പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ ഒമ്പതാം ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ മികച്ച വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
തിലക് വര്‍മ, ശിവം ദുബെ, സഞ്ജു സാംസണ്‍ എന്നിവരുടെ മികച്ച ബാറ്റിങ് പ്രകടനമാണ് കലാശപ്പോരാട്ടത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. തിലക് 53 പന്തില്‍ നിന്നും പുറത്താകാതെ 69 റണ്‍സ് നേടി. ശിവം ദുബെ 22 പന്തില്‍ 33 റണ്‍സും സഞ്ജു സാംസണ്‍ 21 പന്തില്‍ 24 റണ്‍സും നേടി.
കിരീട നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ചെങ്കിലും ഒരു വ്യക്തിഗത നേട്ടത്തില്‍ മുത്തമിടാന്‍ സഞ്ജുവിന് സാധിക്കാതെ പോയി, അന്താരാഷ്ട്ര ടി-20യില്‍ 1,000 റണ്‍സ് എന്ന നാഴികക്കല്ലിലെത്താന്‍ സാധിക്കാതെയാണ് സഞ്ജു ഫൈനലില്‍ പുറത്തായത്.
ഫൈനലിന് മുമ്പ് 969 റണ്‍സാണ് താരത്തിന്റെ പേരിലുണ്ടായിരുന്നത്. പാകിസ്ഥാനെതിരെ 31 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചിരുന്നെങ്കില്‍ 1,000 ടി-20ഐ റണ്‍സ് നേടുന്ന 12ാം ഇന്ത്യന്‍ താരമാകാന്‍ സഞ്ജുവിന് സാധിക്കുമായിരുന്നു.
ഒരുപക്ഷേ തന്റെ നാച്ചുറല്‍ പൊസിഷനായ ഓപ്പണിങ്ങില്‍ കളത്തിലിറങ്ങിയിരുന്നെങ്കില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ സഞ്ജു ഈ നേട്ടത്തിലെത്താന്‍ സാധ്യതകളുമേറെയായിരുന്നു.
രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, കെ.എല്‍. രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്‍, എം.എസ്. ധോണി, സുരേഷ് റെയ്‌ന, റിഷബ് പന്ത്, യുവരാജ് സിങ്, ശ്രേയസ് അയ്യര്‍ എന്നിവരാണ് അന്താരാഷ്ട്ര ടി-20യില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരങ്ങള്‍.
42 ഇന്നിങ്‌സില്‍ നിന്നും 26.13 ശരാശരിയിലും 147.98 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം വീശുന്നത്. മൂന്ന് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഇന്ത്യന്‍ ജേഴ്‌സിയില്‍ സഞ്ജു തന്റെ പേരിലെഴുതിച്ചേര്‍ത്തിട്ടുണ്ട്.
ഒക്ടോബറില്‍ നടക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ഇന്ത്യ ഇനി ടി-20 മത്സരങ്ങള്‍ കളിക്കുക. ഈ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു ഇടം പിടിക്കുകയും ഈ റെക്കോഡ് പൂര്‍ത്തിയാക്കുമെന്നുമാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content Highlight: If he had scored seven more runs, Sanju Samson could have reached the milestone of 1,000 T20I runs.