ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടി – 20 പരമ്പരയ്ക്ക് നാളെ (ഒക്ടോബര്‍ 29) തുടക്കമാവും. അഞ്ച് മത്സരങ്ങളുള്ള പരമ്പര നവംബര്‍ എട്ട് വരെയാണ് നടക്കുക. ഏകദിന പരമ്പര നഷ്ടമായ ഇന്ത്യ ടി – 20യില്‍ ഓസീസിനെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാവും ഇറങ്ങുക.
ഇതിന് മുന്നോടിയായി ഇപ്പോള്‍ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായര്‍. അഭിഷേക് ശര്‍മ ഫോമിലായാല്‍ ജോഷ് ഹേസല്‍വുഡ് ഫോം ഔട്ടാവുമെന്നും ഓസ്ട്രേലിയന്‍ ബൗളറെ നേരിടാനുള്ള കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഭിഷേക് ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാനാണ് ആഗ്രഹിക്കുനുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു അഭിഷേക് നായര്‍.
‘അഭിഷേകിന് ഒന്നാം പന്തില്‍ തന്നെ സിക്‌സോ ഫോറോ നേടാന്‍ കഴിയും. പവര്‍പ്ലേയില്‍ എതിരാളിക്ക് മേല്‍ ആധിപത്യം നേടാനായാല്‍ അത് അവസാനം വരെ തുടരാനാകും. ആ രീതിയിലാണ് അഭിഷേക്ക് കളിക്കുന്നത്. അവന്‍ തുടക്കത്തില്‍ തന്നെ 60 മുതല്‍ 80 റണ്‍സ് വരെ റണ്‍സ് ചെയ്യും. അത് മറ്റുള്ളവരുടെ സമ്മര്‍ദം കുറക്കും.
അധിക ബൗണ്‍സ് ലഭിക്കുന്ന ഹേസല്‍വുഡിനെ നേരിടുന്നത് അഭിഷേകിന് നല്ലതാവും. പേസറെ നേരിടാന്‍ അഭിഷേകിന് ആവശ്യമായ പരിചയമുണ്ട്. ഓസ്ട്രേലിയയില്‍ തന്റെ പേര് സൃഷ്ടിക്കാന്‍ അവന്‍ ആഗ്രഹിക്കുന്നു. അവന് അവിടെ ബഹുമാനം സ്വന്തമാക്കാന്‍ അവസരമുണ്ട്. ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാനാവും അവന് ആഗ്രഹിക്കുന്നത്,’ അഭിഷേക് നായര്‍ പറഞ്ഞു.
സൂര്യകുമാര്‍ യാദവിന്റെ കീഴിലാണ് ഇന്ത്യന്‍ സംഘം കങ്കാരുപ്പടക്കെതിരെ ഇറങ്ങുന്നത്. സ്‌ക്വാഡില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും ഇടം നേടിയിട്ടുണ്ട്. ഇതിനാല്‍ തന്നെ ഈ മത്സരം മലയാളി ആരാധകര്‍ വലിയ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.