ഗ്രൗണ്ടിൽ പാകിസ്ഥാൻ താരങ്ങൾ തമ്മിൽ അടിപിടി; വീഡിയോ
Cricket
ഗ്രൗണ്ടിൽ പാകിസ്ഥാൻ താരങ്ങൾ തമ്മിൽ അടിപിടി; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 1st February 2024, 1:30 pm

പാകിസ്ഥാന്റെ പ്രമുഖ താരങ്ങളായ ഇഫ്തിഖര്‍ അഹമ്മദും അസദ് ഷഫീഖും ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഏറ്റുമുട്ടി. സിന്ധ് പ്രീമിയര്‍ ലീഗില്‍ ലാര്‍ക്കാന ചലഞ്ചേഴ്‌സ്- കറാച്ചി ഗാസിസ് മത്സരത്തിനിടയാണ് ഇരുതാരങ്ങളും ഏറ്റുമുട്ടിയത്.

161 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ലര്‍ക്കാന ചലഞ്ചേഴ്സിന്റെ ചെയ്സിങ്ങിനിടെയായിരുന്നു സംഭവം നടന്നത്. മത്സരത്തിന്റെ എട്ടാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

കറാച്ചി ഗാസിയുടെ നായകന്‍ ഷഫീഖിനെ ഇഫ്തിഖര്‍ അഹമ്മദ് പുറത്താക്കിയതിന് ശേഷം നടത്തിയ ആഘോഷ പ്രകടനങ്ങളാണ് കയ്യാംങ്കളിയിലേക്ക് നീങ്ങിയത്. ഫീല്‍ഡ് ഉദ്യോഗസ്ഥരും ഫീല്‍ഡര്‍മാരും ഇടപെട്ട് ഇരുതാരങ്ങളെയും പിടിച്ചു മാറ്റുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വളരെയധികം ശ്രദ്ധ നേടിക്കഴിഞ്ഞു.

മത്സരശേഷം ഇഫ്തിഖര്‍ അഹമ്മദ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തുകയും ചെയ്തു.

‘ഇന്നത്തെ ഫീല്‍ഡിലുള്ള എന്റെ പെരുമാറ്റത്തില്‍ ഞാന്‍ വളരെയധികം ക്ഷമാപണം ചോദിക്കുന്നു. ആ നിമിഷത്തില്‍ ഞാന്‍ ഒരിക്കലും അങ്ങനെ പ്രതികരിക്കാന്‍ പാടില്ലായിരുന്നു. മത്സരത്തിനുശേഷം ഞാന്‍ ആസാദ് ഷഫീക്കിനോട് വ്യക്തിപരമായി ക്ഷമ ചോദിക്കുകയും ചെയ്തു. ഞങ്ങള്‍ തമ്മില്‍ ഒരുപാട് തവണ പിച്ചില്‍ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു,’ ഇഫ്തിഖര്‍ അഹമ്മദ് എക്സില്‍ പോസ്റ്റ് ചെയ്തു.

മത്സരത്തിൽ ലാര്‍കാന ചലഞ്ചേഴ്‌സിനെ 68 റണ്‍സിനാണ് കറാച്ചി പരാജയപ്പെടുത്തിയത്.

Content Highlight: Iftikhar Ahmed and Asad Shafiq fight in the pitch viral.