കലാശപ്പോരില്‍ ഇന്ത്യ വീണു; ഓസ്‌ട്രേലിയയ്ക്ക് കൂറ്റന്‍ ജയം
2020 ICC Women's T20 World Cup
കലാശപ്പോരില്‍ ഇന്ത്യ വീണു; ഓസ്‌ട്രേലിയയ്ക്ക് കൂറ്റന്‍ ജയം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 8th March 2020, 4:19 pm

സിഡ്‌നി: ടോസ് മുതല്‍ പിഴയ്ക്കുകയായിരുന്നു ഹര്‍മന്‍ പ്രീത് കൗറിന്. ടൂര്‍ണ്ണമെന്റിലുടനീളം കാഴ്ചവെച്ച പോരാട്ടവീര്യം കലാശപ്പോരിനെത്തിയപ്പോള്‍ ടീം ഇന്ത്യ മറന്നുപോയി. ഫലം ക്രിക്കറ്റിന്റെ കുട്ടിപതിപ്പിലെ ആദ്യ കിരീടം എന്ന നേട്ടം വീണ്ടും സ്വപ്‌നം മാത്രമായി അവശേഷിച്ചു.

85 റണ്‍സിനാണ് ഇന്ത്യ ആതിഥേയരായ ഓസ്ട്രേലിയയോട് തോറ്റത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനറങ്ങിയ ഇന്ത്യ വെറും 99 റണ്‍സിന് പുറത്തായി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുന്‍ വര്‍ഷത്തെ ചാംപ്യന്മാരായ ഓസ്ട്രേലിയയെ ഗ്രൂപ്പ് തലത്തിലെ ആദ്യ മത്സരത്തില്‍ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലായിരുന്നു ഇന്ത്യ കളത്തിലിറങ്ങിയത്. പക്ഷെ ബൗളിങ്ങിലും ബാറ്റിങ്ങിലും പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെക്കാനായില്ല. 35 ബോളില്‍ 33 റണ്‍സ് നേടിയ ദീപ്തി ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ദീപ്തി രണ്ട് വിക്കറ്റും നേടിയിരുന്നു.

ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസീസിനായി ഓപ്പണര്‍മാരായ അലീസ ഹീലിയും ബെത് മൂണിയും സ്വപ്‌നതുല്യമായ തുടക്കമാണ് നല്‍കിയത്. വെടിക്കെട്ട് ബാറ്റിംഗുമായി ഹീലി കളം നിറഞ്ഞപ്പോള്‍ മൂണി മറുവശത്ത് നിലയുറപ്പിച്ചു. ഓവറില്‍ 10 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത് ആതിഥേയര്‍ ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 115 റണ്‍സാണ്. അതില്‍ 75 റണ്‍സും ഹീലിയായിരുന്നു നേടിയത്. 39 പന്തില്‍ ഏഴ് ഫോറും അഞ്ച് സിക്‌സുമാണ് ഹിലീ നേടിയത്. എന്നാല്‍ മൂണി പുറത്തയാതോടെ സ്‌കോറിംഗിന്റെ കടിഞ്ഞാണ്‍ മൂണി ഏറ്റെടുത്തു. ഒരു സിക്‌സ് പോലും നേടിയില്ലെങ്കിലും പത്ത് ഫോറുകളുടെ അകമ്പടിയോടെ ഹീലി നേടിയത് 54 പന്തില്‍ പുറത്താകാതെ 78 റണ്‍സാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ആദ്യ വിക്കറ്റിന് ശേഷം മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ ഓസീസിനായില്ല. മറുവശത്ത് കളിയിലേക്ക് തിരിച്ചുവന്ന ഇന്ത്യന്‍ ബൗളര്‍മാര്‍ റണ്‍റേറ്റ് കുറയ്ക്കുന്നതിലും വിക്കറ്റ് വീഴ്ത്തുന്നതിലും വിജയിച്ചു. നിശ്ചിത ഓവറില്‍ 184 റണ്‍സാണ് ഓസീസ് നേടിയത്.

കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍ ഓപ്പണര്‍ ഷഫാലിയിലായിരുന്നു. എന്നാല്‍ ഇന്നിംഗ്‌സിലെ മൂന്നാം പന്തില്‍ തന്നെ ഷഫാലിയുടെ വിക്കറ്റ് വീഴ്ത്തി മേഗന്‍ സ്‌കൂട്ട് വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചന നല്‍കി. പിന്നാലെ ബാറ്റ്‌സ് വുമണുകളെ ഘോഷയാത്രയായിരുന്നു പവലിയനിലേക്ക്. മന്ദാനയും ഹര്‍മനും റോഡിഗ്രസും പൊരുതാന്‍ പോലുമാകാതെ മടങ്ങി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ് വുമണ്‍ താനിയ ഭാട്യ പരിക്കേറ്റ് മടങ്ങിയതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.

മധ്യനിരയില്‍ 33 റണ്‍സെടുത്ത ദീപ്തി ശര്‍മ്മയുടെ പോരാട്ടമില്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ തോല്‍വി മൂന്നക്കത്തിനാകുമായിരുന്നു.

ഒറ്റക്കളിയും തോല്‍ക്കാതെയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഓസ്‌ട്രേലിയയാകട്ടെ ആദ്യ കളിയില്‍ തന്നെ ഇന്ത്യയോട് തോറ്റാണ് ടൂര്‍ണ്ണമെന്റ് ആരംഭിച്ചത്. ഓസ്‌ട്രേലിയയുടെ അഞ്ചാം കിരീടമാണിത്.

WATCH THIS VIDEO: