'പഠിച്ചവ'വരെന്ന് അവകാശപ്പെടുന്നവർ മതത്തിന്റെയും വിശ്വാസത്തിന്റെയും മറവിൽ സ്ത്രീവിരുദ്ധത പറഞ്ഞാൽ എതിർക്കുക തന്നെ ചെയ്യും: ജിന്റോ ജോൺ
Kerala
'പഠിച്ചവ'വരെന്ന് അവകാശപ്പെടുന്നവർ മതത്തിന്റെയും വിശ്വാസത്തിന്റെയും മറവിൽ സ്ത്രീവിരുദ്ധത പറഞ്ഞാൽ എതിർക്കുക തന്നെ ചെയ്യും: ജിന്റോ ജോൺ
കെ.എസ് ഷാബിന
Monday, 31st August 2026, 5:22 pm

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ കാന്തപുരം അബൂബക്കർ മുസ്‌ലിയാർക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. മതം പഠിച്ചവരെന്ന് അവകാശപ്പെടുന്നവർ മതവും വിശ്വാസവും വ്യാഖ്യാനിക്കുന്നതിന്റെ മറവിൽ സ്ത്രീവിരുദ്ധത പറഞ്ഞാൽ എതിർക്കുമെന്ന് ജിന്റോ ജോൺ പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജീവിക്കുന്ന നാടിന്റെ ഭരണഘടന പറയുന്നത് മാനിക്കാനുള്ള മിനിമം മര്യാദ ഏത് ‘മതപണ്ഡിതർ’ക്കുമുണ്ട് എന്നും അല്ലാത്തവരൊക്കെ ഏത് മതം പഠിച്ച പണ്ഡിതനെന്ന് സ്വയം അവകാശപ്പെട്ടാലും പരമ പാമരൻ തന്നെ ആണെന്നും ജിന്റോ പോസ്റ്റിൽ കുറിച്ചു.

അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കേണ്ടവർ ആണെന്നും ഇന്നലെ കൊച്ചിയിൽ നടന്ന ഒരു പൊതുപരിപാടിയിൽ കാന്തപുരം പറഞ്ഞിരുന്നു. കാന്തപുരത്തിന്റെ ഈ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ വിവാദമായതിന് പിന്നാലെ ആയിരുന്നു ജിന്റോ ജോണിന്റെ പ്രതികരണം.

ഇസ്‌ലാമിക ആഘോഷങ്ങളിൽ സ്ത്രീകളെ അന്യപുരുഷന്മാർക്കിടയിൽ ഒരു പ്രദർശന വസ്തുവാക്കരുതെന്നും അടുത്തിടെ കാന്തപുരം പ്രസ്താവന നടത്തിയിരുന്നു. അതുമായി ബന്ധപ്പെട്ടും ചർച്ചകൾ നിലനിൽക്കെ കാന്തപുരത്തിന്റെ പുതിയ പ്രസ്താവന വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.

സ്ത്രീക്കും പുരുഷനും സ്വാതന്ത്ര്യത്തിൽ പക്ഷപാതിത്വം കാണിക്കുന്ന ദൈവവിചാരം എന്തൊരു അനീതിയുടെ കൂടാരമാണ് എന്ന് ജിന്റോ ചോദിക്കുന്നു. രംഗത്തിറക്കാനും അണിയറയിൽ ഒളിപ്പിക്കാനും ഇത് നാടകാവതരണം ഒന്നുമല്ലെന്നും,നിങ്ങൾക്ക് രംഗത്ത് വരാനുള്ളത് പോലെ തന്നെ അവകാശം സ്ത്രീകൾക്കുമുണ്ട് എന്നും ജിന്റോ പറഞ്ഞു.

അടുക്കളയിൽ പാചകം ചെയ്തും കുട്ടികളെ പ്രസവിച്ചും മഹത്തായ കർമം നിർവഹിക്കേണ്ടവരാണ് സ്ത്രീകൾ എന്ന് കാന്തപുരത്തിന്റെ മകൻ അബ്ദുൽ ഹകീം അസ്‌ഹരി നടത്തിയ പ്രസ്താവനയെയും ജിന്റോ വിമർശിച്ചു.

‘അടുക്കളയിൽ പാചകം ചെയ്തും മക്കളെ പ്രസവിച്ചും മഹത്തായ കർമ്മം നിർവഹിക്കുന്ന സ്ത്രീകൾ’ എന്ന് പറഞ്ഞ് കുപ്പിയിൽ അടച്ച് അടുക്കളയിൽ സൂക്ഷിക്കേണ്ടവരല്ല സ്ത്രീകൾ. അവരും നിങ്ങളെ പോലെ തന്നെ തുല്യ അവകാശങ്ങളുള്ള മനുഷ്യരാണ്. അവർ മക്കളെ പെറ്റുകൂട്ടാനും ബാക്കിയുള്ളവർക്ക് വെച്ചു വിളമ്പാനും മാത്രമുള്ള യന്ത്രങ്ങൾ ആണെന്നുള്ള കാഴ്ചപ്പാട് മാറ്റേണ്ടിയിരിക്കുന്നു’ ജിന്റോ കുറിച്ചു.

‘സ്ത്രീകൾ രംഗത്ത് വന്നാൽ നാശം ഉണ്ടാകുമെന്ന് പറയുന്ന നിങ്ങൾക്ക്‌ എങ്ങനെയാണ് ഓപ്പറേഷൻ സിന്ദൂറിന്റെ മുന്നണിയിൽ ഉണ്ടായിരുന്ന സോഫിയ ഖുറേഷി എന്ന പട്ടാളക്കാരിയുടെ തലയെടുപ്പിന്റെ അഭിമാനം അവകാശപ്പെടാവുക? സ്ത്രീകള്‍ രംഗത്ത് വന്നതുകൊണ്ട് നാശമുണ്ടായെങ്കിൽ ഇന്ദിരാഗാന്ധിയും ദ്രൗപതി മുർമുവും സോണിയ ഗാന്ധിയും പ്രതിഭ പാട്ടീലും സുഷമ സ്വരാജും ജയലളിതയും മമത ബാനർജിയും മായവതിയും രംഗത്ത് വന്നപ്പോൾ രാജ്യത്തിന് പ്രത്യേകമായി എന്തെങ്കിലും നാശം ഉണ്ടായിട്ടുണ്ടോ?

ബേനസീർ ഭൂട്ടോ പ്രധാനമന്ത്രിയായത് കൊണ്ട് പാക്കിസ്ഥാനിൽ വല്ല പ്രത്യേക നാശവും വന്നിട്ടുണ്ടോ? ലോകമെമ്പാടും പുരുഷ മേധാവിന്മാർ ഉണ്ടാക്കിയ നാശങ്ങളോളം വലുതൊന്നും സ്ത്രീകൾ അധികാര സ്ഥാനത്ത് എത്തുന്നത് കൊണ്ടുണ്ടായിട്ടില്ലല്ലോ,’ജിന്റോ ചോദിക്കുന്നു.

സ്ത്രീകൾ പൊതുരംഗത്തോ, അടുക്കളയിൽ നിന്ന് പുറത്തോട്ടോ വന്നാൽ അവരെ കാണുമ്പോൾ തകർന്നുപോകുന്ന അധികാരം പുരുഷാധിപത്യ മനോഭാവത്തിന്റെ മാത്രം കുറവാണ് എന്നും, ഇളകിപ്പോകുന്ന മനസ്സ് വൈകൃത വൈകല്യവും ആണെന്ന് ജിന്റോ പറഞ്ഞു.

Content Highlight: If those who claim to be ‘educated’ propagate misogyny under the guise of religion and faith, they will certainly be opposed: Jinto John.

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.