ചെന്നൈ: ഹിന്ദു വികാരങ്ങളെ അവഗണിക്കുന്നത് സര്‍ക്കാരിന്റെ പതനത്തിലേക്ക് നയിക്കുമെന്ന് തമിഴ്‌നാട് ബി.ജെ.പി നേതാവ് തമിഴിസൈ സൗന്ദരരാജന്‍.
തിരുപ്രംക്രുണ്ഡ്രം ക്ഷേത്രത്തില്‍ വിളക്ക് തെളിയിക്കാന്‍ അനുവദിക്കാത്ത സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചുകൊണ്ടായിരുന്നു സൗന്ദരരാജന്റെ മുന്നറിയിപ്പ്.
കോടതി ഉത്തരവുകള്‍ ഉണ്ടായിട്ടും അതൊന്നും വകവെയ്ക്കാതെ ക്ഷേത്രത്തതില്‍ വിളക്ക് വെക്കാന്‍ അനുവദിക്കില്ലെന്ന വൈദ്യുതി മന്ത്രി നിര്‍മല്‍ കുമാറിന്റെ നിലപാടിനെ അവര്‍ അപലപിച്ചു.
ഇത് അഹങ്കാരത്തിന്റെ പ്രകടനമാണെന്നും ഭക്തരുടെ ശബ്ദം സര്‍ക്കാര്‍ വാദങ്ങളെക്കാള്‍ ശക്തമാണെന്നും മധുരയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തമിഴ്‌സൈ പറഞ്ഞു
ജൂണ്‍ ആറിന് മധുരയില്‍ നടന്ന പരിപാടിയില്‍ തിരുപ്രംകുണ്ഡ്രം ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രി പ്രതികരിച്ചിരുന്നു. ഇതാണ് വിവാദമായത്.
രണ്ട് വര്‍ഷം മുമ്പുണ്ടായിരുന്ന സ്ഥിതി തുടരുമെന്നും, മലമുകളിലെ പരമ്പരാഗത വിളക്ക് തെളിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. വര്‍ഗീയ ശക്തികള്‍ രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കുന്നത് തടയുന്നതിനായാണ് ഈ തീരുമാനമെന്നും മന്ത്രി വിശദീകരിച്ചിരുന്നു.
എന്നാല്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലായി വ്യാപകമായ അഴിമതി നടക്കുന്നുണ്ടെന്നും സംസ്ഥാനത്ത് ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായും ബി.ജെ.പി നേതാവ് ആരോപിച്ചു.
ബി.ജെ.പിയില്‍ നിന്ന് ‘ചിലര്‍’ പുറത്തുപോകുന്നുവെന്ന വിമര്‍ശനവും തമിഴ്‌സൈ തള്ളിക്കളഞ്ഞു. പാര്‍ട്ടി ഇപ്പോഴും പാറപോലെ ഉറച്ചതും ലക്ഷ്യബോധമുള്ളതുമാണെന്നും സ്വാര്‍ത്ഥ താത്പര്യം മാത്രം ലക്ഷ്യമിടുന്ന ചിലര്‍ പാര്‍ട്ടി വിട്ടുപോയേക്കാം. എന്നാല്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരാണ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Ignoring Hindu sentiments will lead to the downfall of the Tamil Nadu government: BJP leader Tamilisai Soundararajan
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.