2025 വനിതാ ലോകകപ്പിനുള്ള വേദികള്‍ ഐ.സി.സി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റില്‍ ചിന്നസ്വാമി സ്റ്റേഡിയടക്കമുള്ള വേദികളാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പുറത്തുവിട്ടിരിക്കുന്നത്. സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ രണ്ട് വരെയാണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്.
ചിന്നസ്വാമി സ്റ്റേഡിയം ബെംഗളൂരു, അസം ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം ഗുവാഹത്തി (ബര്‍സാപര സ്റ്റേഡിയം), ഹോല്‍കര്‍ സ്‌റ്റേഡിയം ഇന്‍ഡോര്‍, എ.സി.എ – വി.ഡി.സി.എ ക്രിക്കറ്റ് സ്‌റ്റേഡിയം വിശാഖപട്ടണം എന്നിവയാണ് ഇന്ത്യയിലെ ലോകകപ്പ് വേദികള്‍.
ഇന്ത്യയ്ക്ക് പുറമെ ശ്രീലങ്കയിലും ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ നടക്കും. പാകിസ്ഥാന്റെ മത്സരങ്ങളാണ് ശ്രീലങ്കയില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയമാണ് ഈ മത്സരങ്ങള്‍ക്ക് വേദിയാവുക.
2024-2027 ക്രിക്കറ്റ് സൈക്കിളില്‍ നടക്കുന്ന എല്ലാ ഐ.സി.സി ടൂര്‍ണമെന്റുകളിലെയും ഇന്ത്യ – പാകിസ്ഥാന്‍ മത്സരങ്ങള്‍ ന്യൂട്രല്‍ വേദിയില്‍ നടത്തണമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ആര്‍. പ്രേമദാസ സ്റ്റേഡിയവും ലോകകപ്പിന് വേദിയാകാന്‍ ഒരുങ്ങുന്നത്.
പാകിസ്ഥാന്റെ പ്രകടനം അനുസരിച്ചാകും ഫൈനല്‍ അടക്കമുള്ള നോക്ക്ഔട്ട് മാച്ചുകളുടെ വേദികള്‍ തീരുമാനിക്കപ്പെടുക. അതായത് ടൂര്‍ണമെന്റിന്റെ ആതിഥേയര്‍ ഇന്ത്യയാണെങ്കിലും പാകിസ്ഥാന്‍ ഫൈനലിന് യോഗ്യത നേടുകയാണെങ്കില്‍ കലാശപ്പോരാട്ടത്തിനും ശ്രീലങ്കയാകും വേദിയാവുക.
നിലവില്‍ രണ്ട് സെമി ഫൈനലിനും ഫൈനലിനുമുള്ള വേദികളും ഐ.സി.സി പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയമാണ് ഒരു സെമി ഫൈനലിന് ആതിഥേയത്വം വഹിക്കുക. ഗുവാഹത്തിയിലോ കൊളംബോയിലെ ആകും മറ്റൊരു സെമി ഫൈനല്‍ മത്സരം നടക്കുക. പാകിസ്ഥാന്‍ സെമിയിലെത്തുകയാണെങ്കില്‍ കൊളംബോയിലും അല്ലെങ്കില്‍ ഗുവാഹത്തിയിലും മത്സരം അരങ്ങേറും.
ഫൈനലിന്റെ കാര്യവും സമാനമാണ്. പാകിസ്ഥാന്‍ കലാശപ്പോരാട്ടത്തിയാല്‍ കൊളംബോയിലും അല്ലാത്തപക്ഷം ചിന്നസ്വാമി സ്‌റ്റേഡിയത്തിലാകും 2025ലെ ലോക ചാമ്പ്യന്‍മാര്‍ പിറവിയെടുക്കുക.
ഒരു വേദിയില്‍ തന്നെ കളിക്കുന്നതിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമെങ്കിലും അത് പാകിസ്ഥാന്‍ ടീമിന് എത്ര കണ്ട് മുതലാക്കാന്‍ സാധിക്കുമെന്ന് കണ്ടുതന്നെ അറിയണം.
പാകിസ്ഥാന്‍ ആതിഥേയത്വം വഹിച്ച 2024 ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ആതിഥേയ രാജ്യത്തിന് പുറത്ത് യു.എ.ഇയാണ് നടത്തിയത്. എല്ലാ ടീമുകളും ഇന്ത്യയ്‌ക്കെതിരെ കളിക്കാന്‍ യു.എ.ഇയിലേക്ക് പറക്കുകയായിരുന്നു. സെമിയും ഫൈനലും ഇത്തരത്തില്‍ യു.എ.ഇയില്‍ തന്നെയാണ് ഷെഡ്യൂള്‍ ചെയ്യപ്പെട്ടത്.
പരാജയമറിയാതെയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി വിജയിച്ചത്. മറ്റെല്ലാ ടീമുകളും വിവധ വേദിയില്‍ കളിക്കുമ്പോള്‍ ഇന്ത്യ ഒരേ വേദിയില്‍ കളിക്കുന്നതിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഈ നയത്തെ ചോദ്യം ചെയ്ത് മുന്‍ താരങ്ങളും രംഗത്തെത്തിയിരുന്നു. എന്നാല്‍ വിവാദങ്ങളെയും വിമര്‍ശനങ്ങളെയും കാറ്റില്‍ പറത്തി ഇന്ത്യ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കുകയായിരുന്നു.
Content Highlight: If Pakistan makes it to the final of the ICC Women’s World Cup, the match will be held in Colombo