ആരോഗ്യകേരളത്തില്‍ ഇടുക്കിയ്ക്ക് സ്ഥാനമില്ലാത്തതെന്തുകൊണ്ട്?
ജിതിന്‍ ടി പി

 

ഇടുക്കി… പത്തനംതിട്ടയും തൃശൂരും എറണാകുളവും കോട്ടയവും തമിഴ്നാടും അതിര്‍ത്തികളാവുന്ന കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല. നീലക്കുറിഞ്ഞി പൂത്തുനില്‍ക്കുന്ന, വരയാടുകള്‍ മേഞ്ഞ് നടക്കുന്ന മൂന്നാറും ചെറുതോണിയും, ചിന്നാറും ഇരവികുളവും ആനയിറങ്കലും പള്ളിവാസലും കുളിര്‍മ നല്‍കുന്ന ഇടുക്കി. കേരളത്തിന്റെ വിനോദസഞ്ചാര രംഗത്തെ അത്യുന്നതങ്ങളില്‍ വിഹരിക്കുന്ന ജില്ല, കേള്‍ക്കുമ്പോള്‍ ഇടുക്കി ഒരു മിടുക്കിയാണ്.

എന്നാല്‍ ഇടുക്കിക്കാര്‍ക്ക് ഈ കാണുന്ന വിശേഷണങ്ങള്‍ക്കപ്പുറം മറ്റൊരു കഥ കൂടി പറയാനുണ്ട്. ആ കഥയില്‍ മഞ്ഞുപുതച്ച് നില്‍ക്കുന്ന ഇടുക്കിയുടെ മനോഹാരിത ഉണ്ടാകില്ല, മലയിടുക്കുകളിലൂടെ ഒലിച്ചുവരുന്ന നീര്‍ച്ചാലിന്റെ കുളിര്‍മ്മയുണ്ടാകില്ല. ഒരു അപകടം സംഭവിച്ചാല്‍ ജീവന്‍ പണയംവെച്ച് നൂറുകണക്കിന് കിലോമീറ്ററുകള്‍ താണ്ടേണ്ടി വരുന്ന നിസഹായത മാത്രമായിരിക്കും ഉണ്ടാകുക.

മതിയായ ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രിയുടെ അഭാവം, നിലവിലുള്ള ആശുപത്രിയിലെ ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും കുറവ്… ആരോഗ്യമേഖലയില്‍ ഇടുക്കി ഇനിയും മിടുക്കിയായിട്ടില്ല.

വന്‍കിടത്തോട്ടങ്ങളോട് അനുബന്ധിച്ചു സ്ഥാപിതമായ ഡിസ്‌പെന്‍സറികളാണ് ജില്ലയിലെ ആതുരശുശ്രൂഷാകേന്ദ്രങ്ങള്‍. തൊടുപുഴയിലും ചിത്തിരപുരത്തും ഗവണ്‍മെന്റ് ആശുപത്രികളുണ്ട്. അടിമാലി, പുറപ്പുഴ, മുട്ടം, ഉപ്പുതറ എന്നിവിടങ്ങളില്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളുമുണ്ട്. ഇവകൂടാതെ ഡിസ്‌പെന്‍സറികളും, കുടുംബക്ഷേമകേന്ദ്രങ്ങളും ജില്ലയുടെ വിവിധഭാഗങ്ങളിലായി പ്രവര്‍ത്തിച്ചുവരുന്നു. എന്നാല്‍ അടിയന്തര സാഹചര്യങ്ങളില്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചു ജില്ല കടന്നുവേണം ഇവിടുത്തുകാര്‍ക്ക് ചികിത്സ തേടാന്‍.

സ്വകാര്യ ആശുപത്രികള്‍ ഉണ്ടെങ്കിലും പലയിടങ്ങളിലേയും ചിലവ് സാധാരണക്കാരായ ജനങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. പനി പോലുള്ള രോഗങ്ങള്‍ക്ക് ചെറിയ ക്ലിനിക്കുകളാണ് ഇവിടുത്തുകാരുടെ ആശ്രയം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കാത്തതാണ് ജില്ലയിലെ ആരോഗ്യരംഗം തുടര്‍ച്ചയായി അവഗണന നേരിടുന്നതാണ് നാട്ടുകാരും ആരോഗ്യപ്രവര്‍ത്തകരും പറയുന്നത്.

ദേവികുളം താലൂക്കിലെ വട്ടവട, കൊട്ടക്കാമ്പൂര്‍, ഉടുമ്പന്‍ചോലത്താലൂക്കിലെ ചതുരംഗപ്പാറ, ചക്കുപള്ളം, പീരുമേടു താലൂക്കിലെ മ്ലാപ്പാറ എന്നീ വില്ലേജുകളില്‍ ചികിത്സാസൗകര്യം കുറവാണ്. വെള്ളത്തൂവല്‍, കീഴാനൂര്‍, കാന്തല്ലൂര്‍, കരികുളം, പതുപ്പാറ എന്നീ വില്ലേജുകളിലെ സ്ഥിതിയും ഏറെക്കുറെ ഇതുതന്നെ. ക്ഷയം, അനീമിയ, ഗുഹ്യരോഗങ്ങള്‍ എന്നിവ ഈ ജില്ലയിലെ തൊഴിലാളികളില്‍ പരക്കെ കണ്ടുവരുന്നു.

ഇത്തരത്തില്‍ ദാരുണമായ നിരവധി സംഭവങ്ങളോടെയാണ് ഹൈറേഞ്ച് മേഖല ഒരോ ദിവസവും കഴിഞ്ഞുപോകുന്നത്. ഹൈറേഞ്ച് മേഖലയിലുള്ളവര്‍ക്ക് അടിയന്തര ചികിത്സ ആവശ്യമായി വരുമ്പോള്‍ യാത്ര ചെയ്യേണ്ടിവരുന്നത് 100 മുതല്‍ 200 കിലോമീറ്റര്‍ വരെ അകലെയുള്ള കോട്ടയത്തേക്കും ഇടുക്കിയിലേക്കുമാണ്.

ചിത്തിരപുരത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ആവശ്യത്തിനുള്ള സ്ഥലസൗകര്യങ്ങളുണ്ടെങ്കിലും ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും അഭാവമാണ് പ്രതികൂലമായി ബാധിക്കുന്നത്. ഹൈറേഞ്ചില്‍ നിന്ന് ഏറ്റവും എളുപ്പത്തില്‍ എത്താന്‍ സാധിക്കാവുന്ന ആശുപത്രിയാണിത്. എന്നാല്‍ പലപ്പോഴും രാത്രിയില്‍ ഒന്നോ രണ്ടോ ഡോക്ടര്‍മാര്‍ മാത്രമാണ് ഉണ്ടാകാറ്.

ദക്ഷിണേന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്ന മൂന്നാറടങ്ങുന്ന ഇടുക്കിയില്‍ വാഹനാപകടങ്ങളില്‍ പോലും മതിയായ ചികിത്സയൊരുക്കാന്‍ ഉതകുന്ന സംവിധാനങ്ങളില്ല. വിനോദസഞ്ചാരത്തിന് വരുന്നവര്‍ അപകടത്തില്‍പ്പെടുന്ന സാഹചര്യമുണ്ടായിട്ടും ഇതുവരെയും ചികിത്സാ സൗകര്യമൊരുക്കാന്‍ സര്‍ക്കാരിനായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

ചിത്തിരപുരം ആശുപത്രി കഴിഞ്ഞാല്‍ അടിമാലി താലൂക്കാശുപത്രിയാണ് ജില്ലയിലെ പ്രധാനപ്പെട്ട ആരോഗ്യകേന്ദ്രം. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്നത്തെ ആരോഗ്യ മന്ത്രി വി.എം സുധീരന്‍ അടിമാലി താലൂക്ക് ആശുപത്രിക്കായി ബ്ലഡ് ബാങ്ക് അനുവദിച്ചിരുന്നു. തുടര്‍ന്ന് 1995 ല്‍ തൊഴില്‍-ടൂറിസം മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് പുതിയ ബ്ലഡ് ബാങ്ക് കെട്ടിടം ഉദ്ഘാടനം ചെയ്തു.

എന്നാല്‍ പുതിയ കെട്ടിടം സൗകര്യപ്രദമല്ല എന്ന് വിലയിരുത്തി ബ്ലഡ് ബാങ്കിനനുവദിച്ച ഉപകരണങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. കെട്ടിടം ആശുപത്രി ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സ് ആക്കി മാറ്റി.

സ്വന്തമായി ഒരു ബ്ലഡ് ബാങ്ക് പോലുമില്ലാത്ത ഈ ആശുപത്രിയിലാണ് ഇടുക്കിയില്‍ ഏറ്റവും കൂടുതല്‍ പ്രസവങ്ങള്‍ നടക്കുന്നതും. ഹൈറേഞ്ച് മേഖലയില്‍ ഏറ്റവും കൂടുതല്‍ അപകടം നടക്കുന്ന സ്ഥലം അടിമാലിയും പരിസര പ്രദേശങ്ങളുമാണ്. മൂന്നാറിലേക്ക് പോകുന്ന വിനോദ സഞ്ചാരികള്‍ എറ്റവും കൂടുതല്‍ കടന്നു പോകുന്നത് അടിമാലി വഴിയാണ്.

കേരളത്തിന്റെ മൊത്തം വിസ്തൃതിയുടെ 11 ശതമാനമാണ് ഇടുക്കി ജില്ല. സംസ്ഥാനത്തെ ആരോഗ്യരംഗം ലോകനിലവാരത്തോട് മത്സരിക്കുമ്പോഴാണ് ഇടുക്കി ജില്ല ചികിത്സയ്ക്ക് വേണ്ടി കേഴുന്നത്. ഹൈറേഞ്ചില്‍ നിന്ന് രോഗിയേയും കൊണ്ട് കിലോമീറ്ററുകള്‍ താണ്ടി ചീറിപ്പായുന്ന ആംബുലന്‍സുകളില്‍ 11,08,974 ആളുകള്‍ താമസിക്കുന്ന ഇടുക്കിയുടെ ദയനീയമായ ആരോഗ്യസ്ഥിതിയാണ് പ്രതിഫലിപ്പിക്കുന്നത്.

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.