| Sunday, 15th March 2026, 7:11 am

നിയമം നടപ്പാക്കാന്‍ കഴിയില്ലെങ്കില്‍ രാജി വെച്ച് പോകൂ; സംഭാല്‍ എസ്.പിക്കും മജിസ്‌ട്രേറ്റിനുമെതിരെ അലഹബാദ് ഹൈക്കോടതി

നിഷാന. വി.വി

പ്രയാഗ്‌രാജ്: സംഭാല്‍ ജില്ലയിലെ ഒരു പള്ളിയില്‍ പ്രാര്‍ത്ഥന നടത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ് തള്ളി അലഹബാദ് ഹൈക്കോടതി.

ക്രമസമാധാന പ്രശ്‌നം ആരോപിച്ച് റമദാന്‍ മാസത്തില്‍ പള്ളിയില്‍ എത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയ ഉത്തരവാണ് കോടതി തള്ളിയത്.

നിയമവാഴ്ച നടപ്പിലാക്കാന്‍ കഴിവില്ലെങ്കില്‍ എസ്.പിയും ജില്ലാ മജിസ്‌ട്രേറ്റും രാജിവെയ്ക്കുകയോ സ്ഥലം മാറ്റം തേടുകയോ ചെയ്യണമെന്നും കോടതി പറഞ്ഞു.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവിനെതിരെ സംഭാല്‍ ജില്ലയിലെ മുനസിര്‍ ഖാന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

ക്രമസമാധാന പ്രശ്‌നങ്ങള്‍ ഭയന്ന് ആളുകളുടെ ആരാധനാ സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ അതുല്‍ ശ്രീധരനും സിദ്ധാര്‍ത്ഥ് നന്ദനും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.

ആരാധനാ സൗകര്യങ്ങള്‍ ഒരുക്കുക എന്നത് സര്‍ക്കാരിന്റെ കടമയാണെന്നും ഏത് സാഹചര്യത്തിലും നിയമവാഴ്ച നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്നും കോടതി വ്യക്തമാക്കി.

റമദാന്‍ മാസത്തില്‍ കൂടുതല്‍ വിശ്വാസികള്‍ ഒത്തുകൂടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും 20 പേര്‍ക്ക് മാത്രമേ നമസ്‌കാരം നടത്താന്‍ അധികാരികള്‍ അനുമതി നല്‍കിയിരുന്നുള്ളൂവെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു.

ക്രമസമാധാന പ്രശ്നം കണക്കിലെടുത്താണ് വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തുന്ന ഉത്തരവ് പുറപ്പെടുവിച്ചതെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം.

എന്നാല്‍ ഈ വാദം തള്ളികളഞ്ഞ കോടതി സര്‍ക്കാരിന്റെ നിയന്ത്രണ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. കേസ് അടുത്തതായി മാര്‍ച്ച് 16 നാണ് പരിഗണിക്കുക.

Content Highlight: If you can’t implement the law, resign and leave; Allahabad High Court against Sambhal SP and Magistrate

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more