ഇന്ത്യയ്ക്കെതിരെയായ വൈറ്റ് ബോള്‍ സ്‌ക്വാഡില്‍ മാറ്റം വരുത്തി ഓസ്‌ട്രേലിയ. മൂന്നാം ഏകദിനത്തിനും പിന്നാലെയെത്തുന്ന ടി – 20 പരമ്പരയ്ക്കുള്ള ടീമിലാണ് പുതിയ താരങ്ങളെ ഉള്‍പ്പെടുത്തിയത്. ഏകദിന ടീമില്‍ പുതുതായി ഒരു താരത്തെ ഉള്‍പ്പെടുത്തിയപ്പോള്‍ മൂന്ന് താരങ്ങളെയാണ് ടി – 20 പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ ചേര്‍ത്തിട്ടുള്ളത്.
ഗ്ലെന്‍ മാക്സ്വെല്‍, ബെന്‍ ഡ്വാര്‍ഷുയ്സ്, യുവതാരങ്ങളായ ജാക്ക് എഡ്വേര്‍ഡ്‌സ്, മഹ്ലി ബേര്‍ഡ്മാന്‍ എന്നിവരാണ് പുതുതായി ടീമിലെത്തിയത്.
മൂന്നാം ഏകദിനത്തിനായി ന്യൂ സൗത്ത് വെയില്‍സ് ഓള്‍ റൗണ്ടറായ ജാക്ക് എഡ്വേര്‍ഡ്‌സിനെയാണ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത് ആദ്യമായാണ് താരം സീനിയര്‍ ടീമില്‍ ഇടം പിടിക്കുന്നത്. മര്‍നസ് ലബുഷാന് പകരമായാണ് താരത്തിനെ മൂന്നാം ഏകദിനത്തിലുള്ള ടീമില്‍ ഉള്‍പ്പെടുത്തിയത്. ആഷസിന് മുന്നോടിയായി നടക്കുന്ന ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തില്‍ പങ്കെടുക്കന്നതിന് വേണ്ടിയാണ് ലബുഷാനെ റിലീസ് ചെയ്തത്.
മഹ്ലി ബേര്‍ഡ്മാന്‍., ജാക്ക് എഡ്വേര്‍ഡ്‌സ്
കൂടാതെ, ഒന്നാം ഏകദിനത്തില്‍ കളിച്ച മാത്യു കുഹ്നെമാനെയും മൂന്നാം ഏകദിനത്തിനായി ടീമില്‍ ചേര്‍ത്തിട്ടുണ്ട്. താരം ആദം സാംപയ്ക്ക് പകരമായാണ് ആദ്യ മത്സരത്തില്‍ കളിച്ചത്.
ഏകദിന ടീമിന് പുറമെ, അഞ്ച് മത്സരങ്ങളുള്ള ടി – 20 പരമ്പരയ്ക്കുള്ള സ്‌ക്വാഡിലെ മാറ്റമുണ്ട്. അതില്‍ പ്രധാനപ്പെട്ടത് പരിക്കിന്റെ പിടിയിലായിരുന്ന സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ തിരിച്ച് വരവാണ്. കൈതണ്ടയിലെ പൊട്ടല്‍ കാരണം ടീമില്‍ ഇല്ലാതിരുന്ന താരം പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളിലാണ് കളത്തില്‍ ഇറങ്ങുക.
താരത്തിനൊപ്പം ഡ്വാര്‍ഷൂയിസും ടി – 20 ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. അവസാന രണ്ട് മത്സരങ്ങളിലാണ് ബൗളര്‍ കളിക്കുക. കാലിനേറ്റ പരിക്ക് കാരണമായിരുന്നു താരം ആദ്യം ടീമില്‍ ഇടം പിടിക്കാതിരുന്നത്. കൂടാതെ, യുവതാരം മഹ്ലി ബേര്‍ഡ്മാനും ടീമില്‍ എത്തിയിട്ടുണ്ട്.
പുതിയ താരങ്ങള്‍ സ്‌ക്വാഡിലെത്തുമ്പോള്‍ ജോഷ് ഹേസല്‍വുഡ്, സീന്‍ അബോട്ട് എന്നിവര്‍ ടീം വിടും. ഹേസല്‍വുഡ് ആദ്യ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് കളിക്കുക. അതേസമയം, അബോട്ട് മൂന്നാം മത്സരത്തിന് ശേഷമാണ് ടീം വിടുക. ഇരുവരും ഷെഫീല്‍ഡ് ഷീല്‍ഡ് നാലാം റൗണ്ട് മത്സരത്തിനാണ് ടീം വിടുന്നത്.
മൂന്നാം ഏകദിനത്തിനുള്ള ഓസ്ട്രേലിയന്‍ സ്‌ക്വാഡ്
മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), കൂപ്പര്‍ കോണോളി, ജാക്ക് എഡ്വേര്‍ഡ്‌സ്, നഥാന്‍ എല്ലിസ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), മാത്യു കുഹ്നെമാന്‍, മിച്ചല്‍ ഓവന്‍, ജോഷ് ഫിലിപ്പ് (വിക്കറ്റ് കീപ്പര്‍ ), മാറ്റ് റെന്‍ഷാ, മാത്യു ഷോര്‍ട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ