ഇന്ത്യ അണ്ടര്‍ 19 ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാം മത്സരത്തിലും വിജയം സ്വന്തമാക്കി ഇന്ത്യ. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 2-1 എന്ന നിലയില്‍ മുമ്പിലാണ്.
കഴിഞ്ഞ ദിവസം നോര്‍താംപ്ടണില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 269 റണ്‍സിന്റെ വിജയലക്ഷ്യം 33 പന്ത് ശേഷിക്കെ ഇന്ത്യ മറികടന്നു.
വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ടിന്റെ കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 31 പന്ത് നേരിട്ട താരം 86 റണ്‍സടിച്ചാണ് മടങ്ങിയത്. ഒമ്പത് സിക്‌സറും ആറ് ഫോറും അടക്കം 277.42 സ്‌ട്രൈക്ക് റേറ്റിലാണ് വൈഭവ് റണ്ണടിച്ചത്.
