| Monday, 8th December 2025, 2:20 pm

പേരിടാന്‍ ഇത്രയ്ക്കാവേശമാണെങ്കില്‍ 'ഭാഗ്യനഗര്‍' എന്നാക്കൂ; ഹൈദരാബാദിലെ ട്രംപ് റോഡ് വിവാദത്തില്‍ ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ഹൈദരാബാദിലെ യു.എസ് കോണ്‍സുലേറ്റിന് മുന്നിലുള്ള റോഡിന് യു.എസ് പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപിന്റെ പേര് നല്‍കാനുള്ള തെലങ്കാന സര്‍ക്കാരിന്റെ പ്രഖ്യാപനത്തിനു പിന്നാലെ വിമര്‍ശനവുമായി ബി.ജെ.പി

കോണ്‍ഗ്രസിന് പേരുകള്‍ നല്‍കാന്‍ ഇത്രയ്ക്കാവേശമാണെങ്കില്‍ ഹൈദരാബാദിന് ‘ഭാഗ്യനഗര’മെന്ന പേരിടണം. ചരിത്രപരവും അര്‍ത്ഥവുമുള്ള പേരിടുന്നതിന് പകരം ട്രെന്റില്‍ വരുന്നതെല്ലാം സ്ഥലനാമമാക്കുന്നു’, സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ വിമര്‍ശിച്ചുകൊണ്ട് കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ സഞ്ജയ്കുമാര്‍ റെഡ്ഡി പ്രതികരിച്ചു.

കോണ്‍ഗ്രസ് കെ.സി.ആറിന്റെ എ.ഐ പ്രതിമ നിര്‍മിക്കാനുള്ള തിരക്കിലാണെന്നും
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്ന ഒരേയൊരു പാര്‍ട്ടി ബി.ജെ.പിയാണെന്നും സഞ്ജയ് കൂട്ടിചേര്‍ത്തു.

തെലങ്കാന റൈസിങ് സമ്മിറ്റിന് മുന്നോടിയായി ലോകോത്തര ശ്രദ്ധയാകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പേരിടല്‍ എന്നാണ് തെലങ്കാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ്് നേതാവുമായ രേവന്ത് റെഡ്ഡിയുടെ വാദം.

തെലങ്കാനയുടെ തലസ്ഥാന നഗരമായ ഹൈദരാബാദിലെ യു.എസ് കോണ്‍സുലേറ്റ് ജനറല്‍ ഓഫീസിന് മുന്നിലൂടെ കടന്ന് പോവുന്ന റോഡിന് ഡൊണാള്‍ഡ് ട്രംപിന്റെ പേര് നല്‍കുന്നതിലൂടെ ഇതൊരു ചരിത്ര സംഭവമാകുമെന്ന കണക്കൂകൂട്ടലിലാണ് തെലങ്കാന സര്‍ക്കാര്‍.

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെയും യു.എസ് എംബസിയേയും വിവരം അറിയിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഇതിന് പുറമെ മറ്റു പല റോഡുകള്‍ക്കും പേര് നല്‍കാനുള്ള പദ്ധതിയും സര്‍ക്കാരിനുണ്ട്. ഗൂഗിള്‍ ‘സ്ട്രീറ്റ്’,’മെക്രൈസോഫ്റ്റ് റോഡ്’, വിപ്രോ ജങ്ഷന്‍ എന്നിവയൊക്കെയാണ് പരിഗണനയിലുള്ള മറ്റു പ്രധാന പേരുകള്‍.

എന്നാല്‍ ഇതിനോടകം തന്നെ രവിര്യാല ഇന്‍ഡര്‍ ചേഞ്ച് റോഡിന് അന്തരിച്ച മുന്‍ വ്യവസായി രത്തന്‍ ടാറ്റയുടെ പേര് നല്‍കിയിട്ടുണ്ട്.വിശിഷ്ട വ്യക്തികള്‍ക്കും കമ്പനികള്‍ക്കുമുള്ള ബഹുമാനാര്‍ത്ഥം കൂടുതല്‍ റോഡുകള്‍ക്ക് പേരിടാനുളള തീരുമാനവും സര്‍ക്കാര്‍ പരിഗണനയിലുണ്ട്.

Content Highlight: If you are so eager to name it, then call it ‘Bhagyanagar’; BJP on Hyderabad’s Trump Road controversy

We use cookies to give you the best possible experience. Learn more