| Sunday, 29th March 2026, 10:11 am

വികസനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ മണ്ണ് ശത്രുക്കളുടെ യുദ്ധത്തിന് വിട്ടുനല്‍കരുത്; ഗള്‍ഫ് രാജ്യങ്ങളോട് പെസസ്‌കിയാന്‍

അനിത സി

ടെഹ്‌റാന്‍: ഇറാനെതിരായ ആക്രമണത്തില്‍ യു.എസിനേയും ഇസ്രഈലിനേയും പിന്തുണയ്ക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍.

മേഖലയിലെ സമാധാനത്തിനും വികസനത്തിനും മുന്‍ഗണന നല്‍കുന്നുണ്ടെങ്കില്‍ ഗള്‍ഫ് രാജ്യങ്ങള്‍ സ്വന്തം മണ്ണ് ശത്രുക്കളുടെ ആക്രമണങ്ങള്‍ക്ക് വിട്ട് നല്‍കരുതെന്ന് അദ്ദേഹം പറഞ്ഞു.

‘പ്രാദേശിക സ്ഥിരതയും വികസനവും സുരക്ഷയും ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ പ്രദേശങ്ങള്‍ ഞങ്ങളുടെ ശത്രുക്കള്‍ക്ക് ആക്രമണങ്ങള്‍ നടത്താനായി വിട്ടുനല്‍കരുത്’, പെസസ്‌കിയാന്‍ പറഞ്ഞു.

ഇറാന്‍ ഒരു രാജ്യത്തിന് നേരെയും കടന്നാക്രമണം നടത്തുന്നില്ലെന്ന് ആവര്‍ത്തിക്കുകയാണ്. പക്ഷെ, തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയോ സാമ്പത്തിക കേന്ദ്രങ്ങള്‍ക്ക് നേരെയോ ആക്രമണമുണ്ടായാല്‍ ശക്തമായി തന്നെ തിരിച്ചടിക്കുമെന്നും പെസസ്‌കിയാന്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് മുന്നറിയിപ്പ് നല്‍കി.

പശ്ചിമേഷ്യയിലെ യു.എസ് താവളങ്ങള്‍ ലക്ഷ്യം വെച്ച് ഇറാന്‍ ശക്തമായ ആക്രമണങ്ങളാണ് നടത്തുന്നത്. ദുബായിലെ രണ്ട് യു.എസ് ഒളിത്താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയെന്ന് ഫാര്‍സ്
വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പശ്ചിമേഷ്യയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുമെന്ന് പെന്റഗണ്‍ സൂചന നല്‍കി. 82ാമത് എയര്‍ബോണ്‍ ഡിവിഷനില്‍ നിന്നും പശ്ചിമേഷ്യയിലേക്ക് സൈന്യത്തെ വിന്യസിക്കുമെന്ന് പെന്റഗണ്‍ അറിയിച്ചതായി സി.ബി.എസ് റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍ കടലില്‍ മൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഖാര്‍ഗ് ദ്വീപിലേക്ക് യു.എസ് കരസേനയെ വിന്യസിച്ചേക്കുമെന്നും പെന്റഗണ്‍ പരാമര്‍ശിച്ചു.

ശനിയാഴ്ച യു.എസ് മറൈന്‍ സേനയുടെ 25000 സൈനികര്‍ പശ്ചിമേഷ്യയിലെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏത് രാജ്യത്താണ് ഇവരെത്തിയതെന്ന് വ്യക്തമല്ലെങ്കിലും ഹോര്‍മസ് കടലിടുക്ക് പിടിച്ചെടുക്കാനുള്ള ശ്രമങ്ങളടക്കം യു.എസ് ശക്തമാക്കുമെന്ന് ന്യൂയോര്‍ക്ക് ടൈംസിലെ റിപ്പോര്‍ട്ട് പറയുന്നു.

Content Highlight: If you want peace, don’t leave your land to the enemy’s war; Pezeshkian to Gulf countries

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more