പി.വി. അന്‍വര്‍ ഉയര്‍ത്തിയ കാര്യങ്ങള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ തിളക്കമാര്‍ന്ന വിജയത്തിന് കാരണമായിട്ടുണ്ടെന്ന വസ്തുത കേരള രാഷ്ട്രീയം നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും മനസിലാവുന്നതാണെന്നതായിരുന്നു റസാഖ് കാരാട്ടിന്റെ പ്രതികരണം.
‘സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിച്ചത് കൊണ്ടാണ് ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫിന് വിജയിക്കാന്‍ സാധിക്കാത്തതെന്ന യു.ഡി.എഫിന്റെ ഉത്തരവാദിത്തപ്പെട്ട ഒരു നേതാവിന്റെ ഭാഗത്ത് നിന്നും വന്ന പ്രസ്താവന അനവസരത്തിലായിപ്പോയി,’ അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര ചിഹ്നമാണ് പ്രശ്‌നമെങ്കില്‍ തളിപറമ്പും, പയ്യന്നൂരും, അമ്പലപ്പുഴയുമെല്ലാം അദ്ദേഹം പറയുന്നത് പോലെ സംഭവിക്കേണ്ടതായിരുന്നുവല്ലോയെന്നും അധികാരത്തിന്റെ സുഖ സൗകര്യങ്ങള്‍ വലിച്ചെറിഞ്ഞ് കൊണ്ട് നിലവില്‍ പ്രവര്‍ത്തിച്ച മുന്നണിക്കെതിരെയുള്ള രാഷ്ട്രീയ പോരാട്ടത്തിനു വേണ്ടി ഉപാധികളില്ലാതെ യു.ഡി.എഫ് മുന്നണിയുമായി സഹകരിക്കാന്‍ തയ്യാറായ പി.വി അന്‍വറിനെ തെരഞ്ഞെടുപ്പില്‍ കാലുവാരിയിട്ടുണ്ടെങ്കില്‍ അത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
‘കൂടാതെ അത് പരസ്യമായി വെളിപ്പെടുത്തിയത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യവുമാണ്. ഇത്തരം പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും ജനാധിപത്യത്തിന് ഭൂഷണമാണോ എന്ന് കാലം തെളിയിക്കും,’ അദ്ദേഹം കുറിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തന്നെ ചതിച്ചുവെന്ന ആരോപണവുമായി പി.വി അന്‍വര്‍ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് പിന്തുണയുമായി കാരാട്ട് റസാഖ് രംഗത്തെത്തിയത്.
ബേപ്പൂര്‍ മണ്ഡലത്തിലെ തന്റെ തോല്‍വിയുമായി ബന്ധപ്പെട്ട് കൊയിലാണ്ടി എം.എല്‍.എ അഡ്വക്കറ്റേ് കെ. പ്രവീണ്‍ കുമാറിനെതിരെയായിരുന്നു പി.വി. അന്‍വറിന്റെ പരാമര്‍ശം. ബേപ്പൂരിലെ തോല്‍വിയെക്കുറിച്ച് പ്രവീണ്‍ കുമാര്‍ സംസാരിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അന്‍വറിന്റെ വിമര്‍ശനം.
കോഴിക്കോട് ജില്ലയില്‍ ഒരു സ്ഥാനാര്‍ത്ഥി കൈപ്പത്തി ചിഹ്നത്തിലോ കോണി ചിഹ്നത്തിലോ മത്സരിച്ചിരുന്നെങ്കില്‍ ജില്ലയിലെ 13 മണ്ഡലങ്ങളില്‍ 13 ഇടത്തും യു.ഡി.എഫ് ജയിക്കുമായിരുന്നു എന്ന തരത്തില്‍ പ്രവീണ്‍ കുമാര്‍ പറഞ്ഞിരുന്നു. പ്രവീണ്‍ കുമാര്‍ ഈ കാര്യം സംസാരിക്കുന്നതിന്റെ വീഡിയോ ആണ് അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റിനൊപ്പം പങ്കുവച്ചിരിക്കുന്നത്.
നേരത്തെ തന്റെ തോല്‍വിക്ക് ചിലര്‍ പിന്നില്‍ നിന്ന് കുത്തിയതായി അന്‍വര്‍ പരാതി നല്‍കിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത്തരത്തില്‍ തന്നെ ചതിച്ചതാരാണെന്ന് മഷിയിട്ട് നോക്കേണ്ടതില്ലെന്ന് അന്‍വര്‍ പ്രവീണ്‍കുമാറിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.
പരാജയപ്പെടുത്തിയത് ചേര്‍ത്തുനിര്‍ത്താന്‍ ബാധ്യസ്ഥപ്പെട്ടവര്‍ തന്നെയാണെന്നും പ്രവീണ്‍കുമാറിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് അന്‍വര്‍ പറയുന്നു. തനിക്ക് അന്നത്തെ പ്രതിപക്ഷ നേതാവും ഇന്നത്തെ മുഖ്യമന്ത്രിയുമായ വി.ഡി. സതീശന്‍ ജയിച്ചാല്‍ മന്ത്രിസ്ഥാനം നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. അത് കേട്ടപ്പോള്‍ ജില്ലയില്‍ മന്ത്രിസ്ഥാനം സ്വപ്നം കണ്ട നേതാക്കളുടെ ഉറക്കം നഷ്ടപ്പെട്ടു എന്നും അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
‘ചതിച്ചതാര്? ചന്തു തന്നെ. മഷിയിട്ടു നോക്കേണ്ട കാര്യമില്ല. ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ വിളിച്ചു പറഞ്ഞത് കേട്ടു. ബേപ്പൂരിലെ ജനങ്ങളും സഖാക്കളും എന്നെ വിജയിപ്പിച്ചപ്പോള്‍, പരാജയപ്പെടുത്തിയത് ചേര്‍ത്തുനിര്‍ത്താന്‍ ബാധ്യതപ്പെട്ടവര്‍ തന്നെ,’ അന്‍വര്‍ കുറിച്ചു.
Content Highlight: If P.V. Anvar was sabotaged during the election, that cannot be accepted: Razak Karat extends support to P.V. Anvar.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.