ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയില്‍ നിന്ന് പുറത്തായി ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം കാമറൂണ്‍ ഗ്രീന്‍. പരിക്ക് കാരണമാണ് താരം ഇന്ത്യയ്ക്കെതിരെയുള്ള മൂന്ന് ഏകദിനത്തിനുള്ള ടീമില്‍ നിന്ന് പുറത്തായിരിക്കുന്നത്. താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നും മുന്‍കരുതല്‍ നടപടിയാണെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.
‘ഗ്രീനിന്റെ പരിക്ക് ഗുരുതരമല്ല. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം അദ്ദേഹം ആഷസിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഷെഫീല്‍ഡ് ഷീല്‍ഡിന്റെ മൂന്നാം റൗണ്ടില്‍ കളിക്കും,’ ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രസ്താവനയില്‍ പറഞ്ഞു.
ഏകദിന പരമ്പരക്കായി ഗ്രീനിന്റെ പകരക്കാരനെയും ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍നസ് ലബുഷാനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. താരം 2023ല്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഏകദിന ലോകകപ്പ് നേടിയപ്പോള്‍ ഓസ്ട്രേലിയന്‍ ടീമിന്റെ ഭാഗമായിരുന്നു. ഓസ്ട്രേലിക്കായി 66 ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള താരമാണ്. ഈ മത്സരങ്ങളില്‍ നിന്ന് താരത്തിന് 1871 റണ്‍സും 10 വിക്കറ്റുമുണ്ട്.
സൗത്ത് ആഫ്രിക്കക്കെതിരെ ഈ അടുത്ത് കളിച്ച ഏകദിന പരമ്പരയില്‍ ലബുഷാനും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, ഇതിലെ മോശം പ്രകടനമാണ് താരത്തിന് ഇന്ത്യക്കെതിരെയുള്ള ഏകദിന ടീമില്‍ ആദ്യം ഇടം ലഭിക്കാതിരുന്നതിന് കാരണം.