'എന്റെ വെള്ളം കുടിച്ചാല്‍ എനിക്ക് വോട്ട് ചെയ്യണം'; വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി മുന്‍ ബി.ജെ.പി എം.എല്‍.എ
India
'എന്റെ വെള്ളം കുടിച്ചാല്‍ എനിക്ക് വോട്ട് ചെയ്യണം'; വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി മുന്‍ ബി.ജെ.പി എം.എല്‍.എ
അഞ്ജു ചന്ദ്രന്‍
Saturday, 22nd August 2026, 3:16 pm

ഡെറാഡൂണ്‍: ഹരിദ്വാറിലെ ലക്‌സറില്‍ മുന്‍ ബി.ജെ.പി എം.എല്‍.എ സഞ്ജയ് ഗുപ്ത നടത്തിയ ജന്മദിനാഘോഷത്തില്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

തന്റെ കാലയളവില്‍ നടപ്പാക്കിയ കുടിവെള്ള പദ്ധതികളുടെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിനിടെയാണ് ഗുപ്ത വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയത്.

2012 മുതല്‍ 2022 വരെ ലക്‌സര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന എം.എല്‍.എയായിരുന്നു ഗുപ്ത. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി വിവിധ പ്രദേശങ്ങളില്‍ ജലസംഭരണികള്‍ നിര്‍മിച്ചതായി ഗുപ്ത പ്രസംഗത്തില്‍ അവകാശപ്പെട്ടു.

തന്റെ ഭരണത്തിലാണ് പലര്‍ക്കും നല്ല കുടിവെള്ളം ലഭിച്ചത്. നേരത്തെ ഏകദേശം 20 അടി ആഴത്തില്‍ ലഭിച്ചിരുന്ന മലിനമായ ഭൂഗര്‍ഭജലത്തെയാണ് പലരും ആശ്രയിച്ചിരുന്നതെന്നും ഗുപ്ത കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ജനങ്ങള്‍ക്ക് ശുദ്ധജലം നല്‍കി. എന്റെ വെള്ളം കുടിച്ചിട്ടും എനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ വയറ്റില്‍ പുഴുക്കള്‍ വരുകയും വയര്‍ പൊട്ടുകയും ചെയ്യും’ ഗുപ്ത പറഞ്ഞു. പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിമര്‍ശനങ്ങളും രാഷ്ട്രീയ ചര്‍ച്ചകളും ശക്തമായി.

മഹാതോളി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ റോഡ്, വൈദ്യുതി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളും തന്റെ ഭരണകാലത്ത് നടപ്പാക്കിയതായി ഗുപ്ത പറഞ്ഞു. 2012ലും 2017ലും ലക്‌സര്‍ മണ്ഡലത്തില്‍ വിജയിച്ച ഗുപ്ത 2022ലെ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി സ്ഥാനാര്‍ഥി മുഹമ്മദ് ഷഹ്സാദിനോട് പരാജയപ്പെട്ടിരുന്നു.

ഉത്തരാഖണ്ഡ് മുന്‍ മന്ത്രി സ്വാമി യതീശ്വരാനന്ദ്, അഖില ഭാരതീയ അകാര പരിഷത്ത് പ്രസിഡന്റ് മഹന്ത് രവീന്ദ്ര പുരി ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളും മതരപണ്ഡിതന്മാരും പരിപാടിയില്‍ പങ്കെടുത്തെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: If you drink my water, you must vote for me: Former BJP MLA threatens voters.

അഞ്ജു ചന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.