ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പരാജയപ്പെട്ടിരുന്നു. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ പരാജയമാണ് മുന്‍ ചാമ്പ്യന്‍മാര്‍ക്ക് നേരിടേണ്ടി വന്നത്.
സൂപ്പര്‍ കിങ്‌സ് ഉയര്‍ത്തിയ 188 റണ്‍സിന്റെ വിജയലക്ഷ്യം 17 പന്ത് ബാക്കി നില്‍ക്കവെ മറികടന്നാണ് രാജസ്ഥാന്‍ റോയല്‍സ് സീസണ്‍ അവസാനിപ്പിച്ചത്.
സീസണില്‍ സൂപ്പര്‍ കിങ്‌സിന്റെ പത്താം പരാജയമാണിത്. സീസണില്‍ ഒരു മത്സരം സൂപ്പര്‍ കിങ്‌സിന് അവശേഷിക്കുന്നുമുണ്ട്. നിലവില്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരും കരുത്തരുമായ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍.
മെയ് 25ന് ടൈറ്റന്‍സിനെതിരെ നടക്കുന്ന മത്സരത്തില്‍ പരാജയപ്പെട്ടാല്‍ ഒരു മോശം നേട്ടം സൂപ്പര്‍ കിങ്‌സിനെ തേടിയെത്തും. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദില്‍ തോല്‍വിയേറ്റുവാങ്ങിയാല്‍ സൂപ്പര്‍ കിങ്‌സ് ഏറ്റവുമധികം മത്സരങ്ങള്‍ തോല്‍ക്കുന്ന സീസണായി 2025 മാറും.
ഇതിനോടകം തന്നെ പത്ത് പരാജയവുമായി 2022ലെ മോശം നേട്ടത്തിനൊപ്പമാണ് സൂപ്പര്‍ കിങ്‌സ്. എന്നാല്‍ ടൈറ്റന്‍സിനോട് പരാജയപ്പെട്ടാല്‍ സ്വന്തം മോശം റെക്കോഡ് തിരുത്തി മറ്റൊരു മോശം റെക്കോഡ് സൂപ്പര്‍ കിങ്‌സ് സ്വന്തം പേരില്‍ കുറിക്കേണ്ടി വരും.
ചെന്നൈ സൂപ്പര്‍ കിങ്‌സ് ഏറ്റവുമധികം മത്സരങ്ങള്‍ പരാജയപ്പെടുന്ന സീസണ്‍
(വര്‍ഷം – പരാജയം എന്നീ ക്രമത്തില്‍)
2022 – 10
2025 – 10*
2020 – 8
2012 – 8
ടൂര്‍ണമെന്റില്‍ നിന്നും ഇതിനോടകം തന്നെ പ്ലേ ഓഫ് ഉറപ്പിച്ച ഗുജറാത്ത് ടൈറ്റന്‍സ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനമാണ് ലക്ഷ്യം വെക്കുന്നത്. അതേസമയം, സൂപ്പര്‍ കിങ്‌സാകട്ടെ അവസാന മത്സരത്തില്‍ വിജയിച്ചുകൊണ്ട് പടിയിറങ്ങാനാകും ശ്രമിക്കുന്നത്.
ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടൈറ്റന്‍സിന്റെ ടോപ് ഓര്‍ഡറിനെ സൂപ്പര്‍ കിങ്‌സ് ബൗളര്‍മാര്‍ എങ്ങനെ കൈകാര്യം ചെയ്യും എന്നതിനെ ആശ്രയിച്ചായിരിക്കും മത്സരഫലം.