ലോര്‍ഡ്‌സിലെ ഇന്നലെയിലേക്ക് ഒരുവട്ടം കൂടി
ICC WORLD CUP 2019
ലോര്‍ഡ്‌സിലെ ഇന്നലെയിലേക്ക് ഒരുവട്ടം കൂടി
ഗൗതം വിഷ്ണു. എന്‍
Monday, 15th July 2019, 10:34 am

44 വര്‍ഷത്തെ ലോകകപ്പ് ഫൈനലുകളില്‍ ഇതു പോലൊന്ന് ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകാനും സാധ്യതയില്ല. അത്ര മേല്‍ കളിക്കാരുടെയും കാണികളുടെയും മനസിലും ശരീരത്തിലും തീ കോരിയിട്ട ഒരു മത്സരം ആയിരുന്നു ഇന്നലെ നടന്നത്. ക്രിക്കറ്റ് ലോകം ഇന്നേ വരെ ഒരുമിച്ചു സാക്ഷിയാവാത്ത പല അദ്ഭുതങ്ങള്‍ക്കും ഇന്നലെ ലോര്‍ഡ്സ് വേദിയായി.

നൂറ്റാണ്ടിലെ മത്സരം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒന്നിനെ ക്രിക്കറ്റിന്റെ മെക്കക്ക് വേദിയാകാനായി കരുതി വച്ചതു കാലത്തിന്റെ കാവ്യ നീതി. ലോകത്തിന്റെ ഹൃദയമിടിപ്പ് പോലും ഒരു വൃത്താകൃതിയിലുള്ള മൈതാനത്തേക്ക് ചുരുങ്ങിയ ആ ദിനത്തില്‍ നടമാടിയ അവിശ്വസനീയത ദര്‍ശിച്ചു ലോര്‍ഡ്‌സിലെ പ്രസിദ്ധമായ ഘടികാരം പോലും ചലിക്കാനാകാതെ നിന്നു.

ഇംഗ്ലണ്ട് ഫൈനലിലെത്തുമെന്നു പലരും പ്രവചിച്ചിരുന്നെങ്കിലും ഓസ്ട്രേലിയയെയോ ഇന്ത്യയെയോ പ്രതീക്ഷിച്ചിടത്താണ് അവിചാരിതമായി ന്യൂസിലാന്‍ഡ് കടന്നു വരുന്നത്. ന്യൂസിലാന്‍ഡ് ഇംഗ്ലണ്ടിനു ഒരു ഇരയേ അല്ല എന്നു ചിന്തിച്ചവരെ മൗനികളാക്കിയിരുത്തിയ ഈ മത്സരം തത്സമയം കാണാന്‍ സാധിച്ചവരെ കാലം ഭാഗ്യശാലികള്‍ എന്നു വിളിക്കും.

ഒന്നാം സെമി പോലെ തന്നെ മഴപ്പേടിയിലാണ് ഫൈനലും തുടങ്ങിയത്. പക്ഷേ കലാശപ്പോരിന്റെ ആവേശച്ചൂടില്‍ ടോസ് അല്‍പ്പനേരം വൈകിക്കാനായി എന്നതു മാത്രമായിരുന്നു മഴയുടെ നേട്ടം.

ടോസ് ഭാഗ്യം കടാക്ഷിച്ചത് വില്യംസണെ ആയിരുന്നു. മുന്നും പിന്നും ചിന്തിക്കാതെ ബാറ്റിംഗ് എടുക്കാമായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ഇരു ടീമുകളും സെമി ഇലവന് മാറ്റമൊന്നും വരുത്താതെയാണ് ഇറങ്ങിയത്. ആദ്യ ഓവറുകളിലെ ആത്മവിശ്വാസമാര്‍ന്ന ഷോട്ടുകള്‍ ഗപ്ടിലിന്റെ ഫോം വീണ്ടെടുക്കുമെന്നു തോന്നിച്ചെങ്കിലും നന്നായി കളിച്ചു തുടങ്ങിയ അദ്ദേഹത്തെ മടക്കി വോക്സ് തന്റെ പവര്‍ പ്ലേ മികവ് ആവര്‍ത്തിച്ചു. പിന്നീടെത്തിയ വില്യംസണും നിക്കോള്‍സും ചേര്‍ന്നു ടീമിനെ അതീവ ശ്രദ്ധയോടെ മുന്നോട്ടു നയിച്ചു.

എന്നാല്‍ മധ്യ ഓവറുകളിലെ ഇംഗ്ലണ്ടിന്റെ വജ്രായുധം പ്ലങ്കറ്റ് കിവി നായകനെ ബട്ട്‌ലറുടെ കയ്യില്‍ എത്തിച്ചപ്പോള്‍ ന്യൂസിലാന്‍ഡ് പ്രതീക്ഷകള്‍ അസ്തമിക്കുകയാണോ എന്നു തോന്നിച്ചു. പിന്നാലെ അര്‍ധശതകം തികച്ച നിക്കോള്‍സും കാര്യമായ സംഭാവനകളൊന്നും കൂടാതെ അവരുടെ വിശ്വസ്തനായ ടെയ്ലറും മടങ്ങിയതോടെ പ്രതിരോധത്തിലായ അവരെ ഒറ്റയ്ക്ക് മുന്നോട്ടു നയിച്ചത് ലതാം ആയിരുന്നു. പക്ഷേ മറുവശത്തു ഓള്‍ റൗണ്ടര്‍മാര്‍ക്കടക്കം കാര്യമായൊന്നും ചെയ്യാനാകാതെ വന്നതോടെ ഒരു ശരാശരി ടോട്ടലില്‍ അവര്‍ ഒതുങ്ങി.

ഓസ്‌ട്രേലിയ പോലൊരു ബൗളിംഗ് നിരക്കെതിരെ ഏകദേശം ഇതിനു സമാനമായ സ്‌കോര്‍ പതിനഞ്ചിലധികം ഓവറുകള്‍ ബാക്കിയുള്ളപ്പോള്‍ ലോകകപ്പ് സെമി പോലൊരു വലിയ വേദിയില്‍ അനായാസമായി ജയിച്ചു കയറിയ ഇംഗ്ലണ്ടിന് ഇതും എളുപ്പമാകുമെന്നു കാണികള്‍ കണക്കുകൂട്ടി.

എന്നാല്‍ ആരു എഴുതി തള്ളിയാലും കിവികളെ അങ്ങനെ തള്ളി കളയാന്‍ പറ്റാത്ത ഒരു കൂട്ടരുണ്ടായിരുന്നു, ഇന്ത്യക്കാര്‍. കാരണം തങ്ങളുടെ ടീമിനെതിരെ ഇത്തരത്തിലുള്ള ഒരു സ്‌കോര്‍ അവര്‍ പ്രതിരോധിച്ചത് ഇന്ത്യന്‍ ആരാധകര്‍ അനുഭവിച്ചറിഞ്ഞതാണ്.

ന്യൂസിലാന്‍ഡിനെ എഴുതിതള്ളാന്‍ തയ്യാറാവാത്തവര്‍ ആയിരുന്നു ശരി എന്നു തെളിയിക്കപ്പെടുകയായിരുന്നു ലോര്‍ഡ്സില്‍. വലിയ ഇന്നിങ്‌സിന് പ്രാപ്തനായ റോയിയെ പവര്‍ പ്ലേയില്‍ തന്നെ മടക്കി ഇംഗ്ലണ്ടിനു കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല എന്ന സൂചന അവര്‍ നല്‍കി. ഫൈനലിന്റെ സമ്മര്‍ദ്ദവും നന്നായി പന്തെറിഞ്ഞു കൊണ്ടിരുന്ന കിവി ബൗളര്‍മാരും ഇംഗ്ലീഷുകാരെ വരിഞ്ഞുമുറുക്കി. തന്റെ സ്വതസിദ്ധമായ ശൈലിയിലേക്ക് പോകാന്‍ അനുവദിക്കാതെ തളച്ചിട്ടതിന്റെ ഫലമായി റൂട്ടും മോശം ഷോട്ട് കളിച്ചു പവലിയനിലേക്ക് മടങ്ങിയപ്പോള്‍ അധികം താമസിയാതെ ബയര്‍‌സ്റ്റോയും കൂടാരം കയറി.

അതോടെ സമ്മര്‍ദ്ദത്തിലായ ഇംഗ്ലണ്ടിനു നങ്കൂരമിട്ടു കളിച്ചു ടീമിനെ കരക്കെത്തിക്കാന്‍ തക്ക പ്രാപ്തി ഉള്ളയൊരാളെയായിരുന്നു ആവശ്യം. അതു നായകന്‍ മോര്‍ഗന്‍ തന്നെയാകുമോ എന്നു ലോകം ഉറ്റു നോക്കിയെങ്കിലും അധിക നേരം പ്രതിരോധിച്ചു നില്‍ക്കാന്‍ തയ്യാറാകാതെ വന്ന മോര്‍ഗന്റെ മനസ് അദ്ദേഹത്തെ വമ്പനടിക്ക് പ്രേരിപ്പിച്ചപ്പോള്‍ ഇംഗ്ലണ്ട് കളി കൈവിട്ടെന്നു തോന്നിച്ചു.

എന്നാല്‍ പിന്നീടാണ് അവരുടെ രക്ഷകര്‍ അവതരിച്ചത്. ഈ ലോകകപ്പിലുടനീളം മികച്ച ഫോമില്‍ കളിച്ച സ്റ്റോക്സും വെറും ശരാശരി മാത്രമായി ഈ ടൂര്‍ണമെന്റില്‍ ഒതുങ്ങിക്കൂടിയ ബട്ട്‌ലറും ടീമിനെ കരകയറ്റാനാരംഭിച്ചു.

നങ്കൂരമിടാന്‍ സ്റ്റോക്സും ആക്രമിച്ചു കളിക്കാന്‍ ബട്ട്‌ലറും തുനിഞ്ഞതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷയുടെ സൂര്യന്‍ ലോര്‍ഡ്‌സിനു മീതെ ഉദിച്ചു നിന്നു. സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പുമായി ഈ സഖ്യം ടീമിനായി വെന്നിക്കൊടി പാറിക്കുമെന്നു തോന്നിച്ചിടത്താണ് ഫൈനലിന്റെ അവിശ്വനീയതയുടെ ആരംഭം.

റണ്‍ നിരക്ക് ഉയര്‍ത്തേണ്ട അവസ്ഥയെത്തിയപ്പോള്‍ ഉയര്‍ത്തി അടിച്ച ബട്‌ലറിനെ പകരക്കാരന്‍ ഫീല്‍ഡറായ സൗത്തി അതിമനോഹരമായ ഒരു റണ്ണിംഗ് ക്യാച്ചിലൂടെ പുറത്താക്കി. പിന്നാലെയെത്തിയ വോക്സിനും പിടിച്ചു നില്‍ക്കാനാകാതെ വന്നതോടെ ഭാരം മുഴുവന്‍ സ്റ്റോക്‌സിന്റെ ചുമലിലായി.

മുന്‍പും ഒരുപാട് തവണ ടീമിനെ ആപത്ഘട്ടങ്ങളില്‍ രക്ഷിച്ചിട്ടുള്ള സ്റ്റോക്‌സ് വീണ്ടുമൊരു രക്ഷകന്റെ മേലാങ്കി അണിയുന്നതാണ് പിന്നീട് കണ്ടത്. മറുവശത്തു പ്ലങ്കറ്റും ചില ബൗണ്ടറികളിലൂടെ സ്‌കോറിങ് ഉയര്‍ത്തി. കളി എങ്ങോട്ടു വേണമെങ്കിലും തിരിയാമെന്ന അവസ്ഥയില്‍ അവസാനത്തേതിനു മുന്‍പത്തെ ഓവര്‍ പാര്‍ട്ട് ടൈം ബൗളറായ നീഷാമിനെ ഏല്‍പ്പിക്കാന്‍ വില്യംസണ്‍ തീരുമാനിച്ചത് പലരുടെയും നെറ്റി ചുളുപ്പിച്ചു.

എന്നാല്‍ നിര്‍ണായകമായ പ്ലങ്കറ്റിന്റെയും ആര്‍ച്ചറിന്റെയും വിക്കറ്റുകള്‍ പിഴുതു നീഷാം ഇംഗ്ലണ്ടിനും സ്റ്റോക്‌സിനും കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാക്കി. അവസാന ഓവറില്‍ 15 റണ്‍സ് ഇംഗ്ലണ്ടിനു വേണ്ടതായി വന്നു. ആദ്യ രണ്ടു പന്തിലും റണ്‍ ഒന്നും നേടാനാകാതെ പോയ സ്റ്റോക്‌സ് മൂന്നാം പന്തില്‍ മനോഹരമായ ഒരു ഷോട്ടിലൂടെ സിക്‌സ് സ്വന്തമാക്കി.

പിന്നീടാണ് നാടകീയത അതിന്റെ പാരമ്യത്തിലെത്തിയ അവസ്ഥ സംജാതമായത്. മിഡ് വിക്കറ്റിലേക്ക് അടിച്ച പന്തില്‍ രണ്ടാം റണ്ണിനായി ഓടിയ സ്റ്റോക്‌സ് വിക്കറ്റ് കാത്തു രക്ഷിക്കാന്‍ ഡൈവ് ചെയ്തപ്പോള്‍ ബൗണ്ടറി ലൈനില്‍ നിന്നും വന്ന ത്രോ സ്റ്റോക്‌സിന്റെ ബാറ്റിലിടിച്ചു ബൗണ്ടറി ലൈനിലേക്ക് പോയി. സ്റ്റോക്‌സ് ഓടിയെടുത്ത രണ്ടു റണ്‍ ഉള്‍പ്പെടെ 6 റണ്‍സ് നേടാന്‍ ആ പന്തില്‍ ഇംഗ്ലണ്ടിനു കഴിഞ്ഞു. അതു കണ്ടു തങ്ങളുടെ നിര്‍ഭാഗ്യത്തെ കുറിച്ചോര്‍ത്തു സ്തബ്ധരായി നില്‍ക്കാനേ കെയ്നിനും കൂട്ടര്‍ക്കുമായുള്ളൂ.

രണ്ടു പന്തില്‍ മൂന്നു റണ്‍സ് മാത്രം മതിയായിരുന്ന ഇംഗ്ലണ്ട് ജയം ഉറപ്പിച്ചിടത്ത് വീണ്ടും അദ്ഭുതം സംഭവിച്ചു. അടുത്ത പന്തില്‍ ഡബിള്‍ ഓടാനുള്ള സ്റ്റോക്‌സിന്റെ ശ്രമത്തില്‍ സ്വന്തം വിക്കറ്റ് ബലി കഴിക്കേണ്ടി വന്നു ആദില്‍ റഷീദിന്. ഒരു പന്തില്‍ രണ്ടു റണ്‍ എന്ന അവസ്ഥയില്‍ മുന്‍പത്തെ പന്തിന്റെ തനിയാവര്‍ത്തനത്തില്‍ രണ്ടാം റണ്ണിനോടിയ വുഡും റണ്‍ ഔട്ടായതോടെ ലോകകപ്പ് ഫൈനല്‍ ചരിത്രത്തില്‍ ഇരു ടീമും തുല്യമാകുന്ന ആദ്യ അവസ്ഥ വന്നു ഭവിച്ചു. കണ്മുന്നില്‍ കാണുന്ന സത്യത്തെ വിശ്വസിക്കാനാകാതെ ലോര്‍ഡ്സില്‍ തടിച്ചു കൂടിയ ഏവരും പരസ്പരം നോക്കി.

കലാശപ്പോരാട്ടത്തില്‍ ഫലമുണ്ടാകേണ്ടത് അത്യാവശ്യമാണെന്നിരിക്കെ നിയമ പ്രകാരമുള്ള സൂപ്പര്‍ ഓവറിലേക്ക് കളി നീങ്ങി. ഇംഗ്ലണ്ട് തന്നെയായിരുന്നു ബാറ്റ് ചെയ്യേണ്ടിയിരുന്നത്. കളിച്ചു ക്ഷീണിച്ചെങ്കിലും ടീമിനു ലോകകപ്പ് നേടിക്കൊടുക്കാനുള്ള അടങ്ങാത്ത ആഗ്രഹത്തിന്റെ പുറത്തു വീണ്ടും ബാറ്റിങ്ങിനിറങ്ങിയ സ്റ്റോക്‌സിന് കൂട്ടായി എത്തിയത് ബട്‌ലറായിരുന്നു.

വില്യംസണ്‍ തന്റെ വിശ്വസ്തനായ ബോള്‍ട്ടിനെ തന്നെ പന്തേല്‍പ്പിച്ചു. ബോള്‍ട്ട് നന്നായി തന്നെ പന്തെറിഞ്ഞെങ്കിലും രണ്ടു ബൗണ്ടറികളുടെ സഹായത്തോടെ 16 റണ്‍സെന്ന വിജയലക്ഷ്യം ന്യൂസിലാന്‍ഡിനു മുന്നില്‍ വക്കാന്‍ ഇംഗ്ലണ്ടിനു കഴിഞ്ഞു. ഇതോടെ തങ്ങള്‍ ജയിച്ചു എന്നു ഏറെ കുറേ ഉറപ്പിച്ച ഇംഗ്ലീഷ് ആരാധകര്‍ ആനന്ദനൃത്തമാടാന്‍ തുടങ്ങി.

എന്നാല്‍ പിന്നെയും ജിജ്ഞാസ വര്‍ധിപ്പിച്ചു കൊണ്ട് കിവികള്‍ക്കായി ബാറ്റിങ്ങിനിറങ്ങിയ നീഷാം ഒരു സിക്‌സ് അടക്കം ആദ്യ മൂന്നു പന്തില്‍ തന്നെ 10 റണ്‌സെടുത്തതോടെ ഇംഗ്ലണ്ട് മറ്റൊരു ലോകകപ്പ് ഫൈനല്‍ ദുരന്തത്തിലേക്കാണോ പോകുന്നതെന്ന് തോന്നിച്ചു.

എന്നാല്‍ ശാന്തമായി തന്നെ പന്തെറിഞ്ഞ ആര്‍ച്ചര്‍ ന്യൂസിലന്‍ഡിന്റെ ലക്ഷ്യം ഒരു പന്തില്‍ രണ്ടു റണ്‍സാക്കി. സൂപ്പര്‍ ഓവറിലെ തന്റെ ആദ്യ പന്ത് നേരിടാന്‍ തയ്യാറായ ഗപ്ടിലിന് അതു വലിയൊരു അവസരമായിരുന്നു. താന്‍ തീര്‍ത്തും നിറം മങ്ങിയ ഈ ലോകകപ്പിന്റെ അവസാനം ടീമിന്റെ ഹീറോ ആകാനുള്ള അവസരം.

എന്നാല്‍ ആര്‍ച്ചറിന്റെ യോര്‍ക്കര്‍ മിഡ് വിക്കറ്റിലേക്ക് കളിച്ചു രണ്ടു റണ്‍ ഓടിയെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു റണ്‍ ഔട്ടായപ്പോള്‍ സ്‌കോര്‍ വീണ്ടും തുല്യമായി തന്നെ നിന്നു. അങ്ങനെ ഐ. സി. സി. യുടെ നിയമപ്രകാരം കളിയില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യാപിച്ചു.

കളി ഗതിയിലുടനീളം തോല്‍ക്കാന്‍ മനസ്സില്ലാത്ത വില്യംസണിന്റെ കിവി പടക്ക് മടക്കം കണ്ണീരിന്റേതായി. ‘Its coming home ‘ എന്ന വാചകം വര്ഷങ്ങളായി കണ്ണീരോടെ മാത്രം പാടി നിര്‍ത്തേണ്ടി വന്ന ഇംഗ്ലീഷ് ആരാധകര്‍ക്ക് ‘it has come home ‘ എന്നു തിരുത്തിപ്പാടാന്‍ അവസരമുണ്ടായതോടെ ബിയര്‍ -ഷാംപൈന്‍ കുപ്പികളോടെ അവര്‍ തുള്ളിച്ചാടി.

കൊച്ചു കുട്ടിയെ പോലെ റോയിയുടെ ദേഹത്ത് കേറി ഇരുന്നു അലറി വിളിച്ച റൂട്ടും അമിതമായ ആഘോഷങ്ങളില്ലാതെ നടന്നകന്ന മോര്‍ഗനും സന്തോഷാശ്രു പൊഴിച്ചു മുട്ടു കുത്തിയിരുന്ന ആര്‍ച്ചറും ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ ആനന്ദകാഴ്ചകളായപ്പോള്‍ ടീമിനെ ജയിപ്പിക്കാനാവാത്തതിന്റെ ദുഃഖം പേറി മൈതാനത്തിരുന്നു പൊട്ടി കരഞ്ഞ ഗപ്ടിലും ഇത്ര മനോഹരമായി ഒരു ടീമിനെ നയിച്ചിട്ടും വിജയത്തിലെത്തിക്കാന്‍ കഴിയാത്തതിന്റെ അടങ്ങാത്ത നിരാശ ഒരു ചെറു ചിരിയില്‍ മറച്ചു പിടിച്ച വില്യംസണും കാണികളെ വിഷമവൃത്തത്തിലാക്കി.

എന്നാല്‍ ഇവരെല്ലാവര്‍ക്കും പുറമേ ഈ ലോകകപ്പ് ഫൈനല്‍ അറിയപ്പെടേണ്ടത് മറ്റൊരാളുടെ പേരിലാണ്. ബെന്‍ സ്റ്റോക്‌സ്. മൂന്നു വര്‍ഷം മുന്‍പ് കൈപ്പിടിയിലൊതുക്കേണ്ടിയിരുന്ന ടി-20 ലോക കിരീടത്തെ തന്റെ അവസാന ഓവറില്‍ നഷ്ടപ്പെടുത്തിയതിനു പ്രായശ്ചിത്തമെന്ന വണ്ണം അതിലും പ്രധാനപ്പെട്ട ഒരു കിരീടം ടീമിനായി നേടി കൊടുക്കുമ്പോള്‍ സ്റ്റോക്‌സ് സീറോയില്‍ നിന്നും ഹീറോ ആയി മാറി. അദ്ദേഹത്തിനായി ലോകം കാത്തു വച്ചത് തന്നെയാകാം ഈ കനകകിരീടം. അതു കൊണ്ടു തന്നെയാണ് ഭാഗ്യദേവത ഇംഗ്ലണ്ടിനൊപ്പം നിന്നത്.

തോല്‍വിയിലും ആശ്വാസമേകി നായകമികവിനും ബാറ്റിംഗ് മികവിനുമുള്ള അംഗീകാരമായി കെയ്ന്‍ വില്യംസണ്‍ എന്ന സ്വര്‍ണതാടിക്കാരനെ തേടി ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം തേടിയെത്തിയത് മനസ് നിറക്കുന്ന രംഗമായി. ടീമിന്റെ അവിശ്വസനീയ തോല്‍വിയിലും പുഞ്ചിരി തൂകി നിന്ന വില്യംസണ്‍ 2011 ല്‍ ഇന്ത്യ നേടിയ ലോകകപ്പ് വിജയത്തിനിടയിലും തന്റെ ടീമിന്റെ തോല്‍വിയിലും പുഞ്ചിരിച്ചു കൊണ്ടു മടങ്ങിയ സംഗക്കാരയെ അനുസ്മരിപ്പിച്ചു.

46 ദിനരാത്രങ്ങള്‍ ക്രിക്കറ്റിന്റെ കേളികൊട്ടുയര്‍ത്തി, ക്രിക്കറ്റിന്റെ തറവാട്ട് മുറ്റത്ത് അരങ്ങേറിയ ലോക ക്രിക്കറ്റ് മാമാങ്കം അവസാനിക്കുമ്പോള്‍ ആതിഥേയര്‍ക്ക് സ്വന്തമാകുന്ന കാഴ്ച ഇവിടെയും ആവര്‍ത്തിച്ചു. 2015 ലെ തോല്‍വിയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടു ഇംഗ്ലണ്ട് നടത്തിയ തയ്യാറെടുപ്പുകള്‍ പാഴായി പോകാതിരുന്നപ്പോള്‍ തുടര്‍ച്ചയായി രണ്ടു ഫൈനലുകളില്‍ തോറ്റു ഹൃദയം തകര്‍ന്നിരിക്കാനാണ് ന്യൂസിലാന്‍ഡിനു യോഗം.

ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ചിടത്തോളം ഇനി കാത്തിരിപ്പിന്റെ നാളുകളാണ്. നാലു വര്‍ഷത്തിലൊരിക്കല്‍ വിരുന്നു വരുന്ന ലോകകപ്പിനായുള്ള കാത്തിരിപ്പ് ഇനി അവസാനിക്കുക 2023 ല്‍ ഇന്ത്യയിലാണ്. അതു വരെ ഇനി ലോക ക്രിക്കറ്റിന്റെ തലപ്പത്തു ഇംഗ്ലണ്ട് ഉണ്ടാകും, കിരീടം വെക്കാത്ത രാജാക്കന്മാരെന്ന തലവര മാറ്റിക്കുറിച്ച ആനന്ദത്തില്‍.

WATCH THIS VIDEO:

ഗൗതം വിഷ്ണു. എന്‍
എറണാകുളം ലോ കോളെജ് വിദ്യാര്‍ത്ഥിയാണ് ഗൗതം