തൃശൂര്‍: കെ.എസ്.യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ നടപടി. വടക്കാഞ്ചേരി എസ്.എച്ച്.ഒ യു.കെ. ഷാജഹാനെ ചുമതലയില്‍ നിന്ന് മാറ്റി. തൃശൂര്‍ സിറ്റി പൊലീസ് പരിധിയില്‍ ഷാജഹാന് പോസ്റ്റിങ് നല്‍കരുതെന്നും നിര്‍ദേശമുണ്ട്.
കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. അടിയന്തിരമായി പൊലീസ് ആസ്ഥാനത്ത് ഹാജരാകാനും നിര്‍ദേശമുണ്ട്. അതേസമയം ഷാജഹാനെ എവിടേക്കാണ് സ്ഥലം മാറ്റിയതെന്നതില്‍ വ്യക്തതയില്ല.
ഷാജഹാനെതിരായ നടപടി മുഖംമൂടി ധരിപ്പിച്ച വിഷയത്തിലാണോ എന്നതിലും വ്യക്തത ലഭിച്ചിട്ടില്ല. സ്ഥലംമാറ്റ ഉത്തരവില്‍ ഇതുസംബന്ധിച്ച പരാമര്‍ശങ്ങളില്ലെന്നാണ് വിവരം. നിലവില്‍ രണ്ട് അച്ചടക്ക നടപടികള്‍ നേരിടുന്ന ഉദ്യോഗസ്ഥനുമാണ് ഷാജഹാന്‍.
ചേലക്കരയിലെ എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷത്തെ തുടര്‍ന്നാണ് കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ഗണേഷ് ആറ്റൂര്‍ അടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്.
കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ മുഖം മൂടി ധരിപ്പിച്ചും കൈവിലങ് അണിയിച്ചുമാണ് കോടതിയില്‍ ഹാജരാക്കിയത്.
കോടതിയില്‍ നിന്ന് പുറത്തിറക്കിയപ്പോഴും മുഖംമൂടി ഊരിമാറ്റാന്‍ പൊലീസ് തയ്യാറായിരുന്നില്ല. കെ.എസ്.യു പ്രവര്‍ത്തകരെ കറുത്ത മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസിനെതിരെ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു.
മോശമായി പെരുമാറിയ ഒരുത്തനും കാക്കിയിട്ട് നടക്കില്ല എന്നായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ വിഷയത്തില്‍ പ്രതികരിച്ചത്.
ഇതിനിടെ എസ്.എച്ച്.ഒ ഷാജഹാന് കോടതി ഷോക്കേസ് നോട്ടീസ് അയക്കുകയും ഇന്ന് (തിങ്കള്‍) കോടതിയില്‍ ഹാജരാകാനും നിര്‍ദേശം നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ഷാജഹാനെ ചുമതലയില്‍ നിന്ന് മാറ്റിയത്.
ഇന്ന് ത്യശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പ് മുടക്കി വിദ്യാഭ്യാസ ബന്ദിനും കെ.എസ്.യു ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.
ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പഠിപ്പ് മുടക്കി സമരത്തോട് സഹകരിക്കണമെന്ന് കെ.എസ്.യു ജില്ല അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂര്‍ അഭ്യര്‍ത്ഥിച്ചു. വിയൂര്‍ സബ് ജയിലില്‍ കഴിയുന്ന പ്രവര്‍ത്തകരെ ഷാഫി പറമ്പില്‍ എം.പി സന്ദര്‍ശിക്കുമെന്നും വിവരമുണ്ട്.
Content Highlight: Incident of KSU leaders being brought to court wearing masks; SHO transferred