇങ്ങനെയൊന്ന് കരിയറിൽ രണ്ടാമത് മാത്രം!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 23rd October 2025, 1:45 pm

ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ രണ്ടാം ഏകദിനത്തിലും തിളങ്ങാനാവാതെ വിരാട് കോഹ്‌ലി. പരമ്പരയിലെ ആദ്യ മത്സരത്തിലേത് പോലെ ഈ മത്സരത്തിലും താരം ഡക്കായാണ് മടങ്ങിയത്. ഏഴാം ഓവറിൽ ബാറ്റിങ്ങിന് എത്തിയ താരം നാല് പന്തുകൾ നേരിട്ട ശേഷം റൺസൊന്നും എടുക്കാതെ മടങ്ങുകയായിരുന്നു. സേവ്യര്‍ ബാര്‍ട്‌ലെറ്റിന് വിക്കറ്റ് നൽകിയാണ് താരം തിരികെ നടന്നത്.

ഈ പരമ്പരയിലെ ഒന്നാം മത്സരത്തിലും കോഹ്ലി ഡക്കായിരുന്നു. പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ എട്ട് പന്തുകള്‍ നേരിട്ടതിന് ശേഷമായിരുന്നു താരത്തിന്റെ മടക്കം. അതോടെ താരം തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ ഡക്കായി. കരിയറില്‍ ഇങ്ങനെ രണ്ടാം തവണ മാത്രമാണ് കോഹ്ലി തുടര്‍ച്ചയായ മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്താവുന്നത്.

2021ലാണ് കോഹ്ലി ആദ്യമായി രണ്ട് മത്സരങ്ങളില്‍ ഡക്കായത്. അന്ന് ഇംഗ്ലണ്ടിനെതിരെയായിരുന്നു ഇങ്ങനെ റണ്‍സൊന്നും എടുക്കാതെ രണ്ട് മത്സരങ്ങളില്‍ തിരികെ നടന്നത്. ആ വര്‍ഷം ആദ്യം ഇംഗ്ലണ്ടുമായി നടന്ന ടെസ്റ്റില്‍ പൂജ്യത്തിന് പുറത്തായി.

പിന്നാലെ അവരുമായുള്ള ടി – 20 പരമ്പരയിലെ ആദ്യ മത്സരത്തിലും താരത്തിന് സ്‌കോര്‍ കണ്ടെത്താനായില്ല. അതിന് ശേഷം തുടര്‍ച്ചയായി ഡക്ക് ഈ വര്‍ഷമാണ്.

ഇതിന് പുറമെ, ഓസ്ട്രേലിയക്ക് എതിരെ രണ്ടാം ഏകദിനത്തിൽ പൂജ്യത്തിന് പുറത്തായതോടെ കരിയറിൽ 40ാം തവണയാണ് ഡക്കാവുന്നത്.


അതേസമയം, മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റിങ് അവസാനിച്ചിട്ടുണ്ട്. ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സാണ് പടുത്തുയര്‍ത്തിയത്. സന്ദര്‍ശകര്‍ക്കായി രോഹിത് ശര്‍മയും ശ്രേയസ് അയ്യരും അര്‍ധ സെഞ്ച്വറികളുമായി തിളങ്ങി. രോഹിത് 97 പന്തില്‍ രണ്ട് സിക്സും ഏഴ് ഫോറും അടക്കം 73 റണ്‍സ് എടുത്തു. അയ്യര്‍ 77 പന്തില്‍ ഏഴ് ഫോറുള്‍പ്പടെ 61 റണ്‍സ് സ്‌കോര്‍ ചെയ്തു.

ഇവര്‍ക്ക് പുറമെ അക്സര്‍ പട്ടേല്‍ 41 പന്തില്‍ 44 റണ്‍സ് സ്വന്തമാക്കി. ഒപ്പം ഹര്‍ഷിത് റാണ (18 പന്തില്‍ 24*), അര്‍ഷ്ദീപ് സിങ് (14 പന്തില്‍ 13) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി.

ഓസ്ട്രേലിയ്ക്കായി ആദം സാംപ നാല് വിക്കറ്റുമായി തിളങ്ങി. കൂടാതെ, സേവ്യര്‍ ബാര്‍ട്ലെറ്റ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റും വീഴ്ത്തി.

Content Highlight: Ind vs Aus: Virat Kohli registered back to back ducks in international cricket for the second time in his career