12.75 മീറ്റര്‍, പിന്നോട്ടോടി അതിശയിപ്പിച്ച് അയ്യര്‍
Cricket
12.75 മീറ്റര്‍, പിന്നോട്ടോടി അതിശയിപ്പിച്ച് അയ്യര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 25th October 2025, 3:39 pm

ഓസ്ട്രേലിയക്കെതിരെയുള്ള മൂന്നാം ഏകദിനത്തില്‍ സൂപ്പര്‍ ക്യാച്ചുമായി ശ്രേയസ് അയ്യര്‍. വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയെ പുറത്താക്കാന്‍ താരം എടുത്ത ക്യാച്ചാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇതിനായി യാര്‍ഡ് സര്‍ക്കിളിനുള്ളില്‍ നിന്ന് 12.75 മീറ്റര്‍ പിറകോട്ട് ഓടിയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ പന്ത് കൈപിടിയിലൊതുക്കിയത്.

പിന്നാലെ വലിയ പ്രശംസയാണ് ലഭിക്കുന്നത്. ഈ സൂപ്പര്‍ ക്യാച്ചിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ക്യാച്ചിനിടെ ശ്രേയസിന് പരിക്കേല്‍ക്കുന്നതും നിലത്ത് കിടക്കുന്നതും ഈ ദൃശ്യങ്ങളിലുണ്ട്. പിന്നാലെ, ഫിസിയോ വന്ന താരത്തെ ചികിത്സിക്കുന്നതിനും ദൃശ്യങ്ങളില്‍ കാണാം. ഇത് ആരാധകര്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

അതേസമയം, മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ ഒരു വിക്കറ്റിന് 200 റണ്‍സ് എടുത്തിട്ടുണ്ട്. സെഞ്ച്വറി നേടി രോഹിത് ശര്‍മയും അര്‍ധ സെഞ്ച്വറിയുമായി വിരാട് കോഹ്ലിയുമാണ് ക്രീസിലുള്ളത്. രോഹിത് 105 പന്തില്‍ 100 റണ്‍സ് നേടിയപ്പോള്‍ കോഹ്ലി 68 പന്തില്‍ 59 റണ്‍സും സ്വന്തമാക്കിയാണ് ക്രീസിലുള്ളത്.

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. താരം 26 പന്തില്‍ ഒരു സിക്സില്‍ രണ്ട് ഫോറും അടക്കം 24 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്.

നേരത്തെ, ടോസ് നേടിയ ഓസ്‌ട്രേലിയ 46.4 ഓവറില്‍ 236 റണ്‍സിന് പുറത്തായിരുന്നു. ഓസീസ് നിരയില്‍ മാത്യു റെന്‍ഷോ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. താരം 58 പന്തില്‍ രണ്ട് ഫോറടക്കം 56 റണ്‍സാണ് അടിച്ചെടുത്തത്. കൂടാതെ, മിച്ചല്‍ മാര്‍ഷ് (50 പന്തില്‍ 41), മാറ്റ് ഷോട്ട് (41 പന്തില്‍ 30), ട്രാവിസ് ഹെഡ് (29 പന്തില്‍ 25) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

ഇന്ത്യയ്ക്കായി ഹര്‍ഷിത് റാണയാണ് ബൗളിങ്ങില്‍ തിളങ്ങിയത്. താരം നാല് വിക്കറ്റ് നേടിയാണ് ഓസീസിനെ തകര്‍ത്തത്. കൂടാതെ, വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ അക്സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: Ind vs Aus: Shreyas Iyer has taken stunning catch by running behind 12.75 meter in third ODI