പ്രയാഗ്‌രാജ്: ഭാര്യയുടെ പ്രവര്‍ത്തികളോ വീഴ്ച്ചകളോ കാരണം ഭര്‍ത്താവിന് സമ്പാദിക്കാന്‍ കഴിയാത്ത സാഹചര്യം വന്നാല്‍ ഭാര്യയ്ക്ക് ജീവനാംശം ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് അലഹാബാദ് ഹൈക്കോടതി.
പ്രത്യേകിച്ച് ഭാര്യയുടെ കുടുംബത്തിന്റെ ക്രിമിനല്‍ പ്രവര്‍ത്തികള്‍ മൂലം പുരുഷന്റെ വരുമാന ശേഷി നഷ്ടപ്പെടുമ്പോള്‍ ജീവനാംശം നല്‍കാന്‍ ആവശ്യപ്പെടുന്നത് വലിയ അനീതിക്ക് കാരണമാവുമെന്നും കോടതി നിരീക്ഷിച്ചു.
ഇടക്കാല ജീവനാംശം തേടി ഒരു യുവതി സമര്‍പ്പിച്ച ഹരജി തള്ളിയ കുശിനഗര്‍ കുടുംബകോടതിയുടെ വിധി ശരിവെച്ചാകൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
ക്രിമിനല്‍ നടപടി ക്രമത്തിലെ (സി.ആര്‍.പി.സി ) സെക്ഷന്‍ 125 പ്രകാരം ഇടക്കാല ജീവനാംശം ആവശ്യപ്പെട്ട് സമര്‍പ്പിച്ച റിവിഷന്‍ ഹരജിയാണ് ജസ്റ്റിസ് ലക്ഷ്മി കാന്ത് ശുക്ലയുടെ സിംഗിള്‍ ബെഞ്ച് തള്ളിയത്.
2025 മെയ് ഏഴിലെ കുശിനഗര്‍ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് കൊണ്ടായിരുന്നു യുവതിയുടെ റിവിഷന്‍ ഹരജി.
രേഖകള്‍ പ്രകാരം 2019 ഏപ്രില്‍ 13 ന് ഭര്‍ത്താവിന്റെ ഹോമിയോ ക്ലിനിക്കില്‍ യുവതിയുടെ സഹോദരനും പിതാവും മറ്റ് നാല് പേരുമടക്കമെത്തി അസഭ്യം പറയുകയും കയ്യാങ്കളിയില്‍ ഭര്‍ത്താവിന് നേരെ സംഘം വെടിയുതിര്‍ക്കുമായിരുന്നു.
‘പെല്ലറ്റിപ്പോഴും അദ്ദേഹത്തിന്റെ സുഷുമ്‌നാ നാഡിയില്‍ കുടുങ്ങി കിടക്കുകയാണ് അത് നീക്കം ചെയ്താല്‍ പക്ഷാഘാതം വരാനുള്ള സാധ്യതകള്‍ ഉണ്ടായേക്കാമെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടുകളുണ്ട്,’ വിധിന്യായത്തില്‍ പറയുന്നു.
എന്നാല്‍ ഭാര്യയെ സംരക്ഷിക്കേണ്ടത് ഭര്‍ത്താവിന്റെ കടമയാണെന്നും പക്ഷേ ഈ കേസ് വ്യത്യസ്തമായതിനാല്‍ അതിന് നിര്‍ദേശിക്കാന്‍ കഴിയില്ലൈന്നും കോടതി പറഞ്ഞു. ഭാര്യയുടെ കുടുംബത്തിന്റെ പ്രവര്‍ത്തികള്‍ കാരണമാണ് ഭര്‍ത്താവിന്റെ വരുമാനം തേടാനുള്ള ശേഷി നഷ്ടപ്പെട്ടതെന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു.
എന്നാല്‍ വിധി നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് യുവതിയുടെ അഭിഭാഷകര്‍ ആരോപിച്ചു.
എതിര്‍ കക്ഷി ഒരു ഡോക്ടറാണെന്നും ഭാര്യയെ പരിപാലിക്കാന്‍ അദ്ദേഹത്തിന് മതിയായ സാമ്പത്തിക ശേഷിയുണ്ടെന്നും അവര്‍ വാദിച്ചു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.