ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ടി – 20 പരമ്പരയ്ക്കാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നാളെ (ഒക്ടോബര്‍ 29) മാനുക ഓവലില്‍ നടക്കുന്ന ആദ്യ മത്സരത്തെയോടെയാണ് പരമ്പരയ്ക്ക് തിരശീലയുയരുക.
നവംബര്‍ എട്ടിന് അവസാനിക്കുന്ന പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഏകദിന പരമ്പരയിലെ തോല്‍വിക്ക് പകരം വീട്ടാനുറച്ചാവും ഇന്ത്യന്‍ സംഘം ഇറങ്ങുക.
ഈ മത്സരത്തിലെ ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍ എന്താവുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥിവ് പട്ടേല്‍ ഒന്നാം മത്സരത്തിനുള്ള പ്ലെയിങ് ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ്.
ഏഷ്യാ കപ്പിലേത് പോലെ അഭിഷേക് ശര്‍മ – ശുഭ്മന്‍ ഗില്‍ സഖ്യമാണ് ഓപ്പണിങ്ങില്‍ എത്തുന്നത്. വണ്‍ ഡൗണായി തിലക് വര്‍മ എത്തുമ്പോള്‍ നാലാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ്. അഞ്ചാം നമ്പറില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ്. താരം തന്നെയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറും.
പിന്നീടുള്ള സ്ഥാനങ്ങള്‍ക്കായി പാര്‍ത്ഥിവ് പട്ടേല്‍ മൂന്ന് ഓള്‍ റൗണ്ടര്‍മായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അക്സര്‍ പട്ടേല്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരാണ് യഥാക്രമം ടീമിലുള്ളത്. രണ്ട് പേസര്‍മാരെയും ഒരു സ്പിന്നറുമാണ് വാലറ്റത്തുള്ളത്.
ഫാസ്റ്റ് ബൗളര്‍മാരായി ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങ്ങുമാണ് ടീമില്‍ ഇടം പിടിച്ചവര്‍. സ്പിന്നറായി കുല്‍ദീപ് യാദവിനെ മറികടന്ന് വരുണ്‍ ചക്രവര്‍ത്തിയുമുണ്ട്.