ഇന്ത്യക്ക് കടിഞ്ഞാണിട്ട് ഇംഗ്ലണ്ട്
ICC WORLD CUP 2019
ഇന്ത്യക്ക് കടിഞ്ഞാണിട്ട് ഇംഗ്ലണ്ട്
ഗൗതം വിഷ്ണു. എന്‍
Monday, 1st July 2019, 11:51 am

കടിഞ്ഞാണില്ലാത്ത യാഗാശ്വത്തെ പോലെ കുതിച്ചു പാഞ്ഞിരുന്ന ഇന്ത്യയെ ഇംഗ്ലണ്ട് പിടിച്ചുകെട്ടി. ഈ ലോകകപ്പ് നേടാന്‍ ഏറ്റവുമധികം സാധ്യത കല്പിക്കപ്പെടുന്ന രണ്ടു ടീമുകളുടെ പോരാട്ടം പൊടിപാറുമെന്നുറപ്പായിരുന്നു. കേവലം ഒരു പോയിന്റ് അകലെ ഉള്ള സെമി ബര്‍ത്ത് ലക്ഷ്യം വച്ചു ഇന്ത്യയും അപ്രതീക്ഷിതമായി വഴങ്ങേണ്ടി വന്ന തോല്‍വികള്‍ നിമിത്തം അനിശ്ചിതത്വത്തിലായ സെമി പ്രവേശ സാധ്യത വീണ്ടെടുക്കാന്‍ ഇംഗ്ലണ്ടും പോരിനിറങ്ങി. ഇപ്പോഴും സെമി സാധ്യത നിലനില്‍ക്കുന്ന പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകള്‍ ഇംഗ്ലണ്ടിന്റെ തോല്‍വിക്കായി കാത്തിരുന്നു.

ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ മോര്‍ഗന്‍ തെല്ലും ആലോചിക്കാതെ ബാറ്റിംഗ് തിരഞ്ഞെടുത്തു. ജേസണ്‍ റോയ് പരിക്ക് മാറി തിരിച്ചു വന്നതോടെ ആത്മവിശ്വാസമാര്‍ജ്ജിച്ച ഇംഗ്ലണ്ട്, സ്പിന്നര്‍മാര്‍ക്ക് കാര്യമായ പിന്തുണ ലഭിക്കില്ല എന്ന അനുമാനത്തില്‍ മോയിന്‍ അലിയെ പുറത്തിരുത്തി പ്ലങ്കറ്റിനു അവസരം കൊടുത്തു. മറുഭാഗത്തു ഇന്ത്യയാകട്ടെ വിന്നിങ് കോമ്പിനേഷനില്‍ അത്ര കണ്ടു മാറ്റങ്ങള്‍ വരുത്താതെ ശങ്കറിന് പകരം പന്തിനു തന്റെ ആദ്യ ലോകകപ്പ് മത്സരം കളിക്കാനുള്ള അവസരം കൊടുത്തു. പിച്ച് റിപ്പോര്‍ട്ട് വന്നപ്പോഴേ എഡ്ജ്ബാസ്റ്റണിലെ പിച്ച് ബാറ്റിംഗ് പറുദീസയാണെന്ന് വ്യക്തമായിരുന്നു.

നല്ല ലൈനിലും ലെങ്ങ്തിലും പന്തെറിഞ്ഞിട്ടു പോലും ആദ്യ ഓവറില്‍ തന്നെ രണ്ടു ബൗണ്ടറി ഷമിക്ക് വഴങ്ങേണ്ടി വന്നപ്പോള്‍ തന്നെ കാര്യങ്ങള്‍ ഏകദേശം വ്യക്തമായിരുന്നു. കുറച്ചു കളികള്‍ പുറത്തിരുന്നതിന്റെ യാതൊരു മത്സര പരിചയക്കുറവും കാണിക്കാതെ ആദ്യ ഓവര്‍ തൊട്ട് റോയ് പതിവ് രീതിയില്‍ കളിച്ചു തുടങ്ങി. അടുത്ത എന്‍ഡില്‍ നിന്നു പന്തെറിഞ്ഞ ബുംറയെ റോയിയും ബയര്‍‌സ്റ്റോയും അല്‍പ്പം ബഹുമാനത്തോടെയാണ് നേരിട്ടത്.

ആദ്യ ഓവറുകളില്‍ തന്നെ ഒരുപാട് ബൗണ്ടറികള്‍ വഴങ്ങിയെങ്കിലും അതു ഷമിയുടെ കുറ്റമായിരുന്നില്ല. രണ്ടു തവണയാണ് ഷമിയുടെ പന്ത് ബയര്‍‌സ്റ്റോയുടെ ഇന്‌സൈഡ് എഡ്ജ് എടുത്തു ബൗണ്ടറിയിലേക്ക് പാഞ്ഞത്. തുടക്കത്തിലേ സമ്മര്‍ദ്ദം അതിജീവിച്ച ബയര്‍സ്റ്റോ പിന്നീട് ഇന്ത്യന്‍ ബൗളര്‍മാരുടെ മേല്‍ സംഹാരതാണ്ഡവമാടി. സ്പിന്നിനു പറ്റിയ പിച്ചല്ല എന്ന വാദത്തിനു അടിവരയിട്ട് ചാഹലും കുല്‍ദീപും ധാരാളം അടി വാങ്ങി കൂട്ടിയപ്പോള്‍ ഒരു ഭാഗത്തു ചെറിയ ബൗണ്ടറി ഉള്ള എഡ്ജ്ബാസ്റ്റണില്‍ ആ ഭാഗത്തേക്ക് തന്നെയാണ് ബയര്‍‌സ്റ്റോയും റോയിയും ശ്രദ്ധ കൊടുത്തത്. അതോടെ തലങ്ങും വിലങ്ങും അടി കൊണ്ട ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ഹതാശരരായി.

സെഞ്ച്വറി കൂട്ടുകെട്ടും തീര്‍ത്തു മുന്നേറിയ ഓപ്പണിങ് സഖ്യത്തെ അവസാനം കുല്‍ദീപ് തന്നെ പിരിച്ചു. പിന്നീട് ബയര്‍സ്റ്റോക്ക് കൂട്ടായി റൂട്ട് എത്തിയിട്ടും ബയര്‍‌സ്റ്റോയുടെ കളി രീതിക്ക് വ്യത്യാസമുണ്ടായില്ല. റൂട്ട് ഒരു കാഴ്ചക്കാരനായി നിന്നു കൊടുത്തപ്പോള്‍ അതിവേഗത്തില്‍ ഇംഗ്ലീഷ് ഓപ്പണര്‍ ശതകം പിന്നിട്ടു. ഏകദിനത്തില്‍ ആദ്യമായി 500 റണ്‍സ് എന്ന സ്‌കോറിലെത്താന്‍ ഇംഗ്ലണ്ട് കുത്തിക്കുകയാണെന്നു ഇംഗ്ലീഷ് ഇതിഹാസം കെവിന്‍ പീറ്റേഴ്‌സണ്‍ വരെ പ്രത്യാശ പ്രകടിപ്പിച്ചു.

എന്നാല്‍ ബയര്‍‌സ്റ്റോയെയും പിന്നീടെത്തിയ മോര്‍ഗനെയും പുറത്താക്കി ഷമി ഇന്ത്യയെ കളിയിലേക്ക് തിരിച്ചു കൊണ്ടു വന്നു. എന്നാല്‍ മിന്നും ഫോമിലുള്ള സ്റ്റോക്‌സ് ക്രീസിലെത്തിയതോടെ കളി വീണ്ടും ഇംഗ്ലണ്ടിന്റെ വരുതിയിലായി. സ്റ്റോക്‌സ് ആക്രമിച്ചു കളിക്കാന്‍ തുടങ്ങുകയും റൂട്ട് പതിവു രീതിയില്‍ സ്‌കോറിങ് ഉയര്‍ത്തുകയും ചെയ്തതോടെ ഇംഗ്ലണ്ട് മുന്നോട്ടു കുതിച്ചു കൊണ്ടേയിരുന്നു. ഷമിയെ സ്‌കൂപ്പ് ചെയ്യാന്‍ ശ്രമിച്ചു റൂട്ട് പുറത്തായത് ഒരു തരത്തില്‍ പറഞ്ഞാല്‍ ഇംഗ്ലണ്ടിനു അനുഗ്രഹമായി. അവസാന ഓവറുകളില്‍ റണ്‍ നിരക്ക് ഉയര്‍ത്തുന്നതില്‍ അഗ്രഗണ്യനായ ബട്ട്‌ലറെ ആ സമയം ഇംഗ്ലണ്ടിനു ക്രീസില്‍ ആവശ്യമായിരുന്നു.

സമീപകാല ക്രിക്കറ്റിലെ മികച്ച ഡെത്ത് ഓവര്‍ ബാറ്റ്സ്മാനായ ബട്ട്‌ലറും മികച്ച ഡെത്ത് ബൗളറായ ബുമ്രയും തമ്മിലുള്ള പോരാട്ടം നെഞ്ചിടിപ്പോടെയാണ് കാണികള്‍ നോക്കി കണ്ടത്. നേരിട്ട രണ്ടാം പന്ത് തന്നെ ഗാലറിയിലേക്ക് പായിച്ച ബട്ട്‌ലറും സ്റ്റോക്സും ഷമിയെ ആക്രമിച്ചു കൊണ്ടേയിരുന്നപ്പോള്‍ ബുംറയെ അവര്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. ഒരു വശത്തു യോര്‍ക്കര്‍ എറിയാന്‍ ശ്രമിച്ചു ദയനീയമായി പരാജയപ്പെട്ടു ഫുള്‍ ടോസ്സുകളും ലെങ്ത് ബോളുകളും ആയി കണക്കിനു അടി വാങ്ങി കൂട്ടിയ ഷമിയും മറുവശത്തു തികഞ്ഞ ലാഘവത്തോടെയും കൃത്യതയോടെയും ഓവറിലെ ആറു പന്തും യോര്‍ക്കര്‍ എറിഞ്ഞ ബുമ്രയും ഒരു നാണയത്തിന്റെ ഇരു വശങ്ങളായി നില കൊണ്ടു.

നല്ല രീതിയില്‍ പന്തെറിഞ്ഞ ബുമ്രക്ക് അര്‍ഹിക്കുന്ന ബഹുമാനം ഇംഗ്ലീഷ് ബാറ്റ്സ്മാന്മാര്‍ കൊടുത്തതോടെ വിക്കറ്റ് അധികം നേടാന്‍ ബുമ്രക്കായില്ല. എന്നാല്‍ അടി വാങ്ങി കൂട്ടിയതില്‍ നിന്നും പാഠം പഠിച്ചു യോര്‍ക്കര്‍ ശ്രമങ്ങള്‍ ഉപേക്ഷിച്ചു തന്റെ ശക്തി ശ്രോതസ്സായ ഷോര്‍ട്ട് ബോളിലേക്ക് ഷമി തിരിച്ചെത്തിയതോടെ ബട്ട്‌ലര്‍ വീണു. എങ്കിലും സ്റ്റോക്‌സ് മികച്ച സ്‌കോറില്‍ തന്നെ എത്തിച്ചു ഇംഗ്ലണ്ടിനെ. ഒരു ഘട്ടത്തില്‍ 400 നു മുകളില്‍ സ്വപ്നം കണ്ട ഇംഗ്ലണ്ടിനെ 350 നും താഴെ ഇന്ത്യക്ക് ഒതുക്കാനായി. റണ്‍ വിട്ടു കൊടുക്കുന്നതില്‍ പിശുക്കു കാണിക്കാതിരുന്ന ഷമി വിക്കറ്റ് എടുക്കുന്നതിലും ഇത്തവണയും പിശുക്ക് കാണിച്ചില്ല. ലോകകപ്പിലെ തന്റെ ആദ്യത്തെ 5 വിക്കറ്റ് പ്രകടനവുമായി ഷമി നിലകൊണ്ടു.

ഇത്രയും വലിയ ഒരു ലക്ഷ്യം ലോകകപ്പ് പോലൊരു വലിയ വേദിയില്‍ ഏതൊരു ടീമിനും കടുത്ത വെല്ലുവിളി തന്നെയായിരുന്നു. എന്നാല്‍ ലോക റാങ്കിങ്ങില്‍ ആദ്യ രണ്ടു സ്ഥാനം അലങ്കരിക്കുന്ന ബാറ്റ്സ്മാന്മാര്‍ ഉള്‍പ്പെടുന്ന ബാറ്റിംഗ് ലൈന്‍ അപ്പിന് അസാധ്യമായതൊന്നുമല്ലായിരുന്നു ആ ലക്ഷ്യം. എന്നാല്‍ വോക്സിന്റെയും ആര്‍ച്ചറിന്റെയും ഓപ്പണിങ് സ്‌പെല്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്ക് ഭീതി ഉളവാക്കുന്നതായിരുന്നു. പേടിയോടെ കളിച്ച രാഹുല്‍ അക്കൗണ്ട് തുറക്കുന്നതിനു മുന്‍പേ പുറത്തായപ്പോള്‍ ഇന്ത്യ അപകടം മണത്തു. ആര്‍ച്ചറിന്റെ പന്തില്‍ രോഹിത് നല്‍കിയ ക്യാച്ച് റൂട്ട് വിട്ടുകളഞ്ഞപ്പോള്‍ ഇന്ത്യന്‍ ക്യാമ്പ് ആശ്വസിച്ചു.

കോഹ്ലി പതിവു മികവില്‍ കളി തുടങ്ങിയെങ്കിലും ഇത്രയും വലിയ ചെയ്സിങ്ങില്‍ തന്റെ വിക്കറ്റ് ടീമിനെത്രത്തോളം പ്രധാനമാണെന്ന തിരിച്ചറിവ് കോഹ്‌ലിയെയും സമ്മര്‍ദ്ദത്തിലാക്കുന്നതാണ് കണ്ടത്. ശക്തിക്കുറവുള്ള മധ്യനിരയെ കൊണ്ടു കാര്യമായൊന്നും നടക്കില്ല എന്ന തോന്നല്‍ കോഹ്ലിയെ പ്രതിരോധിച്ചു കളിക്കാന്‍ പ്രേരിപ്പിച്ചു. മറു വശത്തു രോഹിത് ആകട്ടെ പന്ത് നന്നായി ടൈം ചെയ്യാന്‍ പോലുമാകാതെ കഷ്ടപ്പെട്ടപ്പോള്‍ വോക്സിന്റെ ആദ്യ മൂന്നു ഓവറുകള്‍ മെയ്ഡന്‍ ആയി മാറി. പത്ത് ഓവര്‍ പിന്നിട്ടപ്പോള്‍ കേവലം 28 ല്‍ മാത്രം എത്തിയ സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കേണ്ടത് ഇന്ത്യയുടെ ആവശ്യകതയായി മാറി.

കോഹ്ലി കുറച്ചു കൂടെ ആത്മവിശ്വാസം പ്രകടിപ്പിച്ചു കളിച്ചു തുടങ്ങിയപ്പോള്‍ പതിയെ പതിയെ രോഹിതും താളം വീണ്ടെടുത്തു. അതോടെ റണ്‍ നിരക്ക് ഉയര്‍ന്നു. ഇരുവരും അര്‍ധശതകങ്ങള്‍ കുറിച്ചു മുന്നേറിയപ്പോള്‍ ഇന്ത്യ കരകയറുമെന്നു തോന്നിച്ചു. എന്നാല്‍ ഒരു കട്ട് ഷോട്ട് കളിക്കാന്‍ ശ്രമിക്കുന്നതിനിടെ പകരക്കാരന്‍ ഫീല്‍ഡര്‍ വിന്‍സിനു ക്യാച്ച് നല്‍കി കോഹ്ലി മടങ്ങിയപ്പോള്‍ ഇന്ത്യ നടുങ്ങി. തുടര്‍ച്ചയായ അഞ്ചാം അര്‍ദ്ധശതകം ഈ ലോകകപ്പില്‍ കുറിച്ചു മടങ്ങിയ കോഹ്ലി ഇത്തരത്തിലുള്ള ഒരു അവസ്ഥാന്തരത്തിലൂടെ കടന്നു പോകുന്നത് ആദ്യമാണെന്ന് പറയേണ്ടി വരും. അര്‍ധശതകം ശതകമാക്കി പരിണമിപ്പിക്കുവാന്‍ ഏറെ മിടുക്കുള്ള കോഹ്ലിക്ക് പക്ഷേ ഇപ്പോള്‍ അതിനു സാധിക്കുന്നതേയില്ല. അര്‍ധശതകത്തിനു ശേഷം ഏകാഗ്രത കൈ വിടുന്ന കോഹ്ലി നീണ്ട ഇന്നിംഗ്‌സ് കളിക്കാതെ പുറത്താകുന്നു.

മറ്റേതൊരു ബാറ്റ്സ്മാനും അര്‍ധസെഞ്ചുറി തികച്ചാല്‍ മികച്ച കളി കെട്ടഴിച്ചു എന്നു പറയുമെങ്കിലും കോഹ്ലി സ്വയം ഉണ്ടാക്കിയെടുത്തിട്ടുള്ള ഒരു വലിയ പ്രതീക്ഷ ഭാരം കോഹ്ലിയുടെ ചുമലില്‍ ഉള്ളത് കൊണ്ട് എല്ലാ കളിയിലും കോഹ്ലിയുടെ സെഞ്ച്വറി മാത്രമേ ആരാധകരെ തൃപ്തിപ്പെടുത്തുകയുള്ളൂ. എന്നാല്‍ ഇന്നലെയും അതു നടപ്പില്‍ വരുത്താതെ, എത്ര വലിയ സ്‌കോറും പിന്തുടരാന്‍ കെല്‍പ്പുള്ള കോഹ്ലി മറ്റൊരു ചെയ്സിങ്ങില്‍ പകുതിക്ക് വച്ചു വീണു. പതിവു ഫോമിലേക്ക് ഉയരാന്‍ പതിവിലധികം സമയമെടുത്ത രോഹിതിന് കോഹ്ലിയുടെ പുറത്താകല്‍ ഓര്‍ക്കാപ്പുറത്തേറ്റ അടിയായി.

ടീമിന്റെ ഭാരം ഒറ്റക്ക് ചുമലിലേറ്റേണ്ട അവസ്ഥ വന്നതോടെ ഹിറ്റ്മാന്‍ വീണ്ടും പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞു. എന്നാല്‍ ഒരു തുടക്കക്കാരന്റെ പതര്‍ച്ചയില്ലാതെ പന്ത് കളിച്ചു തുടങ്ങിയപ്പോള്‍ വീണ്ടും ഇന്ത്യക്ക് പ്രതീക്ഷ കൈ വന്നു. ഇതിനിടയില്‍ ലോകകപ്പിലെ മറ്റൊരു ശതകം കൂടെ പുറത്താക്കിയ രോഹിത് ഇനി കത്തിക്കയറുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍ തന്റെ രണ്ടാം സ്‌പെല്ലിനെത്തിയ വോക്സ് ഇന്ത്യന്‍ പ്രതീക്ഷകളെ ചവിട്ടി മെതിച്ചു രോഹിതിനെ പുറത്താക്കി. ഐ. പി. എല്‍ വീരകഥകള്‍ സ്വന്തം പേരില്‍ ഒരുപാടുള്ള പന്തും പാണ്ട്യയും മികച്ച രീതിയില്‍ കളിച്ചു തുടങ്ങിയതോടെ രോഹിതിന്റെ പുറത്താകല്‍ ഇന്ത്യയെ ബാധിക്കില്ല എന്നു തോന്നിച്ചു.

റണ്‍ നിരക്കും ഉയരാന്‍ തുടങ്ങി. എന്നാല്‍ ഒരു ഹുക്ക് ഷോട്ടിന് ശ്രമിച്ച പന്തിനെ അതിമനോഹരമായൊരു ഡൈവിംഗ് ക്യാച്ചിലൂടെ വോക്സ് പുറത്താക്കി. പകരമെത്തിയ ധോണി പരമാവധി പാണ്ട്യക്ക് സ്‌ട്രൈക്ക് കൊടുക്കുക എന്ന നയമാണ് സ്വീകരിച്ചത്. എന്നാല്‍ പൊതുവെ വിക്കറ്റിനു പിറകിലേക്ക് അധികം ഷോട്ടുകള്‍ കളിക്കാറില്ലാത്ത പാണ്ട്യയുടെ ശക്തിക്കനുസരിച്ച് മോര്‍ഗന്‍ ഫീല്‍ഡ് തയ്യാറാക്കി, അതിനനുസരിച്ച് ബൗളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ ആ കുഴിയില്‍ പാണ്ട്യ വീണു. അതോടെ ഇന്ത്യയുടെ പ്രതീക്ഷകളത്രയും വെള്ളത്തിലായി. പഴയ ധോണിയെ വിശ്വസിക്കുന്ന പോലെ ഇപ്പോഴത്തെ ധോണിയെ പറ്റില്ല എന്ന തിരിച്ചറിവ് ഇന്ത്യന്‍ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി.

പിന്നീടെത്തിയ ജാദവുമൊത്ത് വിക്കറ്റ് കളയാതെ അന്‍പതോവര്‍ പിടിച്ചു നില്‍ക്കാന്‍ ധോണിക്കായെങ്കിലും ഇത്രയും റണ്‍സ് ആവശ്യമായ സന്ദര്‍ഭത്തിലും സിംഗിളുകള്‍ മാത്രം ഇട്ടു കളിക്കാന്‍ തുനിഞ്ഞ ധോണിയെ വിമര്‍ശിച്ചു പ്രമുഖരടക്കം പലരും രംഗത്ത് വന്നു. ജയിക്കാനായില്ലെങ്കിലും ഒന്നു ശ്രമിച്ചു നോക്കാന്‍ പോലും ഇരുവരും തയ്യാറായില്ല എന്നത് തീര്‍ത്തും നിരാശയുളവാക്കി.

കോഹ്ലി-രോഹിത് സഖ്യത്തിന്റെ ആദ്യ ഓവറുകളിലെ മെല്ലെ പോക്കാണ് തോല്‍വിക്ക് മരുന്നിട്ടത് എന്നും ചിലര്‍ വാദിക്കുന്നുണ്ടെങ്കിലും സ്ഥിരതയില്ലാത്ത മധ്യനിരയുടെ തകര്‍ച്ചയെ ഭയന്നാണ് ഇരുവരും അങ്ങനെ കളിച്ചത്. അതിനു ശേഷം ഇരുവരും നല്ല രീതിയില്‍ റണ്‍ ഉയര്‍ത്തുകയും ചെയ്തതുമാണ്. എന്തായാലും ഈ വിജയത്തോടെ സെമി പ്രതീക്ഷ സജീവമാക്കിയ സജീവമാക്കിയ ഇംഗ്ലണ്ട് പാക്കിസ്ഥാനടക്കമുള്ളവരുടെ സെമി സ്വപ്നത്തിനു മങ്ങലേല്‍പ്പിച്ചു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ തോല്‍വി ഒരു ആഘാതമൊന്നുമല്ല. ഇനിയും രണ്ടു കളികള്‍ ശേഷിക്കെ ഒരു പോയിന്റ് അകലെ നില്‍ക്കുകയാണ് ഇന്ത്യയുടെ സെമി സാധ്യത. അതുകൊണ്ടു തന്നെ ഈ തോല്‍വിയില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാനാണ് ഇന്ത്യ ശ്രമിക്കേണ്ടത്. തിരിച്ചറിവിലേക്ക് നയിക്കപ്പെടുകയാണ് ഇന്ത്യ ഈ തോല്‍വിയിലൂടെ. എവിടെ ഒക്കെയാണ് ഇന്ത്യയുടെ ദൗര്‍ബല്യം എന്നു വെളിവാകാനും അതു പരിഹരിക്കപ്പെടാനും ഇത്തരം തോല്‍വികള്‍ സഹായിക്കും.

2011 ല്‍ ഇന്ത്യ കിരീടം നേടിയ വര്‍ഷം ഇത്തരം തോല്‍വികളിലൂടെ തെറ്റ് തിരുത്തി തന്നെയാണ് ഇന്ത്യ കിരീടത്തിലെത്തിയത്. എല്ലാ മത്സരവും ആധികാരികമായി ജയിച്ചു ന്യൂനതകള്‍ മനസിലാക്കാതെ കലാശപ്പോരാട്ടത്തിനിറങ്ങിയ കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലാകട്ടെ തോല്‍വി പിണയുകയും ചെയ്തു. മുന്‍നിര പുറത്തായാല്‍ മധ്യനിര ഏതു രീതിയില്‍ പ്രതികരിക്കുമെന്നത് ഇപ്പോഴേ വെളിവാകേണ്ടത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്. അതിനനുസരിച്ചു മാറ്റങ്ങള്‍ വരുത്തി ടീമിനെ ഒരുക്കാന്‍ മാനേജ്‌മെന്റിന് കഴിയണം. നോക്ക് ഔട്ട് റൗണ്ടില്‍ പരീക്ഷണങ്ങള്‍ക്ക് മുതിരാന്‍ ഇന്ത്യക്കാകില്ല എന്നതു കൊണ്ടു തന്നെ ഇപ്പോള്‍ തന്നെ പിഴവുകള്‍ തിരുത്തി മുന്നോട്ടു പോകേണ്ടിയിരിക്കുന്നു.

ഗൗതം വിഷ്ണു. എന്‍
എറണാകുളം ലോ കോളെജ് വിദ്യാര്‍ത്ഥിയാണ് ഗൗതം