ഇഞ്ചോടിഞ്ച്, മുന്നിൽ ഓസ്‌ട്രേലിയ തന്നെ; ഒപ്പമെത്തുമോ ഇന്ത്യ?
Cricket
ഇഞ്ചോടിഞ്ച്, മുന്നിൽ ഓസ്‌ട്രേലിയ തന്നെ; ഒപ്പമെത്തുമോ ഇന്ത്യ?
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 18th October 2025, 2:57 pm

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന മത്സരങ്ങള്‍ തുടക്കമാവാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. നാളെ (ഒക്ടോബര്‍ 19) പെര്‍ത്തിലെ ആദ്യ ഏകദിനത്തോടെയാണ് ഈ പരമ്പര ആരംഭിക്കുക. ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ശേഷം ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നുവെന്നതാണ് ഈ മത്സരത്തിന്റെ പ്രത്യേകത.

ഒപ്പം, പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് കീഴിയില്‍ ഇന്ത്യ ക്രിക്കറ്റിലെ അതികായരായ ഓസ്ട്രേലിയക്കെതിരെ ഇറങ്ങുന്നുവെന്നതും ഈ മത്സരങ്ങളെ ആവേശത്തിലാക്കുന്നതാണ്. പുതിയ ക്യാപ്റ്റന് ആദ്യ പരീക്ഷണത്തില്‍ തന്നെ വിജയിക്കാന്‍ സാധിക്കുമോയെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

എന്നാല്‍, ഇന്ത്യ – ഓസ്‌ട്രേലിയ ഏകദിന പരമ്പര ചരിത്രമെടുത്താല്‍ ആതിഥേയരായ ഓസ്ട്രേലിയ്ക്കാണ് നേരിയ മുന്‍തൂക്കമുള്ളത്. ഇരു രാജ്യങ്ങളും ഇതുവരെ കളിച്ച 15 പരമ്പരയില്‍ എട്ട് തവണ ഓസ്‌ട്രേലിയ ചാമ്പ്യന്മാരായി. ഏഴ് തവണ ഇന്ത്യയും പരമ്പര സ്വന്തമാക്കി.

ഇരു രാജ്യങ്ങളും 15 പരമ്പരയില്‍ പരസ്പരം ഇറങ്ങിയപ്പോള്‍ 12 തവണ വേദിയായത് ഇന്ത്യയാണ്. അതില്‍ ഇന്ത്യയും ഓസ്ട്രേലിയയും തുല്യമായാണ് പരമ്പര സ്വന്തമാക്കിയത്. എന്നാല്‍, ഓസ്ട്രേലിയയില്‍ അരങ്ങേറിയ മൂന്ന് പരമ്പരയില്‍ രണ്ട് തവണയും വിജയം ആതിഥേയര്‍ക്കായായിരുന്നു.

അന്ന് ഓസ്‌ട്രേലിയ മികച്ച മാര്‍ജിനില്‍ ജയിച്ചാണ് പരമ്പര സ്വന്തമാക്കിയത്. 2016ല്‍ 4- 1ഉം 2020ല്‍ 2-1നുമായിരുന്നു കങ്കാരുക്കളുടെ വിജയം. ഇത്തവണ ഓസ്‌ട്രേലിയയിലാണ് കളിക്കുന്നത് എന്നതിനാല്‍ ഈ കണക്കുകള്‍ ഇന്ത്യയ്ക്ക് വെല്ലുവിളികളാണ്.

അതേസമയം, അവസാനമായി ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യക്കായിരുന്നു ജയം. 2023ല്‍ 2 -1നാണ് സ്വന്തം നാട്ടില്‍ ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഈ പരമ്പര വിജയം ഓസ്ട്രേലിയന്‍ മണ്ണില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കുമെന്ന് ഉറപ്പാണ്.

ഇന്ത്യ – ഓസ്‌ട്രേലിയ ഏകദിന ദ്വിരാഷ്ട്ര പരമ്പര ഫലങ്ങള്‍

(സ്‌കോര്‍ലൈന്‍ – വിജയി – ആതിഥേയര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

3|0 – ഓസ്‌ട്രേലിയ – ഇന്ത്യ – 1984

3|2 – ഇന്ത്യ – ഇന്ത്യ – 1986

3|2 – ഓസ്‌ട്രേലിയ – ഇന്ത്യ – 2001

4|2 – ഓസ്‌ട്രേലിയ – ഇന്ത്യ – 2007

4|2 – ഓസ്‌ട്രേലിയ – ഇന്ത്യ – 2009

1|0 – ഇന്ത്യ – ഇന്ത്യ – 2010

3|2 – ഇന്ത്യ – ഇന്ത്യ – 2013

4|1 – ഓസ്‌ട്രേലിയ – ഓസ്‌ട്രേലിയ – 2016

4|1 – ഇന്ത്യ – ഇന്ത്യ – 2017

2|1 – ഇന്ത്യ – ഓസ്‌ട്രേലിയ – 2019

3|2 – ഓസ്‌ട്രേലിയ – ഇന്ത്യ – 2019

2|1 – ഇന്ത്യ – ഇന്ത്യ – 2020

2|1 – ഓസ്‌ട്രേലിയ – ഓസ്‌ട്രേലിയ – 2020

2|1 – ഓസ്‌ട്രേലിയ – ഇന്ത്യ – 2023

2|1 – ഇന്ത്യ – ഇന്ത്യ – 2023

 

Content Highlight: Ind vs Aus: Australia have most wins against India in bilateral ODI Series