സെമിയിലെ രാജാക്കന്മാര്‍
ICC WORLD CUP 2019
സെമിയിലെ രാജാക്കന്മാര്‍
ഗൗതം വിഷ്ണു. എന്‍
Sunday, 7th July 2019, 10:33 am

അപ്രധാന മത്സരങ്ങളുടെ കുത്തൊഴുക്കിനു ശേഷം വീണ്ടും മുഖ്യധാരാ മത്സരങ്ങളിലേക്ക് ലോകകപ്പ് തിരിച്ചെത്തിയ ദിനമായിരുന്നു ഇന്നലെ. ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് തുടങ്ങിയവര്‍ സെമിയിലെത്തിയെങ്കിലും ആരൊക്കെ തമ്മിലാകും സെമി എന്നത് ഇന്നലെയോടെ മാത്രമേ വ്യക്തമാകുകയുണ്ടായിരുന്നുള്ളൂ.

ഇന്നലെ നടന്ന രണ്ടു കളികളില്‍ ആദ്യം ഏറ്റുമുട്ടിയത് ഇന്ത്യയും അയല്‍രാജ്യമായ ലങ്കയും തമ്മിലായിരുന്നു. ഇന്ത്യയുടെ സമീപകാല ഫോം വച്ചു ലങ്കയെ എളുപ്പം മറികടക്കുമെന്ന സാധ്യത നിലനില്‍ക്കെ രണ്ടാമത്തെ കളിയില്‍ ദക്ഷിണാഫ്രിക്കക്ക് ഓസ്ട്രേലിയയെ തോല്‍പ്പിക്കാനായാല്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യയാകും ഒന്നാമതെത്തുക. അതു വഴി ഇന്ത്യ -ന്യൂസിലാന്‍ഡ് സെമി നടക്കും, അല്ലെങ്കില്‍ ഇന്ത്യക്ക് എതിരാളികള്‍ ഇംഗ്ലണ്ട് ആയിരിക്കുമെന്നതായിരുന്നു സ്ഥിതി.

ന്യൂസിലാന്‍ഡ് മോശക്കാരല്ലെങ്കില്‍ കൂടി സെമിയില്‍ ഇംഗ്ലണ്ടിനേക്കാള്‍ മറികടക്കാന്‍ എളുപ്പം ന്യൂസിലന്‍ഡിനെ ആണെന്നത് ലങ്കക്കെതിരെ അധികം പരീക്ഷണങ്ങള്‍ക്ക് മുതിരാതെ നന്നായി കളിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചു.

ലീഡ്സിലെ മൈതാനത്തു ടോസ് നേടിയ ലങ്കന്‍ നായകന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. ലങ്കയെ പോലെ താരതമ്യേന ദുര്‍ബലരായവര്‍ക്കെതിരെ രണ്ടാമതു ബാറ്റ് ചെയ്തു വിജയിച്ചു സ്‌കോര്‍ പിന്തുടര്‍ന്നു ജയിക്കുന്നതിലുള്ള ആത്മവിശ്വാസം വീണ്ടെടുക്കാമെന്ന അവസരമുണ്ടായിരുന്നതിനാല്‍ ടോസ് നഷ്ടപ്പെട്ടത് ഒരു തരത്തില്‍ നന്നായി എന്നു തോന്നി. ചാഹലിനു വിശ്രമം നല്‍കി കുല്‍ദീപിനെ തിരിച്ചു കൊണ്ടു വന്നപ്പോള്‍ പരിക്കു ഭീതിയില്‍ ഷമിയെ മാറ്റി നിര്‍ത്തി ജഡേജക്ക് ഈ ലോകകപ്പിലെ ആദ്യ അവസരം നല്‍കി.

ഒരു വശത്തു തുടരെ തുടരെ രണ്ടു മെയ്ഡന്‍ എറിഞ്ഞു ബുംറ തുടക്കം ഗംഭീരമാക്കിയെങ്കിലും ഭുവനേശ്വറിന് നല്ല തുടക്കം ലഭിച്ചില്ല. കുശാല്‍ പെരേര അദ്ദേഹത്തെ ആക്രമിച്ചു കളിച്ചപ്പോള്‍ ബുമ്രയുടെ ആദ്യ മെയ്ഡന്‍ അവരെ ബാധിച്ചതേയില്ല. എന്നാല്‍ രണ്ടാം ഓവറില്‍ നായകനെ പുറത്താക്കി ബുംറ ആദ്യ വെടി പൊട്ടിച്ചു. പിന്നീട് അധികം റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനു മുന്‍പേ തന്നെ അപകടകാരിയായ കുശാല്‍ പെരേരയെയും ബുംറ മടക്കി. ഇതോടെ സമ്മര്‍ദ്ദത്തിലായ ലങ്കയ്ക്ക് കൂടുതല്‍ ആഘാതമേല്പിച്ചു കൊണ്ട് ഈ ലോകകപ്പിലെ അവരുടെ വിശ്വസ്തന്‍ ആവിഷ്‌കയെ പാണ്ട്യയും മെന്‍ഡിസിനെ ലോകകപ്പിലെ തന്റെ നാലാം പന്തില്‍ ജഡേജയും ഡ്രസിങ് റൂമിലെത്തിച്ചു.

അതോടെ ലങ്ക തകര്‍ന്നെന്ന് തോന്നിച്ചെങ്കിലും അവരുടെ പഴയ പടനായകന്‍ മാത്യൂസും തിരിമന്നെയും ചേര്‍ന്നു വിക്കറ്റ് നഷ്ടപ്പെടുത്താതെ സാവധാനം സ്‌കോര്‍ ഉയര്‍ത്തി. ഇതിനിടയില്‍ കുല്‍ദീപും പന്ത് കയ്യിലെടുത്തെങ്കിലും വലിയൊരു ചലനം ഉണ്ടാക്കാന്‍ അദ്ദേഹത്തിനായില്ല. പിന്നീട് പതുക്കെ പതുക്കെ റണ്‍ നിരക്ക് ഉയര്‍ത്താനും തുടങ്ങിയ അവരുടെ കൂട്ടുകെട്ട് ശതകവും പിന്നിട്ടിട്ടാണ് പിരിഞ്ഞത്. അര്‍ധശതകം തികച്ചയുടന്‍ തിരിമന്നെ മടങ്ങിയെങ്കിലും മാത്യൂസ് വിടാനുള്ള ഭാവമില്ലായിരുന്നു. പിന്നീടെത്തിയ ധനഞ്ജയയെയും കൂട്ടുപിടിച്ചു ലങ്കയെ മുന്നോട്ടു നയിച്ച മാത്യൂസ് സെഞ്ചുറിയും തികച്ചു.

ഒടുവില്‍ മാന്യമായ സ്‌കോറിലേക്ക് ടീമിനെ എത്തിച്ചതിനു ശേഷം മാത്രമാണ് അദ്ദേഹം മടങ്ങിയത്. ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ പതിവു പോലെ ബുംറ മികവു കാട്ടിയപ്പോള്‍ റണ്‍സ് വിട്ടു കൊടുക്കുന്നതില്‍ പിശുക്ക് കാണിക്കാതിരുന്ന ഭുവിയും കുല്‍ദീപും നിരാശപ്പെടുത്തി.

മറുപടി ബാറ്റിങിനിറങ്ങുമ്പോള്‍ ഓപ്പണിങ് കൂട്ടുകെട്ടില്‍ തന്നെയായിരുന്നു ഇന്ത്യയുടെ പ്രതീക്ഷയത്രയും. ധവാന്റെ അപ്രതീക്ഷിതമായ പിന്‍വാങ്ങല്‍ ബാധിക്കാത്ത വിധം ടീമിനെ മുന്നോട്ടു നയിച്ചു കൊണ്ടിരിക്കുന്ന രാഹുലും രോഹിതും ഇന്നലെയും താളം കണ്ടെത്തിയതോടെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായി. പൊതുവെ പതുക്കെ തുടങ്ങി പിന്നീട് കത്തിക്കയറുന്ന സ്വഭാവക്കാരായ ഇരുവരും പതിവിനു വിപരീതമായി ആദ്യം തൊട്ടേ ആക്രമിച്ചു കളിക്കാന്‍ തുനിയുന്നതാണ് കണ്ടത്. മലിംഗയും രജിതയും ഇരുവരുടെയും ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞപ്പോള്‍ ഇന്ത്യ പവര്‍പ്ലേയില്‍ കുതിച്ചു. രോഹിതായിരുന്നു കൂടുതല്‍ അപകടകാരി.

തന്റെ ക്ലാസ്സ് വിളിച്ചോതുന്ന ഡ്രൈവുകളിലൂടെയും ഫ്‌ലിക്കുകളിലൂടെയും തന്റെ മാസ്റ്റര്‍പീസ് ആയ പുള്‍ ഷോട്ടിലൂടെയും രോഹിത് ലങ്കയ്ക്ക് മേല്‍ ആധിപത്യം ഊട്ടിയുറപ്പിച്ചപ്പോള്‍ രാഹുലും മികച്ച രീതിയില്‍ തന്നെ കളിച്ചു മുന്നേറി. ഒരു വിക്കറ്റെടുക്കാനാകാതെ ഉഴറിയ ലങ്ക എല്ലാ ബൗളര്‍മാരെയും മാറ്റി മാറ്റി പരീക്ഷിച്ചെങ്കിലും ഫലം കണ്ടില്ല. അവസാനം ശതകം തികച്ചയുടന്‍ രോഹിത് പുറത്തായെങ്കിലും ഇന്ത്യയെ കരക്കടുപ്പിച്ചാണ് അദ്ദേഹം തിരിച്ചു കയറിയത്.

പിന്നാലെ രാഹുലും ലോകകപ്പിലെ തന്റെ ആദ്യ ശതകം പൂര്‍ത്തിയാക്കി. കളിയുടെ അവസാനത്തോടടുത്തപ്പോള്‍ രാഹുലും പിന്നീടെത്തിയ പന്തും ക്ഷണ നേരത്തില്‍ പുറത്തായെങ്കിലും കോഹ്ലിയും പാണ്ഡ്യയും ചേര്‍ന്നു കൂടുതല്‍ നഷ്ടമില്ലാതെ ഇന്ത്യയെ വിജയതീരത്തെത്തിച്ചു.

ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയയെ മുട്ടുകുത്തിക്കുക കൂടി ചെയ്തതോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചു. സെമിയിലെ എതിരാളികള്‍ ന്യൂസിലാന്‍ഡ് ആയിരിക്കുമെന്നതും തീര്‍ച്ചയായി.

താന്‍ ഇത്ര കാലം പുറത്തിരിക്കേണ്ടിയിരുന്ന ആളായിരുന്നില്ല എന്നു വിളിച്ചോതുന്ന പ്രകടനമായിരുന്നു ഇന്നലെ ജഡേജയുടേത്. ബുംറ കഴിഞ്ഞാല്‍ ഇന്നലെ ഇന്ത്യയുടെ മികച്ച ബൗളറായിരുന്ന ജഡേജ ഈ ലോകകപ്പില്‍ പതിവു മികവ് പുറത്തെടുക്കാത്ത കുല്‍ദീപിനു പകരം ആദ്യ ഇലവനില്‍ ഇറക്കേണ്ട കളിക്കാരന്‍ തന്നെയാണ്. ജഡേജക്ക് അത്യാവശ്യം ബാറ്റ് ചെയ്യാമെന്നത് വാലറ്റത്തിന്റെ ശക്തിയും വര്ധിപ്പിക്കുന്നുണ്ട്.

കൂടാതെ ഇന്നലെയും അഞ്ചു ബൗളര്‍മാരായി ഇറങ്ങിയ ഇന്ത്യ സെമിയില്‍ ഈ നയം സ്വീകരിക്കുന്നത് നല്ലതായി തോന്നുന്നില്ല. അതു കൊണ്ടു തന്നെ കാര്‍ത്തികിന് പകരം ജഡേജയെ തന്നെ ഇറക്കി ആറു ബൗളര്‍മാരുടെ ഒരു ആഡംബരത്തില്‍ തന്നെ ന്യൂസിലന്‍ഡിനെ നേരിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യക്ക് എന്തു കൊണ്ടും നല്ലത്. ദിനേശ് കാര്‍ത്തിക്ക് ഏകദിനത്തില്‍ വലിയ ഇന്നിംഗ്‌സ് കളിച്ചിട്ട് കാലം കുറെയായി എന്നതു കൊണ്ടു തന്നെ അവസാന ഓവറുകളില്‍ വമ്പനടിക്ക് പ്രതീക്ഷിച്ചാണ് അദ്ദേഹം ടീമില്‍ ഉള്‍പ്പെടുന്നത്.

അതു ജഡേജയെ കൊണ്ടും സാധിക്കുമെന്നത് കൊണ്ട് എന്തു കൊണ്ടും അന്തിമ ഇലവനില്‍ ഉണ്ടാകേണ്ടത് ജഡേജ തന്നെയാണ്. കുല്‍ദീപ് ഒട്ടും ഫോമല്ല എന്നതു കണക്കിലെടുത്തു ഭുവിയെയും ഷമിയെയും ഉള്‍പ്പെടുത്തി ടീം ഉണ്ടാക്കിയാല്‍ ഈ ടീം കിരീടം ഉയര്‍ത്താന്‍ സാധ്യതകളേറെയാണ്. മുന്‍നിര മിന്നും ഫോമിലാണെന്നത് ഇന്ത്യക്ക് ഇനി വരാനിരിക്കുന്ന അഗ്‌നിപരീക്ഷകള്‍ക്ക് മുതല്‍ക്കൂട്ടാണ്.

ഗൗതം വിഷ്ണു. എന്‍
എറണാകുളം ലോ കോളെജ് വിദ്യാര്‍ത്ഥിയാണ് ഗൗതം