| Thursday, 30th October 2025, 7:48 am

മൂന്ന് വര്‍ഷം, മൂന്നാം ഫൈനല്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് ഹാട്രിക് ഫൈനലിന്

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഐ.സി.സി വനിതാ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി സൗത്ത് ആഫ്രിക്ക ഫൈനലിന് യോഗ്യത നേടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന ആദ്യ സെമി ഫൈനലില്‍ 125 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് പ്രോട്ടിയാസ് നേടിയത്.

സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 320 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 194ന് പുറത്തായി. ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെ സെഞ്ച്വറിയും ബൗളിങ്ങില്‍ മാരിസന്‍ കാപ്പിന്റെ ഫൈഫറുമാണ് സൗത്ത് ആഫ്രിക്കയ്ക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. ഇതാദ്യമായാണ് സൗത്ത് ആഫ്രിക്ക ഐ.സി.സി വനിതാ ഏകദിന ലോകകപ്പ് ഫൈനലിന് യോഗ്യത നേടുന്നത്.

തുടര്‍ച്ചയായ മൂന്നാം ഐ.സി.സി ഫൈനലിനാണ് സൗത്ത് ആഫ്രിക്ക കളത്തിലിറങ്ങുന്നത്. ഇതിന് മുമ്പ് രണ്ട് തവണ തുടര്‍ച്ചയായ ടി-20 ലോകകപ്പ് ഫൈനലുകളില്‍ സൗത്ത് ആഫ്രിക്ക പ്രവേശിച്ചിരുന്നു. എന്നാല്‍ ഈ രണ്ട് മത്സരത്തിലും ടീമിന് വിജയിക്കാന്‍ സാധിച്ചില്ല.

2023 ടി-20 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോടും 2024 ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനോടും സൗത്ത് ആഫ്രിക്ക പരാജയം രുചിച്ചു.

ഇപ്പോള്‍ തുടര്‍ച്ചയായ മൂന്നാം ഐ.സി.സി ടൂര്‍ണമെന്റ് ഫൈനലിന് യോഗ്യത നേടിയിരിക്കുകയാണ് സൗത്ത് ആഫ്രിക്കന്‍ വനിതാ ടീം.

കഴിഞ്ഞ മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് സൗത്ത് ആഫ്രിക്കയെ ബാറ്റിങ്ങിനയച്ചു. ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി തിളങ്ങിയ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡും ടാസ്മിന്‍ ബ്രിറ്റ്‌സും സ്‌കോറിങ്ങിന് അടിത്തറയൊരുക്കി. പിന്നാലെയെത്തിയവരില്‍ മാരിസാന്‍ കാപ്പും ക്ലോ ട്രയോണും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ സൗത്ത് ആഫ്രിക്ക മികച്ച നിലയിലെത്തി.

ലോറ 143 പന്ത് നേരിട്ട് 169 റണ്‍സ് നേടി. 20 ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ടാസ്മിന്‍ ബ്രിറ്റ്‌സ് 65 പന്തില്‍ 45 റണ്‍സും മാരിസാന്‍ കാപ്പ് 33 പന്തില്‍ 42 റണ്‍സും സ്വന്തമാക്കി. 26 പന്തില്‍ 33 റണ്‍സാണ് ട്രയോണ്‍ അടിച്ചെടുത്തത്.

ഇംഗ്ലണ്ടിനായി സോഫി എക്കല്‍സ്റ്റോണ്‍ നാല് വിക്കറ്റ് വീഴ്ത്തി. ലോറന്‍ ബെല്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ നാറ്റ് സിവര്‍ ബ്രണ്ട് ഒരു വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഏഴ് പന്തിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. മൂന്ന് താരങ്ങളും പൂജ്യത്തിനാണ് പുറത്തായത്. നാറ്റ് സിവര്‍ ബ്രണ്ടും (76 പന്തില്‍ 64), അലീസ് ക്യാപ്‌സിയും (71 പന്തില്‍ 50) എന്നിവര്‍ അര്‍ധ സെഞ്ച്വറിയുമായി പൊരുതിയെങ്കിലും വിജയലക്ഷ്യം ഏറെ അകലെയായിരുന്നു.

സൗത്ത് ആഫ്രിക്കയ്ക്കായി മാരിസന്‍ കാപ്പ് അഞ്ച് വിക്കറ്റ് വീഴ്ത്തി. നാദിന്‍ ഡി ക്ലാര്‍ക് രണ്ട് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ അയബോംഗ ഖാക, നോന്‍കുലുലേകോ എംലാബ, സ്യൂന്‍ ലസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

നവംബര്‍ രണ്ടിനാണ് പ്രോട്ടിയാസ് ഫൈനലിനിറങ്ങുന്നത്. ഇന്ന് നടക്കുന്ന ഇന്ത്യ – ഓസ്‌ട്രേലിയ മത്സരത്തിലെ വിജയികളാണ് എതിരാളികള്‍.

Content Highlight: ICC Women’s World Cup: South Africa to play 3rd consecutive ICC Finals

We use cookies to give you the best possible experience. Learn more