നേരിട്ടത് എട്ട് പന്തുകള്‍ മാത്രം; എന്നിട്ടും ധവാനെ വെട്ടി അഭിഷേകിന്റെ കുതിപ്പ്!
Cricket
നേരിട്ടത് എട്ട് പന്തുകള്‍ മാത്രം; എന്നിട്ടും ധവാനെ വെട്ടി അഭിഷേകിന്റെ കുതിപ്പ്!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 2nd November 2025, 4:15 pm

ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി – 20യില്‍ മറുപടി ബാറ്റിങ്ങില്‍ മികച്ച തുടക്കവുമായി ഇന്ത്യ. ഓസീസ് ഉയര്‍ത്തിയ 187 റണ്‍സ് പിന്തുടരുന്ന സന്ദര്‍ശകര്‍ അഞ്ച് ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ടിന് 62 റണ്‍സ് നേടിയിട്ടുണ്ട്. ഏഴ് പന്തില്‍ 18 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും ഒരു പന്തില്‍ ഒരു റണ്‍സുമായി തിലക് വര്‍മയുമാണ് ക്രീസിലുള്ളത്.

ശുഭ്മന്‍ ഗില്ലും അഭിഷേക് ശര്‍മയുമാണ് തിരികെ നടന്നത്. ഗില്‍ 12 പന്തില്‍ 15 നേടിയാണ് പുറത്തായത്. അതേസമയം, അഭിഷേക് പുറത്തായത് എട്ട് പന്തില്‍ 21 റണ്‍സുമായാണ്. നേരത്തെ പുറത്തായെങ്കിലും ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കിയായിരുന്നു ഇന്ത്യന്‍ ഓപണ്‍റുടെ മടക്കം.

ടി – 20യില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ നേടിയ ഇന്ത്യന്‍ ഓപ്പണര്‍ എന്ന നേട്ടമാണ് അഭിഷേക് സ്വന്തം അക്കൗണ്ടിലാക്കിയത്. താരം ഈ നേട്ടത്തില്‍ തലപ്പത്തെത്തിയത് ശിഖര്‍ ധവാനെ വെട്ടിയാണ്. ധവാന്‍ 2018ല്‍ 689 റണ്‍സ് സ്‌കോര്‍ ചെയ്തായിരുന്നു ഈ റെക്കോര്‍ഡ് കുറിച്ചത്.

ടി – 20യില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ ഓപ്പണര്‍

(റണ്‍സ് – ഇന്നിങ്സ് – താരം – വര്‍ഷം എന്നീ ക്രമത്തില്‍)

705 – 1 – അഭിഷേക് ശര്‍മ – 2025

689 – 17 – ശിഖര്‍ ധവാന്‍ – 2018

649 – 28 – രോഹിത് ശര്‍മ – 2022

590 – 17 – രോഹിത് ശര്‍മ – 2018

നേരത്തെ, ആദ്യ ബാറ്റ് ചെയ്ത കങ്കാരുപ്പട ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തിരുന്നു. ആതിഥേയര്‍ക്കായി ടിം ഡേവിഡും മാര്‍ക്കസ് സ്റ്റോയിനിസും അര്‍ധ സെഞ്ച്വറി നേടി മികവ് പുലര്‍ത്തി. ഡേവിഡ് 38 പന്തില്‍ 74 റണ്‍സ് എടുത്തപ്പോള്‍ സ്റ്റോയിനിസ് 39 പന്തുകള്‍ നേരിട്ട് 74 റണ്‍സ് അടിച്ചു. ഇവര്‍ക്കൊപ്പം മാറ്റ് ഷോര്‍ട്ട് 15 പന്തില്‍ പുറത്താവാതെ 26 റണ്‍സ് നേടി.

ഇന്ത്യയ്ക്കായി ബൗളിങ്ങില്‍ ടീമില്‍ തിരിച്ചെത്തിയ അര്‍ഷ്ദീപ് സിങ് തിളങ്ങി. താരം മൂന്ന് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. വരുണ്‍ ചക്രവര്‍ത്തി രണ്ട് വീഴ്ത്തിയപ്പോള്‍ ശിവം ദുബൈ ഒരു വിക്കറ്റും നേടി.

Content Highlight: Ind vs Aus: Abhishek Sharma registers Most runs for an Indian opener in a calendar year in T20Is by surpassing Shikhar Dhawan