ജനങ്ങൾ മാറുമ്പോൾ രാഷ്ട്രീയം മാറാതിരുന്നാൽ
DISCOURSE
ജനങ്ങൾ മാറുമ്പോൾ രാഷ്ട്രീയം മാറാതിരുന്നാൽ
അബ്ദുല്‍ അസീസ് മഖ്ദൂമി
Friday, 15th May 2026, 9:00 pm
ഞങ്ങൾ മികച്ച വിദ്യാഭ്യാസം നൽകി, വികസനം കൊണ്ടുവന്നു, എന്നിട്ടും എന്തുകൊണ്ട് തോൽപ്പിച്ചു?” എന്ന് പാർട്ടി അണികളോട് ചോദിക്കുന്നതിന് മുൻപ് നേതാക്കൾ ജനങ്ങളോട് ചോദിക്കണം. കാരണം, നിങ്ങൾ അവകാശപ്പെടുന്ന നേട്ടങ്ങളും ജനങ്ങൾ അനുഭവിക്കുന്ന യാഥാർത്ഥ്യവും തമ്മിൽ വലിയൊരു വിടവുണ്ട്. സിദ്ധാന്തങ്ങൾക്കപ്പുറം തോൽവിയുടെ യഥാർത്ഥ കാരണങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ പാർട്ടി ഇനി മടിക്കരുത് | അബ്ദുല്‍ അസീസ് മഖ്ദൂമി എഴുതുന്നു

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഓരോ ചലനങ്ങളും ഇന്നത്തെ യുവതലമുറയെ സ്വാധീനിക്കുന്നുണ്ട്. മുമ്പ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി വലിയൊരു വാഹനനിര കോൺവോയായി ഒപ്പമുണ്ടാകാറുണ്ടായിരുന്നു. എന്നാൽ ഇനി മുതൽ തന്റെ അകമ്പടിയായി പരമാവധി മൂന്ന് വാഹനങ്ങൾ മാത്രം മതിയെന്ന് അദ്ദേഹം വ്യക്തമാക്കിയപ്പോൾ യുവാക്കൾ ഹർഷാരവം മുഴക്കിയാണ് കൂടെ നിൽക്കുന്നത്.

“Z സുരക്ഷ”, “കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശങ്ങൾ” തുടങ്ങിയ വാദങ്ങളൊന്നും അവരുടെ മനസിൽ സ്വാധീനം ചെലുത്തുന്നില്ല.

സൈക്കിളിൽ ഓഫീസിലേക്ക് പോകുന്ന ഹോളണ്ട് മുൻ പ്രധാനമന്ത്രി മാർക്ക് റുട്ടെയോ, ലണ്ടൻ മേയറായിരുന്ന കാലത്ത് സൈക്കിളിൽ യാത്രചെയ്ത് ലോക യുവത്വത്തിന്റെ കൈയടി നേടിയ ബോറിസ് ജോൺസണെയോ ആണ് അവർ ഓർക്കുന്നത്.

മാർക്ക് റുട്ടെ | ബോറിസ് ജോണ്‍സണ്‍

ഓസ്ട്രിയൻ പ്രസിഡന്റ് അലക്സാണ്ടർ വാൻ ഡെർ ബെല്ലൻ (Alexander Van der Bellen) തന്റെ പരിസ്ഥിതി സൗഹൃദ നിലപാടുകളുടെ ഭാഗമായി വിയന്നയിലെ ഓഫീസിലേക്ക് സൈക്കിളിലോ പൊതുഗതാഗത സംവിധാനങ്ങളിലോ യാത്ര ചെയ്യുന്നത് ഇതിന് ഉദാഹരണമാണ്.

അലക്സാണ്ടർ വാൻ ഡെർ ബെല്ലൻ . photo: Wikipedia

ലോകമെമ്പാടുമുള്ള യുവതലമുറയുടെ ആഗ്രഹങ്ങൾ ഏതാണ്ട് ഒരുപോലെയാണ്. ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് നടത്തുന്ന സാധാരണ കാൽനട യാത്രകൾ പോലും യൂറോപ്പിൽ വരെ ട്രെൻഡാകുന്നത് അതുകൊണ്ടാണ്.

എന്നാൽ ഉത്തരേന്ത്യൻ യുവതലമുറയിൽ ഇതിൽ നിന്ന് വ്യത്യസ്തമായ ഒരു മനോഭാവം കാണാറുണ്ട്. സ്വന്തം സർപഞ്ചിന്റെ കാറിനോടുപോലും ആവേശം കാണിക്കുന്നവരും “ഹാ ദേഖോ യാർ, ഹമാരാ നേതാ കാ കിസ്മത്” എന്ന് വികാരഭരിതരാകുന്നവരും ഹിന്ദി ബെൽറ്റിൽ അപൂർവമല്ല.

ഒരു ദുരന്തമുണ്ടായാൽ മുണ്ട് മടക്കി കുത്തി നേരിട്ട് രക്ഷാപ്രവർത്തനത്തിലേക്ക് ഇറങ്ങുന്നവരാണ് യഥാർത്ഥ ഭരണാധികാരികൾ എന്ന് കരുതുന്നവരുണ്ട്. അതേസമയം, ഭരണസിരാകേന്ദ്രത്തിൽ ഇരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന ശൈലിയെ പിന്തുണയ്ക്കുന്നവർ രാഷ്ട്രീയത്തെ കൂടുതൽ ഗൗരവത്തോടെ കാണുന്നവരാണ്.

എന്നാൽ ഇന്നത്തെ യുവതലമുറയുടെ ഒരു വിഭാഗം ഇതിനെ അത്ര പ്രാധാന്യത്തോടെ കാണുന്നില്ല. അവർക്ക് “ക്രൈസിസ് മാനേജ്മെന്റിന്റെ മികവ്” എന്നതിലുപരി, പ്രളയസമയത്ത് അൻവർ നിലമ്പൂരിൽ ഒരു വടിയും പിടിച്ച് ജനങ്ങളിലേക്ക് ഇറങ്ങുന്ന ദൃശ്യങ്ങളാണ് കൂടുതൽ ഇമോഷണൽ കണക്ഷൻ സൃഷ്ടിക്കുന്നത്.

പി.വി. അന്‍വർ


2018 ജൂൺ-ജൂലൈ മാസങ്ങളിൽ ലോകത്തിന്റെ ശ്രദ്ധ ആകർഷിച്ച തായ്‌ലൻഡിലെ താം ലുവാങ് ഗുഹാ ദുരന്തം ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ രക്ഷാപ്രവർത്തനങ്ങളിലൊന്നായിരുന്നു. അന്ന് തായ്‌ലൻഡ് പ്രധാനമന്ത്രി പ്രയുത് ചാൻ-ഓ-ചാ (Prayut Chan-o-cha) ഭരണസിരാകേന്ദ്രത്തിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്ന ശൈലിയാണ് സ്വീകരിച്ചത്.

പ്രയുത് ചാൻ-ഓ-ചാ

രക്ഷാപ്രവർത്തന സമയത്ത് വെറും രണ്ട് പ്രാവശ്യം മാത്രമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. വിവരങ്ങൾ കൃത്യമായി നൽകാൻ ഒരു “സിംഗിൾ കമാൻഡ് സിസ്റ്റം” ഏർപ്പെടുത്തിയെങ്കിലും അതൊന്നും അവിടുത്തെ യുവതലമുറയ്ക്ക് ആകർഷകമായി തോന്നിയില്ല.

ഇതെല്ലാം സൂചിപ്പിക്കുന്നത്, ഇടതുപക്ഷം ഇന്നും സമകാലിക രാഷ്ട്രീയ മനശാസ്ത്രത്തോടും യുവതലമുറയുടെ വികാരഭാഷയോടും പൂർണമായി സംവദിക്കാൻ പഠിച്ചിട്ടില്ല എന്നാണ്.

ഉറുഗ്വേയുടെ മുൻ പ്രസിഡന്റായ ഹോസെ മുഹീക്ക (José Mujica) ഔദ്യോഗിക കൊട്ടാരം ഉപേക്ഷിച്ച് തന്റെ പഴയ ഫാമിൽ താമസിക്കുകയും, പഴയൊരു ഫോക്സ്‌വാഗൺ കാറോടിച്ച് സുരക്ഷാ അകമ്പടിയില്ലാതെ സാധാരണ ജനങ്ങൾക്കിടയിൽ ജീവിക്കുകയും ചെയ്ത നേതാവായിരുന്നു.

ഹോസെ മുഹീക്ക

യുവത്വം ആവശ്യപ്പെടുന്നത് ഇത്ര വലിയ പ്രകടനങ്ങളൊന്നുമല്ല; ഒരു സെൽഫി എടുക്കുമ്പോൾ പോലും മുഖം ചുളിക്കാതെ നിൽക്കാനുള്ള ഔചിത്യബോധമെങ്കിലും നേതാക്കൾക്കുണ്ടാകണമെന്നാണ് അവർ ആഗ്രഹിക്കുന്നത്.

പശ്ചിമ ബംഗാളിൽ ആദ്യമായി മമത ബാനർജി അധികാരത്തിലെത്തിയ സമയത്ത് സി.പി.ഐ.എമ്മിന് ഒറ്റയ്ക്ക് 40 സീറ്റുകളും ഇടതുമുന്നണിക്ക് ആകെ 62 സീറ്റുകളുമാണ് ലഭിച്ചത്. ആ പരാജയത്തിന് ശേഷം മാധ്യമങ്ങൾ “ദീദി”യുടെ പിന്നാലെ നീങ്ങി. ചന്തയിൽ നിന്ന് പച്ചക്കറി വാങ്ങുന്ന മമതയുടെ ചിത്രങ്ങൾ മാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ സി.പി.ഐ.എം അവഗണിക്കപ്പെട്ടു.

മമത ബാനർജി

അന്ന് ബി.ജെ.പിക്ക് സീറ്റൊന്നും ലഭിച്ചില്ലെങ്കിലും പ്രതിപക്ഷത്തിന്റെ സ്ഥാനം അവർ പതുക്കെ പിടിച്ചെടുക്കുകയായിരുന്നു. അന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാഹുൽ സിൻഹ മാധ്യമങ്ങളിൽ സ്ഥിരസാന്നിധ്യമായി മാറി.

നിയമസഭയിൽ അംഗങ്ങളില്ലാതിരുന്നിട്ടും തെരുവുകളിൽ ശക്തമായ സമരങ്ങൾ നയിച്ച് “തൃണമൂലിന് പകരമാവുക ഇടതുപക്ഷമല്ല, ബി.ജെ.പിയാണ്” എന്ന മനോഭാവം അദ്ദേഹം ഉണ്ടാക്കിയെടുത്തു.

2011ൽ മമത അധികാരത്തിലെ ത്തുമ്പോൾ ബിമൻ ബോസ്, ആഭാസ് റോയ് ചൗധരി, നബരുൺ ദേബ് തുടങ്ങിയവരായിരുന്നു സി.പി.ഐ.എം, ഡി.വെെ.എഫ്.ഐ, എസ്.എഫ്.ഐ എന്നീ സംഘടകളെ നയിച്ചിരുന്നത്. എന്നാൽ 2016 ആയപ്പോഴേക്കും ഇടതുമുന്നണിയുടെ സീറ്റ് 32 ആയി ചുരുങ്ങുകയും ബി.ജെ.പി ചരിത്രത്തിലാദ്യമായി മൂന്ന് സീറ്റുകൾ നേടുകയും ചെയ്തു.

പിന്നീട് നാം കണ്ടത് ബി.ജെ.പിയുടെ വളർച്ചയും ഇടതുപക്ഷത്തിന്റെ തകർച്ചയുമാണ്. ഇന്ന് ബംഗാളിൽ മുഹമ്മദ് സലീമിന്റെ പിന്തുണയോടെ മീനാക്ഷി മുഖർജി, സയൻദീപ് മിത്ര തുടങ്ങിയ യുവമുഖങ്ങൾ മുന്നോട്ടുവരുന്നുണ്ടെങ്കിലും അതിന്റെ ഫലം കാണാൻ ഇനിയും സമയമെടുക്കും.

കേരളത്തിലും മാധ്യമങ്ങളുടെ ശ്രദ്ധ യു.ഡി.എഫ് ചലനങ്ങളിലേക്ക് നീങ്ങുന്നുവെന്ന തോന്നൽ ശക്തമാണ്. അതോടപ്പം ബി.ജെ.പിയിലേക്കും. മഹിളാ മോർച്ച നടത്തിയ സമരത്തിന് ലഭിച്ച വലിയ കവറേജ് അതിന്റെ ഉദാഹരണമാണ്.

മഹിളാ മോർച്ച.ുടെ പ്രതിഷേധത്തില്‍ നിന്നും. Photo: BJP Keralam/facebook.com

കേരളത്തിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ച് എ.കെ. ആന്റണി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകാൻ ധനമന്ത്രി ആയിരുന്ന കെ.എൻ. ബാലഗോപാൽ വാർത്താസമ്മേളനം വിളിച്ചെങ്കിലും ആരും അത് കാര്യമായി എടുത്തില്ല മാധ്യമ കവറേജുമില്ല.

നിലവില്‍ വരാത്ത സർക്കാർ നടപ്പാക്കാത്ത വാഗ്ദാനങ്ങൾ ചൂണ്ടിക്കാട്ടി മഹിളാ മോര്‍ച്ച നടത്തിയ സമരങ്ങളാണ് ജനശ്രദ്ധ നേടിയത്. ബംഗാളിലും സംഭവിച്ചത് ഇതേ പ്രവണതയായിരുന്നു.

കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധങ്ങൾക്കിടയിലും 60 ലക്ഷത്തിലധികം ആളുകൾക്ക് സാമൂഹ്യസുരക്ഷാ പെൻഷൻ നൽകുന്നതുൾപ്പെടെയുള്ള വികസന ബദലുകളുമായി കേരള സർക്കാർ മുന്നോട്ട് പോകുന്നുണ്ട്.

ഞങ്ങൾ മികച്ച വിദ്യാഭ്യാസം നൽകി, വികസനം കൊണ്ടുവന്നു, എന്നിട്ടും എന്തുകൊണ്ട് തോൽപ്പിച്ചു?” എന്ന് പാർട്ടി അണികളോട് ചോദിക്കുന്നതിന് മുൻപ് നേതാക്കൾ ജനങ്ങളോട് ചോദിക്കണം. കാരണം, നിങ്ങൾ അവകാശപ്പെടുന്ന നേട്ടങ്ങളും ജനങ്ങൾ അനുഭവിക്കുന്ന യാഥാർത്ഥ്യവും തമ്മിൽ വലിയൊരു വിടവുണ്ട്. സിദ്ധാന്തങ്ങൾക്കപ്പുറം തോൽവിയുടെ യഥാർത്ഥ കാരണങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ പാർട്ടി ഇനി മടിക്കരുത്.

കവലകളിലേക്ക് ഇറങ്ങൂ കൃഷിയിടത്തേക്ക് ഇറങ്ങൂ നിങ്ങളുടെ വോട്ടര്‍മാര്‍ അവിടെ നിങ്ങളെ കാത്ത് നില്‍ക്കുന്നുണ്ട്.

 

Content Highlight: If politics doesn’t change when people change: Abdul Aziz Makhdoomi writes

അബ്ദുല്‍ അസീസ് മഖ്ദൂമി
മലപ്പുറം ജില്ലയിലെ വേങ്ങര, ഊരകം സ്വദേശി. പ്രഭാഷകന്‍, ഫാമിലി കൗണ്‍സിലര്‍. യാത്രകള്‍ ഇഷ്ടപ്പെടുന്നു.