ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയില്‍ നിന്ന് പുറത്തായി ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം കാമറൂണ്‍ ഗ്രീന്‍. പരിക്ക് കാരണമാണ് താരം ഇന്ത്യയ്ക്കെതിരെയുള്ള മൂന്ന് ഏകദിനത്തിനുള്ള ടീമില്‍ നിന്ന് പുറത്തായിരിക്കുന്നത്. താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നും മുന്‍കരുതല്‍ നടപടിയാണെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.
‘ഗ്രീനിന്റെ പരിക്ക് ഗുരുതരമല്ല. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം അദ്ദേഹം ആഷസിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഷെഫീല്‍ഡ് ഷീല്‍ഡിന്റെ മൂന്നാം റൗണ്ടില്‍ കളിക്കും,’ ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രസ്താവനയില്‍ പറഞ്ഞു.
ഏകദിന പരമ്പരക്കായി ഗ്രീനിന്റെ പകരക്കാരനെയും ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍നസ് ലബുഷാനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. താരം 2023ല്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഏകദിന ലോകകപ്പ് നേടിയപ്പോള്‍ ഓസ്ട്രേലിയന്‍ ടീമിന്റെ ഭാഗമായിരുന്നു. ഓസ്ട്രേലിക്കായി 66 ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള താരമാണ്. ഈ മത്സരങ്ങളില്‍ നിന്ന് താരത്തിന് 1871 റണ്‍സും 10 വിക്കറ്റുമുണ്ട്.
സൗത്ത് ആഫ്രിക്കക്കെതിരെ ഈ അടുത്ത് കളിച്ച ഏകദിന പരമ്പരയില്‍ ലബുഷാനും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, ഇതിലെ മോശം പ്രകടനമാണ് താരത്തിന് ഇന്ത്യക്കെതിരെയുള്ള ഏകദിന ടീമില്‍ ആദ്യം ഇടം ലഭിക്കാതിരുന്നതിന് കാരണം.
ഒക്ടോബര്‍ 19 നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ഇതിനായി ഇരു ടീമുകളും നേരത്തെ തന്നെ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരുന്നു.
മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സേവ്യര്‍ ബാര്‍ട്‌ലെറ്റ്, കൂപ്പര്‍ കനോലി, ബെന്‍ ഡ്വാര്‍ഷൂയിസ്, നേഥന്‍ എല്ലിസ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, മാത്യു കുഹ്നെമാന്‍, മാര്‍നസ് ലബുഷാന്‍, മിച്ചല്‍ ഓവന്‍, ജോഷ് ഫിലിപ്പ്, മാത്യു റെന്‍ഷൗ, മാത്യു ഷോര്‍ട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക്.
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), അക്സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്‌സ്വാള്‍
Content Highlight: Ind vs Aus: Cameron Green ruled out from three match ODI series Against India; Marnus Labuschagne named as replacement