| Saturday, 14th March 2026, 7:16 pm

കീര്‍ത്തി ആസാദിന്റെ വിമര്‍ശനത്തിന് പിന്നാലെ സിദ്ധിവിനായക ക്ഷേത്രത്തിലും ദര്‍ശനം; ലോകകപ്പ് ട്രോഫി പൂജിച്ച് സൂര്യയും ഗംഭീറും ജെയ്ഷായും!

ശ്രീരാഗ് പാറക്കല്‍

ഇന്ത്യയുടെ ടി-20 ലോകകപ്പ് വിജയത്തിന് ശേഷം കിരീടവുമായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പരിശീലകന്‍ ഗൗതം ഗംഭീറും ഐ.സി.സി ചെയര്‍മാന്‍ ജയ് ഷായും സിദ്ധിവിനായക ക്ഷേത്രത്തിലും ദര്‍ശനത്തിനെത്തി. നേരത്തെ ഇരുവരും അഹമ്മദാബാദിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയയത് വിവാദമായിരുന്നു.

ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ മുന്‍ ഇന്ത്യന്‍ താരവും ലോക് സഭ മെമ്പറുമായ കീര്‍ത്തി ആസാദ് വിമര്‍ശനം ഉന്നയിച്ചിരുന്നു.

എന്തിനാണ് ലോകകപ്പിനെ മതത്തില്‍ കലര്‍ത്താന്‍ ശ്രമിക്കുന്നതെന്നും കിരീടം 140 കോടി ഇന്ത്യക്കാരുടേതുമാണ് ഏതെങ്കിലും മതത്തിന്റെയല്ലെന്നും കീര്‍ത്തി ആസാദ് പറഞ്ഞിരുന്നു. പേസര്‍ മുഹമ്മദ് സിറാജ് കപ്പും കൊണ്ട് പള്ളിയില്‍ പോയില്ലല്ലോയെന്നും സഞ്ജു സാംസണ്‍ കപ്പും കൊണ്ട് ചര്‍ച്ചില്‍ പോയോ എന്നും അദ്ദേഹം ചോദിച്ചു.

ഇതിനെല്ലാം പിന്നാലെയാണ് ക്യാപ്റ്റന്‍ സൂര്യയും പരിശീലകന്‍ ഗംഭീറും സിദ്ധിവിനായക ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്.

നേരത്തെ സംഭവത്തില്‍ പ്രതികരിച്ച് മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങും രംഗത്ത് വന്നിരുന്നു.

ഇന്ത്യയുടെ ടി-20 ലോകകപ്പ് വിജയത്തിന് ശേഷം കിരീടവുമായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പരിശീലകന്‍ ഗൗതം ഗംഭീറും ഐ.സി.സി ചെയര്‍മാന്‍ ജയ് ഷായും അഹമ്മദാബാദിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ദൃശ്യം

കീര്‍ത്തി ആസാദ് ഇതൊരു രാഷ്ട്രീയ വിഷയമാക്കാന്‍ ശ്രമിക്കുകയാണെന്നും ഇന്ത്യന്‍ ടീമിന് ട്രോഫി ക്ഷേത്രത്തിലേക്കോ, പള്ളിയിലേക്കോ, ചര്‍ച്ചിലേക്കോ കൊണ്ടുപോകാനുള്ള എല്ലാ അവകാശവുമുണ്ടെന്നും ഹര്‍ഭജന്‍ പറഞ്ഞു.

മതങ്ങളെല്ലാം തുല്യമാണെന്ന് വിശ്വസിക്കുന്നുവെന്നും ദൈവങ്ങള്‍ വ്യത്യസ്തമായിരിക്കാം പക്ഷെ പാത ഒന്നുതന്നെയാണെന്നും മുന്‍ സ്പിന്നര്‍ കൂട്ടിച്ചേര്‍ത്തു. എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു ഹര്‍ഭജന്‍.

Content Highlight: After India’s T20 World Cup victory, captain Suryakumar Yadav, coach Gautam Gambhir and ICC Chairman Jay Shah also visited the Siddhivinayak Temple with the trophy

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more