ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടി – 20 മത്സരം ഇന്ന് നടക്കും. ഹൊബാര്‍ട്ടിലെ നിന്‍ജ സ്റ്റേഡിയമാണ് മത്സരത്തിന്റെ വേദി. ഓസ്ട്രേലിയയ്ക്ക് ഒപ്പമെത്താന്‍ ഈ മത്സരത്തില്‍ സൂര്യക്കും സംഘത്തിനും വിജയം അനിവാര്യമാണ്. രണ്ടാം മത്സരത്തില്‍ വിജയിച്ച കങ്കാരുക്കള്‍ പരമ്പരയില്‍ 1 – 0ന് മുമ്പിലാണ്.
ഈ മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ രണ്ട് താരങ്ങള്‍ക്ക് അന്താരാഷ്ട്ര ടി – 20യില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ സാധിക്കും. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണും ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയുമാണ് ഈ നാഴികക്കല്ലിനോട് അടുക്കുന്നത്.
ഇതിനായി സഞ്ജുവിന് അഞ്ച് റണ്‍സും അഭിഷേകിന് 64 റണ്‍സുമാണ് വേണ്ടത്. സഞ്ജുവിന് നിലവില്‍ 51 മത്സരങ്ങളിലെ 43 ഇന്നിങ്‌സില്‍ നിന്ന് 995 റണ്‍സാണുള്ളത്. മൂന്ന് വീതം സെഞ്ച്വറിയും ഫിഫ്റ്റിയുമാണ് ഈ ഫോര്‍മാറ്റില്‍ താരത്തിനുള്ളത്.
അതേസമയം, അഭിഷേകിന് 26 മത്സരത്തില്‍ 25 ഇന്നിങ്‌സില്‍ നിന്നായി 936 റണ്‍സാണുള്ളത്. ടി – 20യില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ താരത്തിന് രണ്ട് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയുമുണ്ട്.
ആയിരം റണ്‍സ് നേടുന്നതിനോടൊപ്പം തന്നെ അഭിഷേകിനെ മറ്റൊരു നേട്ടം കൂടി കാത്തിരിക്കുന്നുണ്ട്. മൂന്നാം മത്സരത്തില്‍ 1000 റണ്‍സ് എന്ന മാര്‍ക്ക് പിന്നിടാനായാല്‍ ഇടം കൈയ്യന്‍ ബാറ്റര്‍ക്ക് ഈ നേട്ടത്തില്‍ ഏറ്റവും വേഗത്തില്‍ എത്തുന്ന ഇന്ത്യന്‍ താരമാകാന്‍ സാധിക്കും.
നിലവില്‍ വിരാട് കോഹ്ലിക്കാണ് ഈ റെക്കോഡുള്ളത്. താരം 29 മത്സരങ്ങളിലെ 27 ഇന്നിങ്‌സില്‍ കളിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ഓസീസിനെതിരെ മൂന്നാം ടി – 20യില്‍ 64 റണ്‍സ് കൂടി നേടാനായാല്‍ നേട്ടത്തില്‍ കോഹ്ലിയെ മറികടന്ന് തലപ്പത്തെത്താനാണ് അഭിഷേകിന് സാധിക്കുക.
Content Highlight: Ind vs Aus: Sanju Samson and Abhishek Sharma aiming to complete 1000 runs in T20I Cricket