വമ്പന്‍ നേട്ടം കണ്ണ് വെച്ച് രോഹിത്; തിളങ്ങിയാല്‍ മറികടക്കുക മാസ്റ്റര്‍ ബ്ലാസ്റ്ററെ!
Cricket
വമ്പന്‍ നേട്ടം കണ്ണ് വെച്ച് രോഹിത്; തിളങ്ങിയാല്‍ മറികടക്കുക മാസ്റ്റര്‍ ബ്ലാസ്റ്ററെ!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 25th October 2025, 7:19 am

ഓസ്‌ട്രേലിയക്കെതിരെയുള്ള അവസാന ഏകദിന മത്സരത്തിനായി ബാക്കിയുള്ളത് ഇനി മണിക്കൂറുകള്‍ മാത്രമാണ്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മൂന്നാം ഏകദിനം അരങ്ങേറുക. നിലവില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് കങ്കാരുപ്പടക്കെതിരെ ഇറങ്ങുമ്പോള്‍ സന്ദര്‍ശകരുടെ ലക്ഷ്യം ആശ്വാസ വിജയമായിരിക്കും.

ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് വമ്പന്‍ നേട്ടമാണ്. ഓസ്ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമാകാനാണ് മുന്‍ ഇന്ത്യന്‍ നായകന് അവസരമുള്ളത്. ഇതിനായി താരത്തിന് ആവശ്യം വെറും 82 റണ്‍സ് മാത്രമാണ്.

നിലവില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഈ ലിസ്റ്റില്‍ മുന്നിലുള്ളത്. താരത്തിന് ഓസ്ട്രേലിയയില്‍ 1491 റണ്‍സുണ്ട്. 47 മത്സരങ്ങളില്‍ കളിച്ചാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ തലപ്പത്തെത്തിയത്.

മൂന്നാം മത്സരത്തില്‍ 82 റണ്‍സ് നേടിയാല്‍ താരത്തെ മറികടന്ന് മുന്നിലെത്താനാണ് രോഹിത്തിന് സാധിക്കുക. ഓസ്ട്രേലിയയില്‍ 32 മത്സരങ്ങള്‍ കളിച്ച ഇന്ത്യന്‍ ഓപ്പണര്‍ക്ക് 1408 റണ്‍സുണ്ട്. കഴിഞ്ഞ മത്സരത്തിലെ പ്രകടനം ഈ മത്സരത്തിലും കാഴ്ച്ച വെക്കാന്‍ രോഹിത്തിന് സാധിച്ചാല്‍ തീര്‍ച്ചയായും ഈ റെക്കോഡും തന്റെ പേരിലാക്കുമെന്ന് ഉറപ്പ്.

നേരത്തെ, പരമ്പരയിലെ ഒന്നാം മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും രോഹിത് അര്‍ധ സെഞ്ച്വറി സ്വന്തമാക്കി ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു.

അതിനാല്‍ തന്നെ ഈ മത്സരത്തിലും താരം മികച്ച ബാറ്റിങ് പുറത്തെടുക്കുമെന്ന് തന്നെയാണ് ആരാധകരുടെ വിശാസം. കൂടാതെ, സിഡ്നിയില്‍ ഇന്ത്യന്‍ താരത്തിന് മികച്ച ട്രാക്ക് റെക്കോഡുമുണ്ട്. ഇതും പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.

രോഹിത്തിനൊപ്പം, സൂപ്പര്‍ താരം വിരാട് കോഹ്ലിയും ഫോമിലേക്ക് തിരിച്ചെത്താനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കളത്തില്‍ എത്തിയ താരം നിരാശപ്പെടുത്തിയിരുന്നു.

ആദ്യ രണ്ട് മത്സരത്തില്‍ താരം റണ്‍സൊന്നും നേടാതെ മടങ്ങിയിരുന്നു. ഇക്കാരണങ്ങളാല്‍ തന്നെ ഇരുവരുമായിരിക്കും ഇന്നത്തെ മത്സരത്തിന്റെ ശ്രദ്ധാ കേന്ദ്രം.

Content Highlight: Ind vs Aus: Rohit Sharma needs 82 runs to surpass Sachin Tendulkar to become Indian player to  score  most ODI runs scored in Australia