പൂച്ചക്കൊരു മൂക്കുത്തി എന്ന ആദ്യ സിനിമയിലൂടെ പ്രശസ്തനായി മാറിയ സംവിധായകനാണ് പ്രിയദർശൻ. മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ഇത്. മലയാളത്തിൽ മാത്രമല്ല ഹിന്ദി, തമിഴ് എന്നീ ഭാഷകളിലും അദ്ദേഹം സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. പ്രധാനമായും മറ്റു ഭാഷകളിലെ സിനിമകൾ പുനർനിർമിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്.
രസകരമായ ഹാസ്യ രംഗങ്ങൾ സൃഷ്ടിക്കാൻ സമർത്ഥനായതുകൊണ്ട് അദ്ദേഹത്തിൻ്റെ ഒട്ടുമിക്ക സിനിമകളെല്ലാം സാമ്പത്തിക വിജയം നേടി. ഇപ്പോൾ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയദർശൻ.
പഴയകാലത്ത് ഹ്യൂമർ മുൻനിർത്തി നിരവധി സിനിമകൾ ചെയ്തിട്ടുണ്ടെന്നും സമൂഹത്തിൽ നിന്നും കിട്ടുന്ന ഹാസ്യങ്ങളായിരുന്നു അതെന്നും പ്രിയദർശൻ പറയുന്നു. ഇന്നത്തെ കാലഘട്ടത്തിലെ സിനിമ മാറിയെന്നും അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ തിരക്കഥ തനിക്ക് കിട്ടിയാൽ ചെയ്യാൻ ധൈര്യപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിൻ്റെ കാരണം ജനറേഷൻ ഗ്യാപ് ആയിരിക്കുമെന്നും വിഷ്വൽ കോമഡികളാണ് ഇന്നത്തെ സിനിമകളിൽ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പഴയകാലത്ത് ഹ്യൂമർ മുൻനിർത്തി ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. സമൂഹത്തിൽ നിന്നുതന്നെ ചിരിക്കുള്ള വകകൾ കണ്ടെത്തി അവതരിപ്പിക്കുന്നതായിരുന്നു രീതി. ഇന്ന് സിനിമ വലിയ തോതിൽ മാറിയിരിക്കുന്നു.
വരനെ ആവശ്യമുണ്ട് സിനിമയുടെ തിരക്കഥ എനിക്ക് കിട്ടിയാൽ അത് ചെയ്യാൻ ഞാൻ ധൈര്യപ്പെടില്ലായിരുന്നു, സിനിമ ഇഷ്ടപ്പെട്ടു. പക്ഷേ, ചിത്രത്തിലെ സിറ്റുവേഷനുകൾ പലതും ഞാനുമായി കമ്യൂണിക്കേറ്റ് ചെയ്യുന്നതല്ല. ഈ വ്യത്യാസത്തെയാകും ജനറേഷൻ ഗ്യാപ് എന്ന് പറയുന്നത്. പുതിയ സിനിമകളിൽ കൂടുതലായി വിഷ്വൽ കോമഡികളാണ് കാണുന്നത്,’ പ്രിയദർശൻ പറയുന്നു.
വരനെ ആവശ്യമുണ്ട്
അനൂപ് സത്യൻ ആദ്യമായി രചനയും സംവിധാനവും നിർവഹിച്ച് പ്രദർശനത്തിനെത്തിയ സിനിമയാണ് വരനെ ആവശ്യമുണ്ട്. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. കെ.പി. എ. സി ലളിത, ശോഭന, ഉർവശി, സുരേഷ് ഗോപി എന്നിവർ മറ്റ് കഥാപാത്രങ്ങളെയും അവതരിപ്പിച്ചു. സംവിധായകൻ സത്യൻ അന്തിക്കാടിൻ്റെ മകനാണ് അനൂപ്.
Content Highlight: If I get the script for that movie, I wouldn’t dare to do it says Priyadarshan