ഇന്ത്യയ്ക്ക് ഈ മത്സരത്തില്‍ ഒരു പോസിറ്റീവുമില്ല: അശ്വിന്‍
Sports News
ഇന്ത്യയ്ക്ക് ഈ മത്സരത്തില്‍ ഒരു പോസിറ്റീവുമില്ല: അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 20th October 2025, 8:41 pm

ഓസ്ട്രേലിയക്ക് എതിരെയുള്ള ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് പറയാന്‍ ഒരു പോസിറ്റീവ് പോലുമില്ലെന്ന് സ്പിന്‍ ഇതിഹാസം ആര്‍. അശ്വിന്‍. നിതീഷ് കുമാര്‍ റെഡ്ഡിയുടെ ബാറ്റിങ് മാത്രമാണ് മത്സരത്തില്‍ എടുത്ത് പറയാനുള്ളതെന്നും ഫാസ്റ്റ് ബൗളിങ്ങിന് തന്നെ തുടര്‍ന്നും പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍.

‘ഈ മത്സരത്തില്‍ ഇന്ത്യയ്ക്ക് അനുകൂലമായ ഒന്നുമില്ല. അത് ടീമിന് തികച്ചും മോശം ദിവസമായിരുന്നു. നിതീഷ് റെഡ്ഡിയുടെ ബാറ്റിങ് മാത്രമാണ് ചെറിയൊരു പോസിറ്റീവ്. അവന് കൂടുതല്‍ പന്തെറിയാന്‍ അവസരങ്ങള്‍ ലഭിക്കട്ടെ.

ഇന്ത്യ ഇതേ ഫാസ്റ്റ് ബൗളിങ് അറ്റാക്ക് തന്നെ തുടരണമെന്നാണ് ഞാന്‍ കരുതുന്നത്. ചെറിയ സ്‌കോറുള്ള മത്സരങ്ങളെ വെച്ച് നമുക്ക് ബൗളര്‍മാരെ വിലയിരുത്താന്‍ കഴിയില്ല.

പിച്ച് അടുത്ത മത്സരത്തില്‍ വരണ്ടതാണെങ്കില്‍ കുല്‍ദീപ് യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തണം. അതുപോലെ, ഹര്‍ഷിത് റാണ മികച്ച പ്രകടനം നടത്തുന്നില്ലെങ്കില്‍ പ്രസിദ്ധ് കൃഷ്ണയെ ഉപയോഗിക്കാം. ഈ പരമ്പരയില്‍ അവന് അവസരം നല്‍കുന്നത് നല്ലൊരു ഓപ്ഷനായിരിക്കും,’ അശ്വിന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പെര്‍ത്തില്‍ നടന്ന ഒന്നാം ഏകദിനത്തിലാണ് ഇന്ത്യ വഴങ്ങിയത്. ഓസ്‌ട്രേലിയയോട് ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് മെന്‍ ഇന്‍ ബ്ലൂ നേരിട്ടത്. ടോപ് ഓര്‍ഡര്‍ മികച്ച പ്രകടനം നടത്താത്തതും മഴ മൂലം മത്സരത്തില്‍ ഓവറുകള്‍ വെട്ടിച്ചുരുക്കിയതുമാണ് ഗില്ലിനും സംഘത്തിനും വിനയായത്.

ഏറെ കാലത്തിന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും നിരാശപ്പെടുത്തിയപ്പോള്‍ കെ.എല്‍ രാഹുലും അക്സര്‍ പട്ടേലുമാണ് മികച്ച പ്രകടനം നടത്തിയത്. ഒപ്പം അരങ്ങേറ്റം കുറിച്ച നിതീഷ് കുമാര്‍ റെഡ്ഡിയും ഭേദപ്പെട്ട പ്രകടനം നടത്തി. മറ്റാര്‍ക്കും ബാറ്റിങ്ങില്‍ തിളങ്ങാന്‍ കഴിഞ്ഞില്ല.

Content Highlight: Ind vs Aus: R. Ashwin says there is no positive for India in first ODI against Australia