സൂപ്പര്‍ നേട്ടത്തില്‍ കണ്ണ് വെച്ച് സൂര്യ; ധോണിയെ മറികടക്കാന്‍ സുവര്‍ണാവസരം
Cricket
സൂപ്പര്‍ നേട്ടത്തില്‍ കണ്ണ് വെച്ച് സൂര്യ; ധോണിയെ മറികടക്കാന്‍ സുവര്‍ണാവസരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 29th October 2025, 9:38 am

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടി – 20 പരമ്പരയ്ക്കുള്ള അവസാന ഘട്ട മുന്നൊരുക്കത്തിലാണ് ഇരുടീമുകളും. ഈ പരമ്പരയ്ക്ക് ഇന്ന് കാന്‍ബറയിലെ മാനുക ഓവലില്‍ തുടക്കമാവും. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഏകദിന പരമ്പരയിലെ തോല്‍വിക്ക് കണക്ക് തീര്‍ക്കാനായിരിക്കും കങ്കാരുപ്പടക്കെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ സംഘത്തിന്റെ ലക്ഷ്യം.

ഈ പരമ്പരയ്ക്ക് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിന് മുമ്പിലുള്ളത് ഒരു വമ്പന്‍ നേട്ടം സ്വന്തം പേരില്‍ കുറിക്കാനുള്ള അവസരമാണ്. ടി – 20യില്‍ ഓസ്ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ നാലാം സ്ഥാനത്തേക്ക് ഉയരാനുള്ള അവസരമാണ് ഇന്ത്യന്‍ നായകനുള്ളത്.

ഇതിനായി സൂര്യകുമാര്‍ യാദവിന് 24 റണ്‍സ് നേടിയാല്‍ മതി. നിലവില്‍ താരത്തിന് ഒമ്പത് മത്സരങ്ങളില്‍ നിന്ന് 290 റണ്‍സാണുള്ളത്. ആദ്യ മത്സരത്തില്‍ ഈ റണ്‍സ് നേടാനായാല്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയെയാണ് മറികടക്കാന്‍ സാധിക്കുക.

ധോണിക്ക് കുട്ടി ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ 313 റണ്‍സാണുള്ളത്. 15 മത്സരങ്ങളില്‍ കളിച്ചാണ് താരം ഇത്രയും റണ്‍സ് സ്വന്തം അക്കൗണ്ടിലാക്കിയത്. ഈ പരമ്പരയില്‍ മികച്ച പ്രകടനം നടത്താനായാല്‍ താരത്തിന് ധോണിയെ മാത്രമല്ല, മാറ്റ് താരങ്ങളെയും പിന്തള്ളാന്‍ കഴിയും.

ഓസ്‌ട്രേലിയക്കെതിരെ ടി – 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ വിരാട് കോഹ്ലിയാണ് മുമ്പിലുള്ളത്. താരത്തിന് 794 റണ്‍സുണ്ട്. അതിനാല്‍ തന്നെ താരത്തെ മറികടക്കുക പ്രയാസമായിരിക്കും. എന്നാല്‍, ഈ ലിസ്റ്റില്‍ സൂര്യക്ക് മുമ്പിലുള്ളവരെല്ലാം ഈ ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചവരാണ്. അതിനാല്‍ ബാക്കിയുള്ളവരെ മറികടക്കുക എന്നത് ഒരു വെല്ലുവിളിയല്ല.

ഓസ്ട്രേലിക്കെതിരെ ഏറ്റവും കൂടുതല്‍ ടി – 20 റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍, ഇന്നിങ്സ്, റണ്‍സ്

വിരാട് കോഹ്ലി – 22 – 794

രോഹിത് ശര്‍മ – 20 – 484

ശിഖര്‍ ധവാന്‍ – 13 – 347

എം.എസ്. ധോണി – 15 – 313

സൂര്യകുമാര്‍ യാദവ് – 9 – 290

അതേസമയം, ടി – 20യിലെ സൂര്യയുടെ സമീപകാല ഫോം ആരാധകര്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇന്ത്യ കിരീടം ചൂടിയ ഏഷ്യാ കപ്പില്‍ താരത്തിന് മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സാധിച്ചിരുന്നില്ല. താരം ടൂര്‍ണമെന്റില്‍ ആറ് ഇന്നിങ്‌സില്‍ കളിച്ച് 72 മാത്രമാണ് നേടിയിരുന്നത്. അഞ്ച് മത്സരങ്ങളില്‍ താരം തന്റെ പഴയ ഫോമിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

Content Highlight: Ind vs Aus: Suryakumar Yadav needs 24 runs to surpass MS Dhoni in list of Indian batters of most T20 runs against Australia