710 ദിവസങ്ങള്‍!! നിര്‍ഭാഗ്യം വിട്ടൊഴിയാതെ ഇന്ത്യ
Sports News
710 ദിവസങ്ങള്‍!! നിര്‍ഭാഗ്യം വിട്ടൊഴിയാതെ ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 25th October 2025, 11:35 am

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അവസാന ഏകദിനം സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്നു കൊണ്ടിരിക്കുകയാണ്. നിലവില്‍ ആതിഥേയരായ ഓസ്‌ട്രേലിയ ബാറ്റിങ് നടത്തുകയാണ്. ടോസ് നേടിയ കങ്കാരുപ്പട ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ക്യാപ്റ്റന്മാര്‍ മാറിയിട്ടും ടോസ് നഷ്ടമെന്ന നിര്‍ഭാഗ്യം ഇന്ത്യയെ പിന്തുടരുകയാണ്. ഇത് തുടര്‍ച്ചയായ 18ാം തവണയാണ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ടോസ് നഷ്ടമാവുന്നത്. ഇന്ത്യ അവസാനമായി 50 ഓവര്‍ ക്രിക്കറ്റില്‍ ഒരു ടോസ് സ്വന്തമാക്കിയിട്ട് രണ്ട് വര്‍ഷത്തിനടുത്തായി. 710 ദിവസത്തോളമായി മെന്‍ ഇന്‍ ബ്ലൂവിനെ ടോസ് ഭാഗ്യം തുണച്ചിട്ട്.

2023 ഏകദിന ലോകകപ്പിലെ സെമി ഫൈനലിലാണ് ഇന്ത്യന്‍ സംഘം അവസാനമായി ഒരു ടോസ് സ്വന്തമാക്കിയത്. അതിന് ശേഷം ടീമിനെ നയിച്ച രോഹിത് ശര്‍മയ്ക്കോ, കെ.എല്‍. രാഹുലിനോ ഇപ്പോള്‍ ശുഭ്മന്‍ ഗില്ലിനോ ടോസ് നേടാനായിട്ടില്ല.

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ ടോസ് നഷ്ടമായ ടീമുകള്‍, എണ്ണം, കാലയളവ്

18* – ഇന്ത്യ – നവംബര്‍ 19, 23 – പ്രസന്റ്

11 – നെതര്‍ലാന്‍ഡ്സ് – മാര്‍ച്ച് 18, 2011 – ഓഗസ്റ്റ് 13, 2013

9 – ഓസ്‌ട്രേലിയ – നവംബര്‍ 6, 1998 – ജനുവരി 24, 1999

9 – ഇംഗ്ലണ്ട് – ജനുവരി 22, 2017 – മെയ് 29, 2017

9 – ഇംഗ്ലണ്ട് – ജനുവരി 27, 2023 – സെപ്റ്റംബര്‍ 13, 2023

9 – വെസ്റ്റ് ഇന്‍ഡീസ് – ഒക്ടോബര്‍ 13, 2011 – മാര്‍ച്ച് 16, 2012

അതേസമയം, മത്സരത്തില്‍ 36 ഓവറുകള്‍ പിന്നിടുമ്പോള്‍ ഓസീസ് നാല് വിക്കറ്റിന് 195 റണ്‍സെടുത്തിട്ടുണ്ട്. 57 പന്തില്‍ 56 റണ്‍സ് നേടിയ മാറ്റ് റെന്‍ഷായും ഏഴ് പന്തില്‍ അഞ്ച് റണ്‍സെടുത്ത കൂപ്പര്‍ കനോലിയുമാണ് കങ്കാരുക്കള്‍ക്കായി ക്രീസിലുള്ളത്. ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിന്റെയും മാത്യു ഷോര്‍ട്ടിന്റെയും ട്രാവിസ് ഹെഡിന്റെയും അലക്‌സ് കാരിയുടെയും വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്.

മാര്‍ഷ് 50 പന്തില്‍ ഒരു സിക്സും അഞ്ച് ഫോറുമുള്‍പ്പടെ 41 റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ ഷോര്‍ട്ട് 41 പന്തുകള്‍ നേരിട്ട് രണ്ട് ഫോറടക്കം 30 റണ്‍സ് അടിച്ചു. ഹെഡ് 25 പന്തില്‍ ആറ് ഫോറിന്റെ അകമ്പടിയോടെ 29 റണ്‍സ് നേടിയാണ് മടങ്ങിയത്. ഒപ്പം കാരി 37 പന്തില്‍ 24 റണ്‍സും സ്വന്തമാക്കി.

ഇന്ത്യക്കായി അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.

ഓസ്ട്രേലിയന്‍ പ്ലെയിന്‍ ഇലവന്‍

മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, മാത്യു ഷോര്‍ട്ട്, മാറ്റ് റെന്‍ഷാ, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), കൂപ്പര്‍ കനോലി, മിച്ചല്‍ ഓവന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, ജോഷ് ഹേസല്‍വുഡ്, നഥാന്‍ എല്ലിസ്

 

Content Highlight: Ind vs Aus: Indian cricket Team lost toss for 18th consecutive time in ODI