നാലേ നാല് വട്ടം, അതില്‍ രണ്ടും ഇന്ത്യയോട്; നാണക്കേടില്‍ കങ്കാരുപ്പട
Sports News
നാലേ നാല് വട്ടം, അതില്‍ രണ്ടും ഇന്ത്യയോട്; നാണക്കേടില്‍ കങ്കാരുപ്പട
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 7th November 2025, 8:30 am

ഓസ്ട്രേലിയന്‍ പര്യടനത്തിലെ കഴിഞ്ഞ ദിവസം നടന്ന നാലാം ടി – 20യില്‍ ഇന്ത്യന്‍ സംഘം വിജയിച്ചിരുന്നു. ഹെറിറ്റേജ് ബാങ്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 48 റണ്‍സിനാണ് സൂര്യയും സംഘവും ജയം സ്വന്തമാക്കിയത്. ഓള്‍ റൗണ്ടര്‍ മികവ് പുറത്തെടുത്ത അക്സര്‍ പട്ടേലിന്റെ കരുത്തിലാണ് മെന്‍ ഇന്‍ ബ്ലൂവിന്റെ വിജയം. ഇതോടെ ഇന്ത്യ പരമ്പരയില്‍ 2 – 1ന് മുന്നിലെത്തി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് പടുത്തുയര്‍ത്തിയിരുന്നു. ഇത് പിന്തുടര്‍ന്ന ഓസീസ് 119 പുറത്താവുകയായിരുന്നു. ഇങ്ങനെ സ്വന്തം മണ്ണില്‍ ടി – 20 ക്രിക്കറ്റില്‍ ചെയ്സിങ്ങിനിടെ വളരെ വിരളമായേ കങ്കാരുക്കള്‍ ഓള്‍ ഔട്ടായിട്ടുള്ളൂ. ആകെ നാല് തവണ മാത്രമാണ് ഇങ്ങനെ സംഭവിച്ചിട്ടുള്ളത്. അത് രണ്ടും ഇന്ത്യയോടാണ് എന്നതാണ് ശ്രദ്ധേയം.

2016ലാണ് ഓസീസ് മുമ്പ് ഓസ്ട്രേലിയയില്‍ ചെയ്സിങ്ങിനിടെ ഓള്‍ ഔട്ടായത്. അന്ന് അഡ്‌ലൈയ്ഡ് മത്സരത്തിന്റെ വേദി. അതിന് ശേഷം ഇപ്പോള്‍ കരാരയിലാണ് ഇന്ത്യയോട് വീണ്ടും കങ്കാരുപ്പട ഇങ്ങനെ തകര്‍ന്നടിഞ്ഞത്.

ഹോം ടി – 20 ചെയ്സിങ്ങില്‍ ഓസ്‌ട്രേലിയ ഓള്‍ ഔട്ടായ സന്ദര്‍ഭങ്ങള്‍

(സ്‌കോര്‍ – എതിരാളി – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

151 – ഇന്ത്യ – അഡ്‌ലൈയ്ഡ് – 2016

111 – ന്യൂസിലാന്‍ഡ് – സിഡ്നി – 2022

165 – സൗത്ത് ആഫ്രിക്ക – ഡാര്‍വിന്‍ – 2025

119 – ഇന്ത്യ – ഗോള്‍ഡ് കോസ്റ്റ് – 2025

ഇന്ത്യയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് ഓസീസിനെ കുഞ്ഞന്‍ സ്‌കോറില്‍ വീഴ്ത്തിയത്. ഇന്ത്യയ്ക്കായി വാഷിങ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റും ശിവം ദുബെ, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി. അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റും പിഴുതു.

ഓസീസിന് വേണ്ടി ബാറ്റിങ്ങില്‍ തിളങ്ങിയത് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷാണ്. താരം 24 പന്തില്‍ 30 റണ്‍സാണ് നേടിയത്. ഒപ്പം മാറ്റ് ഷോട്ട് 25 റണ്‍സും മാര്‍ക്കസ് സ്റ്റോയിനിസ് 19 പന്തില്‍ 17 റണ്‍സും അടിച്ചു. മറ്റാര്‍ക്കും ബാറ്റിങ്ങില്‍ തിളങ്ങാന്‍ കഴിയാതാണ് ടീമിന് വിനയായത്.

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി ശുഭ്മന്‍ ഗില്‍ മികച്ച ബാറ്റിങ് നടത്തി. താരം 39 പന്തില്‍ നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 46 അടിച്ചു. അഭിഷേക് ശര്‍മ 21 പന്തില്‍ 28 റണ്‍സും ശിവം ദുബെ 18 പന്തില്‍ 22 റണ്‍സും സ്‌കോര്‍ ചെയ്തു. അവസാന ഘട്ടത്തില്‍ അക്‌സര്‍ പട്ടേല്‍ പുറത്താകാതെ നേടിയ 21 റണ്‍സാണ് ടീമിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

ഓസീസിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് നഥാന്‍ എല്ലിസും ആദം സാംപയുമാണ്. ഇരുവരും മൂന്ന് വിക്കറ്റുകള്‍ വീതമാണ് സ്വന്തമാക്കിയത്. സേവിയര്‍ ബാര്‍ട്‌ലറ്റ്, മാര്‍കസ് സ്റ്റോയിനിസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

 

Content Highlight: Ind vs Aus: It is only fourth time Australia getting all out while chasing at home in T2oIs; Two among them is against India