ആവേശോജ്വലമായ വിടവാങ്ങല്‍ നടത്തി അഫ്ഗാന്‍, വിന്‍ഡീസ്, ഗെയ്ല്‍...
ICC WORLD CUP 2019
ആവേശോജ്വലമായ വിടവാങ്ങല്‍ നടത്തി അഫ്ഗാന്‍, വിന്‍ഡീസ്, ഗെയ്ല്‍...
ഗൗതം വിഷ്ണു. എന്‍
Friday, 5th July 2019, 12:13 am

സെമി ഫൈനല്‍ ആരൊക്കെ തമ്മിലാണെന്നു ഏറെ കുറേ ധാരണ ആയി നില്‍ക്കുന്ന ഈ സമയത്ത് ലോകകപ്പില്‍ നിന്നു ആദ്യമേ പുറത്തായ രണ്ടു ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ തീര്‍ത്തും അപ്രധാനമായ മത്സരം എന്നേ അതിനെ എല്ലാവരും വിശേഷിപ്പിച്ചിട്ടുള്ളൂ. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടം ആവേശകരമാകുമെന്ന് പ്രവചിച്ചവര്‍ വിരളമാണ്. ഇതുവരെ അക്കൗണ്ട് തുറക്കാനാകാത്ത അഫ്ഗാനും പാക്കിസ്ഥാനില്‍ നിന്നും മഴയില്‍ നിന്നും മാത്രം കിട്ടിയ മൂന്നു പോയിന്റുമായി വിന്‍ഡീസും കൊമ്പുമോര്‍ക്കുമ്പോള്‍ വിജയം ആര്‍ക്കൊപ്പമെന്ന അപ്രസക്തമായ ഒരു ചോദ്യം മാത്രമാണ് ഈ കളിയില്‍ അവശേഷിച്ചിരുന്നത്.

ലോകകപ്പോടെ ഏകദിനങ്ങളില്‍ നിന്നു വിടവാങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന ഗെയ്ലിന്റെ അവസാന മത്സരമെന്ന പ്രത്യേകത കൂടി ഇന്നലത്തേതിനുണ്ടായിരുന്നു.

ലീഡ്സിലെ ഹെഡിങ്ലി മൈതാനത്തു ടോസ് നേടിയ വിന്‍ഡീസ് ഈ ലോകകപ്പില്‍ തുടര്‍ന്നു പോരുന്ന പാത പിന്തുടര്‍ന്നു ബാറ്റിംഗ് തിരഞ്ഞെടുത്തു. ആംബ്രിസിനു പകരം എവിന്‍ ലൂയിസ് തിരിച്ചെത്തിയതായിരുന്നു വിന്‍ഡീസ് നിരയിലെ മാറ്റം. എന്നാല്‍ വിടവാങ്ങല്‍ മത്സരത്തില്‍ കേവലം ഒരു ബൗണ്ടറിയുടെ മാത്രം അകമ്പടിയോടെ ഏഴു റണ്‍സെടുത്ത ഗെയ്ല്‍ പുറത്തായത് കാണികളെല്ലാവരെയും നിരാശരാക്കി.

എന്നാല്‍ തിരിച്ചു വരവ് ഗംഭീരമാക്കി ലൂയിസും മോശം ഫോമിനെ തുടര്‍ന്നു ഈ ലോകകപ്പില്‍ ധാരാളം പഴി കേട്ട ഷായി ഹോപ്പും മികച്ച പ്രകടനം പുറത്തെടുത്തതോടെ ഗെയ്ലിന്റെ നേരത്തെയുള്ള പുറത്താകല്‍ അവരെ ബാധിച്ചതേയില്ല. മികച്ച ഒരു ഇന്നിംഗ്‌സ് കളിച്ചതിനു ശേഷം ലൂയിസ് പുറത്തായെങ്കിലും പിന്നീടെത്തിയ ഹെട്മായറെ കൂട്ടു പിടിച്ചു ഹോപ്പ് വീണ്ടും കളി നിയന്ത്രണത്തിലാക്കി.

എന്നാല്‍ നന്നായി തുടങ്ങിയതിനു ശേഷം വിക്കറ്റ് വലിച്ചെറിയുന്ന ശീലം ആവര്‍ത്തിച്ച ഹെട്മായറിനു പിന്നാലെ ഹോപ്പും മടങ്ങി. എങ്കിലും ഇനി വരാനിരിക്കുന്ന വമ്പനടിക്കാര്‍ക്ക് ആടി തിമിര്‍ക്കാനുള്ള വേദി ഒരുക്കിയിട്ടാണ് വിന്‍ഡീസിന്റെ മുന്‍നിര ബാറ്റ്സ്മാന്മാര്‍ കൂടാരം കയറിയത്. ഈ ലോകകപ്പില്‍ വിന്‍ഡീസിനെ മുന്നോട്ടു നയിക്കുന്നതില്‍ പ്രധാനിയായ പൂരനും ഹോള്‍ഡറും ചേര്‍ന്ന് അതിവേഗത്തില്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ തുടങ്ങി.

റഷീദ് ഖാനെയും മുജീബിനെയും പോലുള്ള അഫ്ഗാന്‍ കുന്തമുനകളെ പോലും അവര്‍ വെറുതെ വിട്ടില്ല. പതിഞ്ഞും തെളിഞ്ഞുമുള്ള ഷോട്ടുകളാല്‍ ഇരുവരും കളം നിറഞ്ഞു കളിച്ചു. അവസാന ഓവറിലെ ആദ്യ രണ്ടു പന്തുകളില്‍ ഇരുവരും പുറത്തായെങ്കിലും സുരക്ഷിത സ്ഥാനത്ത് ടീമിനെ എത്തിച്ചതിനു ശേഷം മാത്രമാണ് അവര്‍ പവലിയനില്‍ തിരിച്ചെത്തിയത്.

അവസാന നാലു പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സുമടക്കം ബ്രത്വെയ്റ്റ് മിന്നല്‍പ്പിണര്‍ കൂടെ തീര്‍ത്തപ്പോള്‍ അവസാന പത്തോവറില്‍ 114 റണ്‍സ് കൂട്ടി ചേര്‍ത്ത് മുന്നൂറിന് മുകളിലെത്താന്‍ കരീബിയന്‍ ദ്വീപുകാര്‍ക്കായി.

ശരാശരി ബാറ്റിംഗ് നിരയുള്ള അഫ്ഗാനെ സംബന്ധിച്ചിടത്തോളം ഈ വലിയ വിജയലക്ഷ്യം ദുഷ്‌ക്കരമാണെന്നു തോന്നിച്ചു. നായകന്റെ പെട്ടെന്നുള്ള പുറത്താകല്‍ ആ തോന്നല്‍ ശരിവെക്കുകയും ചെയ്തു. എന്നാല്‍ സ്ഥാനക്കയറ്റം കിട്ടി ഇറങ്ങിയ ഇക്രം അലി ഖില്‍ ആ അവസരം മുതലാക്കി ഒരു തുടക്കക്കാരന്റെ പതര്‍ച്ചയൊന്നുമില്ലാതെ കളിച്ചപ്പോള്‍ മറുവശത്തു റഹ്മത് തന്റെ സമീപകാല മികച്ച ഫോം തുടരാനുള്ള ഭാവമായിരുന്നു. ഇരുവരുടെയും കൂട്ടുകെട്ട് ശതകവും കടന്നു പോയപ്പോള്‍ അഫ്ഗാന്‍ ചരിത്രം കുറിക്കുമെന്നു തോന്നിച്ചു.

എന്നാല്‍ വിടവാങ്ങല്‍ മത്സരത്തില്‍ മനോഹരമായൊരു ക്യാച്ചിലൂടെ ആ കൂട്ടുകെട്ട് ഗെയ്ല്‍ പൊളിച്ചു. എന്നാലും ഇക്രം വിടാനുള്ള ഭാവമില്ലായിരുന്നു. പിന്നീടെത്തിയ നജീബുള്ളയെയും കൂട്ടുപിടിച്ചു അഫ്ഗാനെ ഖില്‍ മുന്നോട്ടു കൊണ്ടു പോയി. എന്നാല്‍ അപ്രതീക്ഷിതമായി ഒരേ ഓവറില്‍ ശതകത്തിനരികില്‍ വച്ചു അലി ഖില്‍ പുറത്താകുകയും നജീബുള്ള റണ്‍ ഔട്ടാകുകയും ചെയ്തതോടെ അഫ്ഗാന്‍ പ്രതിരോധത്തിലായി.

പിന്നാലെയെത്തിയ മുന്‍ നായകന്‍ അസ്ഗര്‍ അഫ്ഗാന്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും മറുവശത്തു പിന്തുണ നല്‍കാന്‍ ആരുമുണ്ടാകാതെ പോയി. ചില വലിയ ഷോട്ടുകള്‍ കളിച്ചു വാലറ്റത്തു ഷിര്‍സാദ് പ്രതീക്ഷ ജ്വലിപ്പിച്ചെങ്കിലും ലക്ഷ്യത്തിലെത്താതെ അഫ്ഗാന്റെ പടയോട്ടം അവസാനിച്ചു.

ലോകകപ്പിലേക്കുള്ള ക്വാളിഫൈയര്‍ മത്സരത്തില്‍ തങ്ങളെ തോല്‍പ്പിച്ചതിന്റെ മധുര പ്രതികാരം കൂടെയായി അഫ്ഗാനോട് വിന്‍ഡീസിനിത്. എങ്കിലും ഇന്ത്യയെയും പാകിസ്താനെയും ഉള്‍പ്പെടെ പല വമ്പന്മാരെയും വിറപ്പിക്കുകയും വിജയത്തിനരികെ എത്തുകയും ചെയ്തിട്ടാണ് അഫ്ഗാന്‍ മടങ്ങുന്നത്. അവരുടെ പോയിന്റ് പട്ടികയിലെ സ്ഥാനം സൂചിപ്പിക്കുന്ന പോലെ ദയനീയമായിരുന്നില്ല അവരുടെ തോല്‍വികള്‍.

അതു കൊണ്ടു തന്നെ തലയുയര്‍ത്തി തന്നെ മടങ്ങാം അവര്‍ക്ക്. മറുവശത്തു നല്ല ടീമുണ്ടായിട്ടും ഒത്തിണക്കമില്ലായ്മ കാണിച്ചതിന്റെ വിനയാണ് വിന്‍ഡീസ് അനുഭവിച്ചത്. എങ്കിലും വിജയത്തോടെ ലോകകപ്പില്‍ നിന്നു പടിയിറങ്ങാന്‍ സാധിച്ചു എന്നത് അവര്‍ക്ക് ആശ്വാസമേകുന്നു.

ക്രിസ്റ്റഫര്‍ ഹെന്റി ഗെയ്ല്‍ എന്ന ജമൈക്കക്കാരന്‍ യൂണിവേഴ്‌സല്‍ ബോസ്സിന്റെ ഏകദിന ക്രിക്കറ്റില്‍ നിന്നുള്ള പടിയിറക്കത്തിനു കൂടെ ലീഡ്‌സ് ഇന്നലെ വേദിയായി. യുവാക്കളുടെ സംഘമായ ഇന്നത്തെ വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ നിന്നും ഗെയ്ല്‍ കൂടെ പടിയിറങ്ങുന്നതോടെ ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്. ഡ്രൈവുകളും സ്‌ട്രോക്ക് മേക്കിങ്ങുമാണ് ക്രിക്കറ്റിന്റെ ഭംഗി എന്ന പഴയ കാല സങ്കല്‍പ്പത്തെ തിരുത്തിയെഴുതി ബാക്കിയുള്ളവര്‍ ആഞ്ഞടിച്ചു നേടുന്നതിലും ദൂരം പൂ പറിക്കുന്ന ലാഘവത്തോടെ പന്തിനെ പായിച്ചിരുന്ന ഗെയ്ല്‍ അതിനും വന്യമായ ഒരു ഭംഗിയുണ്ടെന്നു തെളിയിച്ചു.

സിക്‌സുകള്‍ കൊണ്ടു റണ്‍സ് നേടുക എന്നതു മാത്രമല്ല, ഒരുപാട് ദൂരങ്ങള്‍ കീഴടക്കുക എന്നതും ഗെയ്ലിന്റെ അജണ്ടയായിരുന്നു. ഫോമിലെത്തിയാല്‍ സ്പിന്‍ പേസ് വകഭേദമില്ലാതെ, ബൗളര്‍മാരുടെ കഴിവിനെ ബഹുമാനിക്കാതെ തലങ്ങും വിലങ്ങും പ്രഹരിക്കുന്ന ദയാഹീനനായ ഈ ക്രിക്കറ്റര്‍ പക്ഷേ പാഡ് അഴിച്ചാല്‍ ഒരു കൊച്ചു കുട്ടിയെ പോലെയാണ്. കളിയും ചിരിയും പ്രശസ്തമായ ഗന്നം സ്‌റ്റൈല്‍ ആഘോഷവുമൊക്കെയായി ക്രിക്കറ്റിനെ ഉത്സവമാക്കി മാറ്റുന്ന, ലോകത്തെവിടെയും കാണികളെ ത്രസിപ്പിക്കുന്നതില്‍ ഒരു പിശുക്കും കാണിക്കാത്ത ഗെയ്ല്‍ ഒരുപാട് റെക്കോര്‍ഡുകള്‍ക്കും ഉടമയാണ്.

ഏറ്റവുമധികം സിക്‌സുകള്‍ നേടി എന്നതിനപ്പുറം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്കാരനല്ലാത്ത രണ്ടേ രണ്ടു പേര്‍ക്കാണ് ഇരട്ട ശതകം തികക്കാനായത്. അതിലൊരാളായ ഗെയ്ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ മുന്നൂറു കടന്ന ചുരുക്കം ചിലരുടെ പട്ടികയിലും ഇടം പിടിച്ചിട്ടുണ്ട്. ലോകത്തെവിടെ ടി 20 ലീഗ് നടന്നാലും അവിടുത്തെ സ്ഥിരം സാന്നിധ്യമായി ഇന്നും നിലകൊള്ളുന്ന ഗെയ്ല്‍ ഇനി മുതല്‍ വിന്‍ഡീസിന്റെ ഏകദിന ചരിത്രത്തിലേക്ക് മായുകയാണ്. ഇനി ഉണ്ടാകുമോ ഇങ്ങനൊരു പ്രതിഭാസം എന്ന ചോദ്യം എല്ലാവരിലും അവശേഷിപ്പിച്ചു കൊണ്ടു തന്നെ.

 

ഗൗതം വിഷ്ണു. എന്‍
എറണാകുളം ലോ കോളെജ് വിദ്യാര്‍ത്ഥിയാണ് ഗൗതം