ഹെഡിന്റെ തലയരിഞ്ഞ് ഗംഭീറിന് മറുപടി; ബെഞ്ചില്‍ നിന്നും ഗ്രൗണ്ടിലേക്കുള്ള വരവ് രാജകീയം
Sports News
ഹെഡിന്റെ തലയരിഞ്ഞ് ഗംഭീറിന് മറുപടി; ബെഞ്ചില്‍ നിന്നും ഗ്രൗണ്ടിലേക്കുള്ള വരവ് രാജകീയം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 2nd November 2025, 2:24 pm

 

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഹൊബാര്‍ട്ടിലെ നിന്‍ജ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനയച്ചു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരം അവസാനിക്കുമ്പോള്‍ ആതിഥേയര്‍ 1-0ന് മുമ്പിലാണ്.

മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ മൂന്നാം മത്സരത്തിനിറങ്ങിയത്. സൂപ്പര്‍ പേസര്‍ അര്‍ഷ്ദീപ് സിങ് പ്ലെയിങ് ഇലവനിലേക്ക് തിരിച്ചെത്തിയതാണ് ടീമിലെ പ്രധാന മാറ്റം. ഷോര്‍ട്ടര്‍ ഷോര്‍മാറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപിന് ടീമില്‍ സ്ഥിര സ്ഥാനം നല്‍കാത്തത് വന്‍ വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു.

പന്തെടുത്ത ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് അര്‍ഷ്ദീപ് കരുത്ത് കാട്ടിയത്. മടക്കിയതാകട്ടെ ഓസീസിന്റെ വമ്പനടിവീരന്‍ ട്രാവിസ് ഹെഡിനെയും.

ഓവറിലെ നാലാം പന്തില്‍ ഹെഡിനെ ക്യാപ്റ്റന്‍ സൂര്യയുടെ കൈകളിലെത്തിച്ചാണ് അര്‍ഷ്ദീപ് പുറത്താക്കിയത്. ഇടംകയ്യന്‍ പേസറുടെ ഗുഡ് ലെങ്ത് ഡെലിവെറിയില്‍ ട്രാവിസ് ഹെഡ് എക്‌സ്ട്രാ കവറില്‍ സൂര്യയുടെ കൈകളിലൊതുങ്ങുകയായിരുന്നു. നാല് പന്തില്‍ ആറ് റണ്‍സ് നേടിയാണ് ഹെഡ് മടങ്ങിയത്.

തന്റെ അടുത്ത ഓവറില്‍ അര്‍ഷ്ദീപ് തന്റെ മാജിക് പുറത്തെടുത്തു. വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസിനെ അക്‌സര്‍ പട്ടേലിന്റെ കൈകളിലെത്തിച്ച് താരം മടക്കി. ഏഴ് പന്തില്‍ ഒരു റണ്‍സ് മാത്രമാണ് ഇംഗ്ലിസിന് നേടാന്‍ സാധിച്ചത്.

നിലവില്‍ ആറ് ഓവര്‍ പിന്നിടുമ്പോള്‍ 43 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് ഓസീസ് ബാറ്റിങ് തുടരുന്നത്. 11 പന്തില്‍ ഒമ്പത് റണ്‍സുമായി ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷും 14 പന്തില്‍ 26 റണ്‍സുമായി ടിം ഡേവിഡുമാണ് ക്രീസില്‍.

ഓസ്‌ട്രേലിയ പ്ലെയിങ് ഇലവന്‍

മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, മിച്ചല്‍ ഓവന്‍, മാര്‍കസ് സ്‌റ്റോയ്‌നിസ്, മാറ്റ് ഷോര്‍ട്ട്, സേവ്യര്‍ ബാര്‍ട്‌ലെറ്റ്, ഷോണ്‍ അബോട്ട്, നഥാന്‍ എല്ലിസ്, മാറ്റ് കുന്‍മാന്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ. ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.

 

Content Highlight: IND vs AUS: 3rd T20: Arshdeep Singh picks wicket in very 1st over